സര്‍ക്കാരിന്റെ ന്യൂനപക്ഷ സംഗമത്തില്‍ ആശങ്കയുമായി സമസ്ത; മതേതര സര്‍ക്കാര്‍ മതം തിരിച്ച് സംഗമം നടത്തുന്നത് എന്തിനെന്ന് അബ്ദുസ്സമദ് പൂക്കോട്ടൂര്‍., ഉദ്ദേശ്യശുദ്ദി വ്യക്തമായ ശേഷം കൂടുതല്‍ പ്രതികരണം.

മലപ്പുറം: സര്‍ക്കാര്‍ നടത്തുന്ന ന്യൂനപക്ഷ സംഗമത്തില്‍ ആശങ്കയുണ്ടെന്ന് വ്യക്തമാക്കി സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍. മതേതര സര്‍ക്കാരെന്ന് അവകാശപ്പെടുന്ന ഇടത് സര്‍ക്കാര്‍ ഇത്തരം സംഗമങ്ങള്‍ നടത്തുന്നതാണ് ആശങ്കയുണ്ടാക്കുന്നത്. മതേതര സര്‍ക്കാര്‍ മതം തിരിച്ച് ചേരിതിരിച്ച് സംഗമം നടത്തേണ്ടതുണ്ടോ എന്ന് ചോദിച്ച അദ്ദേഹം ന്യൂനപക്ഷ സംഗമത്തെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധി വ്യക്തമായ ശേഷം കൂടുതല്‍ വിശദമായി പ്രതികരിക്കാമെന്നും വ്യക്തമാക്കി.

കഴിഞ്ഞ കുറേ കാലങ്ങളായി മുസ്ലിം സമുദായത്തിന് വലിയ നഷ്ടമുണ്ടായിട്ടുണ്ട്,. ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ച് മുസ്ലിങ്ങള്‍ വലിയ തോതില്‍ ആനുകൂല്യം നേടുന്നുവെന്ന പ്രചാരണമുണ്ടായി. ഇത് ന്യൂനപക്ഷ-ഭൂരിപക്ഷങ്ങള്‍ തമ്മില്‍ അകലം ഉണ്ടാക്കി. മുസ്ലിം വിഭാഗത്തിന് നഷ്ടപെട്ട ആനുകൂല്യം തിരിച്ചു നല്‍കാന്‍ കഴിഞ്ഞാല്‍ ന്യൂനപക്ഷ സംഗമം വിജയമായിരിക്കുമെന്നും അല്ലങ്കില്‍ പ്രഹസനമാകുമെന്നും അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. പൊലീസ് അക്രമ വാര്‍ത്തകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണോ ന്യൂനപക്ഷ സംഗമമെന്നും അദ്ദേഹം ചോദിച്ചു.

ഈമാസം നടക്കാനിരിക്കുന്ന അയ്യപ്പ സംഗമത്തിനു പിന്നാലെ കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളെ കൂടി സംഘടിപ്പിച്ച് ന്യൂനപക്ഷ സംഗമം നടത്താന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. ബുദ്ധ, ജൈന വിഭാഗങ്ങളെ അടക്കം സംഗമത്തിന് എത്തിക്കും. ഒക്ടോബര്‍ മാസത്തില്‍ കൊച്ചിയിലോ കോഴിക്കോടോ ആയിരിക്കും സംഗമം നടത്തുക എന്നാണ് അറിയുന്നത്. അയ്യപ്പ സംഗമത്തെ കുറിച്ച് ഉയരുന്ന ഭൂരിപക്ഷ പ്രീണനമെന്ന വിമര്‍ശനത്തെ മറികടക്കാനാണ് സംഗമം എന്നാണ് പൊതുവേ പറയപ്പെടുന്നത്.

 

Scroll to Top