
കാഠ്മണ്ഡു: പ്രധാനമന്ത്രി കെ.പി ശര്‍മ ഒലിയുടെ രാജിയും സര്‍ക്കാരിനെ പിരിച്ചു വിടണമെന്നും ആവശ്യപ്പെട്ടുള്ള ജെന്‍ സി പ്രക്ഷോഭത്തിനൊടുവില്‍ പ്രധാനമന്ത്രി രാജിവച്ചതിനു പിന്നാലെ നേപ്പാളില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. പ്രധാനമന്ത്രിക്കു പുറമേ ചില മന്ത്രിമാരും മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. നേപ്പാളി കോണ്‍ഗ്രസ് പ്രതിനിധിയായ ആഭ്യന്തരമന്ത്രി രമേശ് ലേഖക് നിലവിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. രമേശ് ലേഖക് തിങ്കളാഴ്ച തന്നെ തന്റെ രാജി പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി ഇന്ന് ഉച്ചയോടെയാണ് രാജിവച്ചത്. കൃഷിവകുപ്പ് മന്ത്രി രാംനാഥ് അധികാരി, ആരോഗ്യമന്ത്രി പ്രദീപ് പോഡല്‍ എന്നിവരും ചൊവ്വാഴ്ച രാജിവച്ചു. ഇത്തരം സാഹചര്യത്തില്‍ സര്‍ക്കാരിനൊപ്പം തുടരാനാകില്ലെന്ന് പ്രദീപ് പോഡല്‍ വ്യക്തമാക്കി.
യുവജനക്ഷേമ-കായിക വകുപ്പ് മന്ത്രി തേജു ലാല്‍ ചൗധരി, ജലവിഭവമന്ത്രി പ്രദീപ് യാദവ് എന്നിവരും ചൊവ്വാഴ്ച രാജി പ്രഖ്യാപിച്ചു. യുവജന ക്ഷേമ മന്ത്രി എന്ന നിലയില്‍ യുവാക്കളുടെ വികാരം മനസ്സിലാകുന്നുണ്ടെന്നും എന്നാല്‍, അവഗണിക്കാന്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദമുണ്ടായിരുന്നെന്നും തേജ്‌ലാല്‍ ചൗധരി പറഞ്ഞു. അസിം ഷാ എംഎല്‍എ സ്ഥാനവും രാജിവച്ചു. നേപ്പാളി കോണ്‍ഗ്രസ് നേതാവ് ശേഖര്‍ കൊയ്‌രാള തന്റെ പാര്‍ട്ടിയുടെ മന്ത്രിമാരോട് രാജിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി സമൂഹമാധ്യമങ്ങള്‍ക്കുള്ള നിരോധനം നീക്കിയെങ്കിലും ചൊവ്വാഴ്ച രാവിലെ മുതല്‍ കാഠ്മണ്ഡു ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കാഠ്മണ്ഡു, ലളിത്പൂര്‍, ഭക്താപൂര്‍ എന്നീ ജില്ലകളിലായിരുന്നു മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നേപ്പാളിലെ മുന്‍ പ്രധാനമന്ത്രിമാരായ പുഷ്പ കമാല്‍ ദഹല്‍, ഷേര്‍ ബഹദൂര്‍ ദ്യൂബ എന്നിവരുടെ വീടുകള്‍ സമരക്കാര്‍ തകര്‍ത്തു.
പാര്‍ലമെന്റ് മന്ദിരത്തിനും പ്രസിഡന്റ് രാംചന്ദ്ര പൗഡേലിന്റെയും പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലിയുടെയും ചില മന്ത്രിമാരുടെയും സ്വകാര്യ വസതികള്‍ക്കും തീയിട്ട പ്രക്ഷോഭകാരികള്‍, നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റും മുന്‍ പ്രധാനമന്ത്രിയുമായ ഷേര്‍ ബഹാദൂര്‍ ദുബെ, നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ പുഷ്പ കമാല്‍ ദഹല്‍ (പ്രചണ്ഡ) എന്നിവരടക്കമുള്ള നേതാക്കളുടെ വീടുകളും ആക്രമിച്ചു. ദുബെയ്ക്കും ഭാര്യയ്ക്കും മര്‍ദനമേറ്റതായും റിപ്പോര്‍ട്ടുണ്ട്.



