ദളിത് യുവതിയെ മാല മോഷണക്കേസില്‍ കുടുക്കിയത് പൊലീസിന്റെ തിരക്കഥ; കള്ള മൊഴി കൊടുക്കാന്‍ പൊലീസ് നിര്‍ബന്ധിച്ചു; പൊലീസ് ഉദ്യോഗസ്ഥരെ കുരുക്കി അന്വേഷണ റിപ്പോര്‍ട്ട്.

തിരുവനന്തപുരം: തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ജോലി ചെയ്തിരുന്ന വീട്ടിലെ ഗൃഹനാഥയുടെ മാല കാണാതെ പോയെന്ന പരാതിയില്‍ വീട്ടുജോലിക്കാരിയായ ദളിത് യുവതിയെ കള്ളക്കേസില്‍ കുടുക്കിയത് പൊലീസിന്റെ തിരക്കഥയാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പരാതിക്കാരിയായ ഗൃഹനാഥയില്‍ നിന്ന് കള്ളമൊഴി ഒപ്പിട്ട് വാങ്ങിയെന്നും മാല കിട്ടിയെന്ന് തെൡഞ്ഞാല്‍ അത് തന്റെ സല്‍പേരിനെ ബാധിക്കുമെന്ന് പറഞ്ഞ് എസ്‌ഐയും പൊലീസുകാരും ചേര്‍ന്ന് കള്ളപ്പരാതി തയ്യാറാക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. പേരൂര്‍ക്കട സ്റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും എതിരെ നടപടി വേണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശപ്രകാരം പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരന്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരമായ ആരോപണമുള്ളത്.

പേരൂര്‍ക്കട എസ്‌ഐ പ്രസാദിന്റെ ആവശ്യ പ്രകാരമാണ് പരാതിക്കാരിയും വീട്ടുടമസ്ഥയുമായ പേരൂര്‍ക്കട എന്‍സിസി നഗര്‍ ബഥേല്‍ വീട്ടില്‍ ഓമന ഡാനിയല്‍ മാല കിട്ടിയത് ചവറ്റുകൂനയില്‍ നിന്നാണെന്ന് മൊഴി നല്‍കിയത്. ബിന്ദുവിനെ കസ്റ്റഡിയിലെടുത്തതിന്റെ പിറ്റേ ദിവസം തന്നെ മകള്‍ക്കൊപ്പം സ്റ്റേഷനിലെത്തി സ്വര്‍ണമാല സോഫയ്ക്കടിയില്‍ നിന്നു കിട്ടിയെന്ന് ഓമന പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ ബിന്ദുവിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തുവെന്നും മാല സോഫയ്ക്കടിയില്‍നിന്നു കിട്ടിയ വിവരം പുറത്തറിഞ്ഞാല്‍ അത് തന്നെ ബാധിക്കുമെന്നും എസ്ഐ ഓമനയോടു പറഞ്ഞു. മാല വീടിനു പിന്നിലെ ചവറ്റു കൂനയില്‍ നിന്നാണ് കിട്ടിയതെന്നു പറഞ്ഞാല്‍ മതിയെന്നും എസ്ഐ, ഓമനയോടു പറഞ്ഞു. ഓമനയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വീട്ടിലെ ജോലിക്കാരിയായ ആര്‍.ബിന്ദുവിനെ കസ്റ്റഡിയില്‍ എടുത്ത് വെള്ളം പോലും നല്‍കാതെ രാത്രി മുഴുവന്‍ സ്റ്റേഷനില്‍ ഇരുത്തി മാനസികമായി പൊലീസ് പീഡിപ്പിച്ചിരുന്നു. ഈ കസ്റ്റഡിയെ ന്യായീകരിക്കാനാണ് പൊലീസ് കള്ള മൊഴിയും തിരക്കഥയും തയ്യാറാക്കിയത്.

സ്റ്റേഷനിലുണ്ടായിരുന്ന ഗ്രേഡ് എസ്ഐ എഡ്വിന്‍ അത്തരത്തില്‍ മൊഴി എഴുതി പരാതിക്കാരിയെക്കൊണ്ട് ഒപ്പിട്ടു വാങ്ങുകയായിരുന്നു. ഇതിനു ശേഷമാണ് ബിന്ദുവിനെ കേസില്ലെന്നു പറഞ്ഞ് സ്റ്റേഷനില്‍നിന്നു വിട്ടയച്ചതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും തെളിവായി ഹാജരാക്കിയിട്ടുണ്ട്. മാല സോഫയ്ക്കടിയില്‍നിന്നാണ് കിട്ടിയതെന്ന് അറിഞ്ഞാല്‍ കുടുങ്ങുമെന്ന് തിരിച്ചറിഞ്ഞ് സ്റ്റേഷനിലുണ്ടായിരുന്ന എസ്ഐയും പോലീസുകാരും ഗൂഢാലോചന നടത്തിയാണ് തിരക്കഥ തയാറാക്കിയതെന്നും എല്ലാ ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി വേണമെന്നും പ്രത്യേക സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തില്‍ എസ്ഐ പ്രസാദ് ബാബുവിനെയും എഎസ്ഐ പ്രസന്ന കുമാറിനെയും സസ്പെന്‍ഡ് ചെയ്യുകയും ശിവകുമാറിനെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. അപമാനിച്ച പൊലീസുകാര്‍ക്കും ഓമന, മകള്‍ എന്നിവര്‍ക്കുമെതിരെ ബിന്ദു നല്‍കിയ കേസില്‍ 12ന് നെടുമങ്ങാട് കോടതി വാദം കേള്‍ക്കും. പട്ടികജാതി, വര്‍ഗ കമ്മിഷന്റെ നിര്‍ദേശപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

 

 

Scroll to Top