
കൊച്ചി: കെഎസ്.യു പ്രവര്‍ത്തകരെ തലയില്‍ മുണ്ടിട്ട് കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. തോന്ന്യാസവും അസംബന്ധവുമാണ് പൊലീസ് കാണിക്കുന്നത്. ഞങ്ങള്‍ ഇതെല്ലാം ഓര്‍ത്തുവയ്ക്കുമെന്നും ചെവിക്ക് നുള്ളിക്കോളൂ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വൃത്തികേടു കാണിക്കുന്ന ഒരുത്തനും കാക്കിയിട്ടു നടക്കില്ലെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്കി. തലയില്‍ തുണിയും കയ്യാമവും വച്ച് ഹാജരാക്കാന്‍ കെഎസ്.യു പ്രവര്‍ത്തകര്‍ തീവ്രവാദികളോ കൊടുംകുറ്റവാളികളോ ആണോ എന്നും അദ്ദേഹം ചോദിച്ചു.
എവിടേക്കാണ് കേരളത്തിലെ പൊലീസ് പോകുന്നത്? രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്നവര്‍ പൊലീസ് സേനയിലുണ്ട്. വൃത്തികേടുകള്‍ക്കും അഴിമതിക്കും അവര്‍ കൂട്ടുനില്‍ക്കും. ഞങ്ങളുടെ കുഞ്ഞുങ്ങളെ തലയില്‍ കറുത്ത തുണിയുമിട്ട് കയ്യാമവും വച്ച് തീവ്രവാദികളെപ്പോലെ കോടതിയില്‍ കൊണ്ടുവന്നതിന് മറുപടി പറയിക്കുമെന്നും വി.ഡി സതീശന് വ്യക്തമാക്കി.
രൂക്ഷപ്രതികരണമാണ് വിഷയത്തില്‍ രമേശ് ചെന്നിത്തലയും നടത്തിയത്. പിണറായി വിജയന് ഭരണത്തില്‍ കേരളത്തിലെ പൊലീസ് ഏറ്റവും ജനവിരുദ്ധ പൊലീസായി മാറിക്കഴിഞ്ഞു. ആ വിദ്യാര്‍ഥികളെന്താ കൊള്ളക്കാരാണോ? അവര്‍ എന്തു തെറ്റു ചെയ്തു? അവരെ മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ കൊണ്ടു പോവുക. ഇതെന്താ വെള്ളരിക്കാ പട്ടണമാണോ? എന്താണ് ഇവിടെ നടക്കുന്നത്? പൊലീസിന് എന്തും ചെയ്യാമെന്ന നിലയിേേലക്ക് കാര്യങ്ങള്‍ പോവുകയാണെന്നും ചെന്നിത്തല പറഞ്ഞു. വടക്കാഞ്ചേരിയില്‍ കെഎസ്യു പ്രവര്‍ത്തകരെ തലയില്‍ തുണിയിട്ട് കോടതിയില്‍ ഹാജരാക്കിയ പൊലീസ് നടപടിയെ കോടതിയും വിമര്‍ശിച്ചിരുന്നു.



