നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭത്തിനിടെ കൂട്ട ജയില്‍ചാട്ടം; 1500ലേറെ തടവുകാര്‍ ജയില്‍ ചാടിയതായി റിപ്പോര്‍ട്ട്., ജയിലിന് തീയിട്ട് പ്രക്ഷോഭകര്‍ തടവുകാരെ മോചിപ്പിച്ചെന്ന് പൊലീസ്.

കാഠ്മണ്ഡു: നേപ്പാളില്‍ നടക്കുന്ന ജെന്‍ സി പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാര്‍ ജയില്‍ ആക്രമിച്ച് തടവുകാരെ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. നേപ്പാളിലെ വിവിധ ജയിലുകളില്‍ നിന്നായി 1500 ല്‍ അധികം തടവുകാര്‍ ജയില്‍ ചാടിയതായാണ് റിപ്പോര്‍ട്ട്. മഹോട്ടാരിയിലെ ജലേശ്വര്‍ ജയിലില്‍ നിന്ന് പ്രതിഷേധക്കാരും തടവുകാരും ഒരുമിച്ചു ജയിലിന്റെ മതില്‍ തകര്‍ത്തതിനെ തുടര്‍ന്ന് 572 തടവുകാര്‍ രക്ഷപ്പെട്ടതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഞ്ഞൂറിലധികം വരുന്ന പ്രക്ഷോഭകരാണ് ജയിലിലേക്ക് അതിക്രമിച്ചു കയറിയതെന്ന് പൊലീസ് പറഞ്ഞു. ആയുധങ്ങളുമായാണ് പ്രതിഷേധക്കാര്‍ എത്തിയതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കഠ്മണ്ഡുവിലെ ബിര്‍ഗുഞ്ച് ജയിലിലും സര്‍ലാഹി ജില്ലയിലെ മലങ്വ ജയിലിലും ചൊവ്വാഴ്ചയും ബുധനാഴ്ച പുലര്‍ച്ചെയും പ്രതിഷേധക്കാര്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമം നടത്തി. ബിര്‍ഗുഞ്ച് ജയിലിന്റെ സുരക്ഷ സൈന്യം ഏറ്റെടുത്തതായി റിപ്പോര്‍ട്ടുണ്ട്. പൊലീസുമായുള്ള രൂക്ഷമായ ഏറ്റുമുട്ടലില്‍ പ്രതിഷേധക്കാര്‍ മലങ്വ ജയില്‍ കത്തിച്ചുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍മന്ത്രി സഞ്ജയ് കുമാര്‍ സാഹ്, രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി പ്രസിഡന്റ് റാബി ലാമിച്ഛാനെ തുടങ്ങിയവരും ജയില്‍ ചാടിയവരുടെ കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്,. ബോംബ് സ്‌ഫോടനക്കേസില്‍ കഴിഞ്ഞ 13 വര്‍ഷമായി തടവുശിക്ഷ അനുഭവിക്കുകയാണ് സഞ്ജയ് കുമാര്‍ സാഹ്. റേഡിയോ ടുഡേ ഉടമയായ അരുണ്‍ സിംഘാനിയയെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. സഹകരണ ഫണ്ട് തട്ടിപ്പ് കേസിലാണ് റാബി ലാമിച്ഛ അറസ്റ്റിലായത്.

സമൂഹമാധ്യമ വിലക്കിനെതിരെ തെരുവിലിറങ്ങിയ ജെന്‍ സി പ്രക്ഷോഭകര്‍ പ്രതിഷേധത്തിനിടെ നേപ്പാള്‍ പാര്‍ലമെന്റ് മന്ദിരവും സുപ്രീം കോടതിയും അഗ്നിക്കിരയാക്കിയിരുന്നു. ലളിത്പുരിലെ നാഖു ജയിലില്‍ എത്തിയ പ്രക്ഷോഭകാരികള്‍ ജയിലിനുള്ളില്‍ ആക്രമണം നടത്തിയെന്നും പിന്നാലെ സെല്ലുകള്‍ തകര്‍ത്ത് തടവുകാരെ പുറത്തുവിടുകയായിരുന്നെന്നും പറയപ്പെടുന്നു. 2008ല്‍ രാജവാഴ്ച അവസാനിപ്പിക്കാനായി നടന്ന പ്രക്ഷോഭത്തിനുശേഷം നേപ്പാള്‍ കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമാണ് ജെന്‍ സി പ്രക്ഷോഭം.

Scroll to Top