നാഥനില്ലാതെ നേപ്പാള്‍; നയിക്കാന്‍ ബാലേന്ദ്ര ഷാ വരണമെന്ന് ജെന്‍ സി; യുവതലമുറയുടെ സ്വന്തം ബലേന്‍ പ്രധാനമന്ത്രിയാകുമോ?

കാഠ്മണ്ഡു: നേപ്പാളില്‍ പ്രധാനമന്ത്രിയും മന്ത്രിമാരും പ്രസിഡണ്ടും അടക്കം രാജിവച്ചതിനു പിന്നാലെ നാഥനില്ലാത്ത അവസ്ഥയിലായ നേപ്പാളിനെ നയിക്കാന്‍ ബാലേന്ദ്ര ഷാ വരണമെന്ന ആവശ്യവുമായി പ്രക്ഷോഭകാരികളായ ജെന്‍ സി. കലാപത്തെ തുടര്‍ന്ന് നാഥനില്ലാക്കളരി പോലെ ആയ നേപ്പാളില്‍ പുതിയ സര്‍ക്കാര്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്നത് വരെ ഇടക്കാല സര്‍ക്കാര്‍ വന്നേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, രാജ്യത്ത് ഒരു സൈനിക അട്ടിമറി ഉണ്ടാകാതിരിക്കാന്‍ ബാലേന്ദ്ര ഷായെ ഇടക്കാല സര്‍ക്കാരിന്റെ തലവനായി നിയമിക്കണമെന്നാണ് പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത്. കാഠ്മണ്ഡു മേയറാണ് യുവാക്കളുടെ ഇഷ്ടനേതാവായ ബാലേന്ദ്ര ഷാ. ഇതിനായുള്ള പ്രചാരണവും ജെന്‍ സി പ്രക്ഷോഭകര്‍ ആരംഭിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് കെ.പി. ശര്‍മ ഒലി രാജിവെച്ചതിന് പിന്നാലെയാണ് ബാലേന്ദ്ര ഷായെ ഉയര്‍ത്തിക്കാട്ടി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ വന്നുതുടങ്ങിയത്. ഒലിയോട് രാജിവയ്ക്കാന്‍ പട്ടാള മേധാവി ആവശ്യപ്പെട്ടിരുന്നുവെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഇതിനിടെയാണ് ബലേന്ദ്ര ഷായെ ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണങ്ങള്‍ തുടങ്ങിയത്. സിവില്‍ എഞ്ചിനീയറും റാപ്പറുമായിരുന്ന ബാലേന്ദ്ര ഷാ, സ്വതന്ത്രനായി രാഷ്ട്രീയത്തില്‍ പ്രവേശിച്ച്, അഴിമതിക്കെതിരായ നിലപാടുകളിലൂടെയും യുവജനങ്ങളുടെ പിന്തുണയിലൂടെയുമാണ് നേപ്പാളില്‍ ശ്രദ്ധേയനായത്. യുവജനങ്ങളുടെ ഇടയില്‍ വലിയ സ്വാധീനമുള്ള, രാഷ്ട്രീയക്കാരനല്ലാത്ത നേതാവാണ് ബാലേന്ദ്ര ഷാ. സമൂഹമാധ്യമങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതിനും അഴിമതിക്കുമെതിരെ നിലവില്‍ നടക്കുന്ന യുവജന പ്രക്ഷോഭങ്ങള്‍ക്ക് ബാലേന്ദ്ര ഷാ ശക്തമായ പിന്തുണ നല്‍കിയിരുന്നു.

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി 2022-ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച്, പ്രബലരായ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുള്ള എതിരാളികളെ പരാജയപ്പെടുത്തി കാഠ്മണ്ഡു മേയര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചയാളാണ് ബാലേന്ദ്ര ഷാ. നഗരത്തിലെ തെരുവുകള്‍ വൃത്തിയാക്കുക, പൊതുവിദ്യാലയങ്ങള്‍ മെച്ചപ്പെടുത്തുക, നികുതി വെട്ടിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ പരിഷ്‌കാരങ്ങള്‍ക്ക് അദ്ദേഹം തുടക്കമിട്ടു. ഇതോടെ യുവാക്കള്‍ക്കിടയില്‍ വലിയ പിന്തുണയുമുണ്ടായി.

Scroll to Top