രക്തം പുരണ്ട ഷൂവിനൊപ്പം നൊമ്പരക്കുറിപ്പ് പങ്കുവച്ച് നടി മനീഷ കൊയ്‌രാള; നേപ്പാളിത് കറുത്തദിനം., ജെന്‍ സി പ്രക്ഷോഭത്തെ അടിച്ചമര്‍ത്തിയതിനു പിന്നാലെ പ്രതികരണം.

കാഠ്മണ്ഡു: നേപ്പാള്‍ രാജ്യത്തിന് ഇന്ന് കറുത്ത ദിനമെന്ന് കുറിച്ച് സോഷ്യല്‍മീഡിയ കുറിപ്പുമായി നടി മനീഷ കൊയ്‌രാള. നേപ്പാളില്‍ ജെന്‍ സി പ്രക്ഷോഭകരെ അടിച്ചമര്‍ത്തിയ ഭരണകൂട നടപടിക്കെതിരെയാണ് മനീഷയുടെ രൂക്ഷമായ പ്രതികരണം. നേപ്പാള്‍ സ്വദേശിനിയായ മനീഷ നേപ്പാളി ഭാഷയിലുള്ള കുറിപ്പിനൊപ്പം രക്തം പുരണ്ട ഒരു ഷൂവിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. അഴിമതിക്കെതിരായ രോഷത്തിനും നീതിക്കുവേണ്ടിയുള്ള ദാഹത്തിനും ജനശബ്ദത്തിനും വെടിയുണ്ടകള്‍ മറുപടി നല്‍കുമ്പോള്‍, ഇന്ന് നേപ്പാളിന് ഒരു കറുത്ത ദിനമെന്ന് മനീഷ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. തിങ്കളാഴ്ച കാഠ്മണ്ഡുവിലെ പാര്‍ലമെന്റിന് സമീപം നേപ്പാളി സുരക്ഷാ സേന പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് 20 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

അഴിമതിക്കും സോഷ്യല്‍ മീഡിയ നിരോധനത്തിനുമെതിരെ തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭകരെ ക്രൂരമായി അടിച്ചമര്‍ത്തിയതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം. പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിയുടെ സോഷ്യല്‍ മീഡിയ നിരോധനത്തിനെതിരെ നേപ്പാളില്‍ അതിശക്തമായ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. ആയിരക്കണക്കിന് ജെന്‍ സി പ്രക്ഷോഭകര്‍ പാര്‍ലമെന്റ് വളപ്പിലേക്ക് ഇരച്ചുകയറിയതോടെയാണ് സ്ഥിതിഗതികള്‍ വഷളായത്. സുരക്ഷാസേന ലാത്തി, കണ്ണീര്‍ വാതകം, റബ്ബര്‍ ബുള്ളറ്റുകള്‍ എന്നിവ പ്രയോഗിച്ചതോടെ സംഘര്‍ഷം രൂക്ഷമായി. പ്രക്ഷോഭം രാജ്യത്തുടനീളം വ്യാപിച്ചതോടെ നിരവധി നഗരങ്ങളില്‍ സൈന്യത്തെ വിന്യസിച്ചു.

ദില്‍ സെ, ബോംബെ, 1942: എ ലവ് സ്റ്റോറി തുടങ്ങിയ സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ പ്രശസ്തയായ നടിയാണ് മനീഷ കൊയ്രാള. അടുത്തിടെ സഞ്ജയ് ലീല ബന്‍സാലിയുടെ നെറ്റ്ഫ്ളിക്സ് പരമ്പരയായ ‘ഹീരാമണ്ഡി: ദി ഡയമണ്ട് ബസാറി’ലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു.

Scroll to Top