മുന്‍ ഉപരാഷ്ട്രപതിയെ കേന്ദ്രസര്‍ക്കാര്‍ ഇംപീച്ച് ചെയ്യാന്‍ ഒരുങ്ങി; ജഗ്ദീപ് ധന്‍കറിന്റെ രാജിയില്‍ വെളിപ്പെടുത്തലുമായി ആര്‍എസ്എസ് നേതാവ്.

ചെന്നൈ: മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവയ്ക്കാനിടയായ സാഹചര്യത്തെ കുറിച്ച് വെളിപ്പെടുത്തലുമായി ആര്‍എസ്എസ് നേതാവ് എസ്.ഗുരുമൂര്‍ത്തി. ധന്‍കറിനെ ഇംപീച്ച് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങിയതോടെയാണ് അദ്ദേഹംസ രാജിക്ക് തയ്യാറായതെന്ന് ഗുരുമൂര്‍ത്തി വെളിപ്പെടുത്തി. അനാരോഗ്യം കാരണം രാജിവയ്ക്കുന്നു എന്നാണ് ജഗ്ദീപ് ധന്‍കര്‍ രാജിക്ക് കാരണമായി പറഞ്ഞിരുന്നത്. എന്നാല്‍, അനാരോഗ്യമല്ലെന്നും കേന്ദ്രസര്‍ക്കാരുമായുള്ള അഭിപ്രായ ഭിന്നതയാണ് കാരണമെന്ന തരത്തില്‍ നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഗുരുമൂര്‍ത്തിയുടെ പുതിയ വെളിപ്പെടുത്തല്‍.

ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഡല്‍ഹിയിലെ വസതിയില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ വര്‍മക്കെതിരായ ഇംപീച്ച്‌മെന്റ് നടപടിയില്‍ കേന്ദ്ര സര്‍ക്കാരും ധന്‍കറും രണ്ട് ധ്രുവങ്ങളിലായതാണ് രാജിയിലേയ്ക്ക് നയിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് മുന്‍കൈ എടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധന്‍കറിനെ അറിയിച്ചിരുന്നു. ഇതിനിടെ ഇംപീച്ച്‌മെന്റുമായി ബന്ധപ്പെട്ട് പ്രതിപക്ഷം മുന്നോട്ടുവെച്ച പ്രമേയം ധന്‍കര്‍ സ്വീകരിക്കുകയായിരുന്നു. ഇത് കേന്ദ്രസര്‍ക്കാരില്‍ വലിയ അതൃപ്തിയുണ്ടാക്കിയെന്നും, അവ മൂര്‍ച്ഛിച്ചതോടെ ധന്‍കര്‍ പൊടുന്നനെ രാജി പ്രഖ്യാപിച്ചുവെന്നുമായിരുന്നു ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

സ്വന്തം നിലയില്‍ പ്രമേയം സ്വീകരിക്കരുത് എന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിരവധി തവണ ജഗ്ദീപ് ധന്‍കറിനെ കണ്ടിരുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായിത്തന്നെ, ഇരുസഭകളിലും ഇത്തരത്തിലൊരു പ്രമേയം കേന്ദ്രസര്‍ക്കാര്‍ തന്നെ അവതരിപ്പിക്കുമെന്നും ധന്‍കറിനെ അറിയിച്ചിരുന്നു. എന്നാല്‍ ഇവയ്ക്ക് വില കൊടുക്കാതെ പ്രതിപക്ഷ എംപിമാരുടെ പ്രമേയത്തിന് ധന്‍കര്‍ പ്രാധാന്യം നല്‍കിയതാണ് ഇരുകൂട്ടരും തമ്മിലുള്ള ബന്ധം വഷളാക്കിയതെന്നായിരുന്നു വിവരം. ഇത് ശരിവയ്ക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. ഇതിന് പുറമെ ചെറിയ പിണക്കങ്ങളും രാജിക്ക് കാരണമായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായ ജൂലൈ 21നായിരുന്നു ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധന്‍കര്‍ അപ്രതീക്ഷിതമായി രാജിവച്ചത്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു രാജി.

 

Scroll to Top