
പാലക്കാട്: പാലക്കാട് പുതുപ്പരിയാരത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാട്ടുമന്ത ചോളോട് സ്വദേശിനി മീരയാണ് മരിച്ചത്. ചൊവ്വാഴ്ച ഭര്‍ത്താവ് അനൂപുമായി പിണങ്ങിയ മീര സ്വന്തം വീട്ടിലേക്ക് തിരികെ പോന്നിരുന്നു. എന്നാല്‍, രാത്രിയോടെ അനൂപ് വീട്ടിലെത്തി മീരയെ കൂട്ടിക്കൊണ്ടു പോയി. ഇതിനു പിന്നാലെയാണ് മീരയെ അനൂപിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍, മീര ആത്മഹത്യ ചെയ്തതല്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു.
മീരയുടെ രണ്ടാം വിവാഹമാണ് അനൂപുമായി. അനൂപും മീരയും തമ്മില്‍ നിരന്തരം വഴക്കുകള്‍ ഉണ്ടായിരുന്നെന്നും അനൂപ് മീരയെ മര്‍ദിച്ചിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം അനൂപുമായി പ്രശ്നമുണ്ടായതിനെ തുടര്‍ന്ന് സ്വന്തം വീട്ടിലെത്തിയ യുവതിയെ അന്നുതന്നെ തിരികെ വിളിച്ചു കൊണ്ടുപോവുകയായിരുന്നു. പിറ്റേന്ന് രാവിലെ ഹേമാംബിക നഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് മീര ആത്മഹത്യ ചെയ്തുവെന്ന് വിളിച്ച് പറയുന്നത്. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് ബന്ധുക്കള്‍ എത്തി. അപ്പോഴേക്കും മീരയുടെ മരണം സ്ഥിരീകരിച്ചിരുന്നു.
നേരത്തെയും പ്രശ്നങ്ങളുണ്ടായപ്പോള്‍ പിടിച്ചുനിന്ന മീര ഒരിക്കലും ജീവനൊടുക്കില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് കുടുംബം ആരോപിക്കുന്നത്. മീരയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അനൂപിനെതിരെ മീരയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.



