
റായ്ബറേലി: റായ്ബറേലിയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി സന്ദര്‍ശനം നടത്തുന്നതിനിടെ പ്രതിഷേധവുമായി ബിജെപി. രാഹുല്‍ഗാന്ധിയുടെ വാഹനം തടഞ്ഞു കൊണ്ടായിരുന്നു പ്രതിഷേധം. രാഹുലിന്റെ വാഹനം കടന്നു പോകുന്ന റോഡില്‍ ബി.ജെ.പി പതാകയുമായി നിന്ന് പ്രവര്‍ത്തകര്‍ രാഹുലിനും കോണ്‍ഗ്രസിനും എതിരെ മുദ്രാവാക്യം വിളിച്ചു. റോഡ് ഉപരോധിക്കാന്‍ ശ്രമിച്ച ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. വോട്ടര്‍ അധികാര്‍ യാത്രക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവിനെ പാര്‍ട്ടി പ്രവര്ത്തകന് അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് ബിജെപിയുടെ പ്രതിഷേധം.
അതേസമയം, ‘വോട്ട് ചോര്‍ ഗദ്ദി ചോര്‍’ എന്ന മുദ്രാവാക്യം രാജ്യത്തെമ്പാടും വ്യാപിപ്പിക്കാന്‍ സാധിച്ചെന്നും ഇനിയും ഇക്കാര്യം കൂടുതലായി തെളിയിക്കുമെന്നും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് വ്യക്തമാക്കി. വോട്ട് കൊള്ളക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്‍ഡ്യ മുന്നണി ബിഹാറില്‍ നടത്തിയ വോട്ടര്‍ അധികാര്‍ യാത്രക്കിടെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നുള്ള ഒരാളാണ് മോദിയുടെ മാതാവിനെതിരെ മോശം പരാമര്‍ശം നടത്തിയത്. പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, പരാമര്‍ശത്തോട് പ്രതികരിച്ച കോണ്‍ഗ്രസ് രാഹുലിനും മാതാവ് സോണിയ ഗാന്ധിക്കും എതിരെ ബി.ജെ.പി നേതാക്കള്‍ മോശം പരാമര്‍ശം നടത്തിയിരുന്നു.



