
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ സമുദ്രോത്പന്ന കയറ്റുമതി കമ്പനികള്‍ക്ക് കൂടി യൂറോപ്പിലേക്ക് പച്ചക്കൊടി. 102 കമ്പനികളെ കൂടി സമുദ്രോല്പന്ന കയറ്റുമതിയുടെ പട്ടികയില്‍ യൂറോപ്യന്‍ യൂണിയന് ഉള്‍പ്പെടുത്തി. ഇതോടെ, യൂറോപ്യന്‍ യൂണിയനിലേക്ക് കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള ആകെ കമ്പനികളുടെ എണ്ണം 604 ആയി. 2023-24ല്‍ 110 കോടി ഡോളറിന്റെ സമുദ്രോല്പന്ന കയറ്റുമതിയാണ് ഇന്ത്യ യൂറോപ്യന്‍ യൂണിയനിലേക്ക് നടത്തിയത്. കൂടുതല്‍ കമ്പനികള്‍ക്ക് അനുമതി ലഭിക്കുന്നതോടെ നടപ്പുവര്‍ഷത്തെ കയറ്റുമതിയില്‍ 20 ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ അമേരിക്കയുടെ തീരുവ ഭീഷണിയെ ഒരു പരിധി വരെ മറികടക്കാനാകുമെന്ന് ഇന്ത്യ കണക്കു കൂട്ടുന്നു.
റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ 100% തീരുവ ചുമത്തണമെന്ന യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ ആഹ്വാനത്തിനിടയിലാണ് ഇന്ത്യയ്ക്ക് യൂറോപ്പില്‍ നിന്ന് ശുഭവാര്‍ത്ത എത്തുന്നത്. വിപണി വൈവിധ്യ വത്കരണത്തിനായി കേന്ദ്ര വാണിജ്യ മന്ത്രാലയവും സീഫുഡ് അസോസിയേഷനുകളും സമയോചിതമായി നടത്തിയ ചര്‍ച്ചയാണ് പുതിയ നൂറിലധികം കമ്പനികള്‍ക്ക് കൂടി കയറ്റുമതി അനുമതി ലഭിച്ചതിനു പിന്നില്‍. നേരത്തേ നിരവധി ഇന്ത്യന്‍ കമ്പനികളെ കയറ്റുമതി പട്ടികയില്‍നിന്ന് യൂറോപ്യന്‍ യൂണിയന് ഒഴിവാക്കിയിരുന്നു. പുതിയ കമ്പനികള്‍ക്ക് അനുമതി നല്കിയിരുന്നുമില്ല.
ഇന്ത്യയുടെ ഏറ്റവും വലിയ സമുദ്രോല്പന്ന വിപണിയായ അമേരിക്കയിലേക്കുള്ള കയറ്റുമതി ട്രംപ് 50% ഇറക്കുമതി തീരുവ പ്രഖ്യാപിച്ചതോടെ ഏറക്കുറെ നിലച്ചമട്ടാണ്. നിലവില്‍ ട്രംപിന്റെ തീരുവ മൂലം സമുദ്രോല്പന്ന കയറ്റുമതി മേഖല തൊഴില്‍, വരുമാന നഷ്ടങ്ങളും അഭിമുഖീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിപണി വൈവിധ്യവല്‍ക്കരണം ലക്ഷ്യമിട്ട് വാണിജ്യ മന്ത്രാലയവും സീഫുഡ് രംഗത്തെ അസോസിയേഷനുകളും ചര്‍ച്ചകളിലേക്ക് കടന്നത്.



