വീട് നിര്‍മാണത്തിന് 10 ചാക്ക് മണല്‍ കൊണ്ടുപോയി; യുവാവിനെ റോഡില്‍ കുനിച്ചു നിര്‍ത്തി മര്‍ദ്ദിച്ച് പൊലീസ്; സിസിടിവി ദൃശ്യം പുറത്ത്., അന്വേഷിച്ച് നടപടിയെന്ന് എസ്.പി

കാസര്‍ഗോഡ്: കാസര്‍ഗോഡ് കുമ്പളയില്‍ യുവാവിനെ റോഡില്‍ കുനിച്ചു നിര്‍ത്തി മര്‍ദ്ദിച്ച് പൊലീസ്. കുമ്പള ആരിക്കാടി സ്വദേശി മന്‍സൂറിനെയാണ് കുമ്പള സിഐ ജിജീഷ് മര്‍ദിച്ചത്. വീട്ടാവശ്യത്തിനായി 10 ചാക്ക് മണല്‍ കൊണ്ടുപോയതിനാണ് മന്‍സൂറിനെ പിടികൂടി മര്‍ദിച്ചതെന്നാണ് ആരോപണം. സ്റ്റേഷന്‍ ജാമ്യത്തില്‍ വിടാവുന്ന കേസായിട്ടു പോലും ജാമ്യമില്ലാ വകുപ്പ് ചുമത്തി മന്‍സൂറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. റിമാന്‍ഡിലായിരുന്ന മന്‍സൂര്‍ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. ഇക്കഴിഞ്ഞ 31 ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നതോടെ മര്‍ദ്ദനം വിവാദമായി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.

വീടു പണി നടക്കുകയാണെന്നും ഇതിനാവശ്യമായ മണലാണ് കൊണ്ടുപോയതെന്നും മന്‍സൂര്‍ പറഞ്ഞു. ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കാന്‍ ഭയമാണെന്നു മന്‍സൂര്‍ പറഞ്ഞു. അതേസമയം, സംഭവത്തെക്കുറിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വിജയഭാരത് റെഡ്ഡി പറഞ്ഞു.

Scroll to Top