എസ്‌ഐആര്‍ കേരളത്തിലേക്ക്; എന്താണ് സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; എങ്ങനെയാണ് എസ്‌ഐആര്‍ നടപടികള്‍.?

രണ്ടരപ്പതിറ്റാണ്ടിനു ശേഷം കേരളം വീണ്ടും ഒരു സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലേക്ക് നീങ്ങുകയാണ്. ബിഹാറില്‍ നടന്ന എസ്.ഐആറുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം നമ്മള്‍ കണ്ടതാണ്. ബിഹാറില്‍ 60 ലക്ഷത്തിലധികം വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്നും പലരെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മനപ്പൂര്‍വം ഒഴിവാക്കുകയായിരുന്നു എന്നതടക്കമുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. അടുത്ത എസ്‌ഐആര്‍ പരിഷ്‌കരണം കേരളത്തിലായിരിക്കുമെന്ന് കേരളത്തിന്റെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ യു കേല്‍ക്കര്‍ വ്യക്തമാക്കുകയും ചെയ്ത സാഹചര്യത്തില്‍ എന്താണ് എസ്‌ഐആര്‍ എന്നും അതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ത് എന്നും കേരളത്തിലെ ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കേരളത്തിലെ എസ്‌ഐആര്‍ സംബന്ധിച്ച ക്രമീകരണങ്ങള്‍ കഴിഞ്ഞസ ദിവസം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവലോകനത്തില്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലെ വിവാദ കൊടുങ്കാറ്റ് അണയും മുന്‍പാണ് കേരളത്തിലേക്ക് കൂടി എസ്‌ഐആര്‍ പരിഷ്‌കരണം എത്തുന്നത്. സ്വാഭാവികമായും ആശങ്കയുണ്ടാകുമെന്നും യോഗ്യരായ കേരളത്തിലെ ഒരു വോട്ടര്‍ പോലും പുറത്താകില്ലെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞിട്ടുണ്ട്.

എന്താണ് സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം എന്നും അതിന്റെ നടപടിക്രമങ്ങള്‍ എന്താണെന്നും അറിഞ്ഞിരിക്കേണ്ടതുണ്ട്. 2002-ല്‍ പുറത്തിറക്കിയ വോട്ടര്‍ പട്ടികയാണ് സമഗ്ര പരിഷ്‌കരണത്തിന് ആധാരമാക്കുന്നത്. അന്നത്തെ പട്ടികയും 2025-ലെ പട്ടികയും ഒത്തുനോക്കിയായിരിക്കും സമഗ്ര പരിഷ്‌കരണം. അതുകൊണ്ട് തന്നെ 2002-ലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പെട്ട ആര്‍ക്കും പുതിയ രേഖകള്‍ സമര്‍പിക്കേണ്ടി വരില്ല. എന്നാല്‍, അതിനു ശേഷം വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കപ്പെട്ടവര്‍ ആധാര്‍ അടക്കമുള്ള രേഖകള്‍ സമര്‍പിക്കേണ്ടി വരും. അങ്ങനെ വരുമ്പോള്‍ കേരളത്തില്‍ 80 ശതമാനം ആളുകളും രേഖകള്‍ ഹാജരാക്കേണ്ടി വരില്ലെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.

മൂന്ന് വിഭാഗങ്ങളായിട്ടായിരിക്കും എസ്‌ഐആറിന് വോട്ടര്‍മാരെ പരിഗണിക്കുക. 1987ന് മുന്‍പ് ജനിച്ചവരെ ഒരു വിഭാഗത്തിലും 87നും 2004നും ഇടയില്‍ ജനിച്ചവരെ രണ്ടാമത്തെ വിഭാഗത്തിലും 2004ന് ശേഷം ജനിച്ചവരെ മൂന്നാം വിഭാഗത്തിലും ഉള്‍പെടുത്തിയായിരിക്കും പരിശോധന. 2002ലെയും 2025ലെയും വോട്ടര്‍ പട്ടികയുമായി ഒത്തുനോക്കേണ്ട ചുമതല ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കാണ്. 2002-ലെ ലിസ്റ്റിലും 2025-ലെ പട്ടികയിലും ഉള്ളവരെ ഒത്തുനോക്കിയ ശേഷം 2002-ലെ പട്ടികയില്‍ ഉള്‍പെടാത്ത, അതിനു ശേഷം പുറത്തിറങ്ങിയ 2025 വരെയുള്ള പട്ടികയില്‍ ഉള്‍പ്പെട്ട വോട്ടര്‍മാര്‍ വോട്ട് പുതുക്കണമെന്ന് ആവശ്യപ്പെടും.

എന്തെല്ലാമാണ് എസ്‌ഐആറിലെ നടപടിക്രമങ്ങള്‍.

ആദ്യപടി വോട്ടറുടെ വിവരങ്ങളടങ്ങിയ എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ചു നല്‍കലാണ്. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ പ്രിന്റെടുത്ത് നല്‍കുന്ന എന്യൂമറേഷന്‍ ഫോം ബിഎല്‍ഒമാര്‍ വോട്ടര്‍ പട്ടികയിലെ മുഴുവന്‍ വോട്ടര്‍മാര്‍ക്കും എത്തിച്ചു നല്‍കും. മൂന്നോ നാലോ ദിവസത്തിനകം പൂരിപ്പിച്ച ഫോമുകള്‍ പൗരത്വം തെളിയിക്കുന്ന രേഖയുടെ സെല്‍ഫ് അറ്റസ്റ്റഡ് കോപ്പിയും ഫോട്ടോയും സഹിതം ഫോമുകള്‍ കളക്ട് ചെയ്യാന്‍ വീട്ടിലെത്തുന്ന ബിഎല്‍ഒമാരെ ഏല്‍പിക്കണം. പൗരത്വം തെൡയിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച 12 രേഖകളില്‍ ഏതെങ്കിലും ഒന്നാണ് എന്യൂമറേഷന്‍ ഫോമിനൊപ്പം നല്‍കേണ്ടത്. ഇതിനുശേഷം ഒരാഴ്ചയ്ക്കകം തന്നെ കരട് വോട്ടര്‍ പട്ടിക കമ്മീഷന്‍ പുറത്തിറക്കും. നിര്‍ദിഷ്ട സമയത്തിനു മുന്‍പായി ഇഎഫ് ഫോം പൂരിപ്പിച്ചു നല്‍കിയവരുടെ പേരുകള്‍ പട്ടികയിലുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്., കരട് പട്ടികയില്‍ പേര് ചേര്‍ക്കാനോ ഒഴിവാക്കാനോ അപേക്ഷ നല്‍കുന്നതിന് ഒരുമാസം സമയം അനുവദിക്കും.

കരട് പട്ടികയില്‍ പേരുള്ള ആര്‍ക്കും പിന്നീട് ഒരു രേഖകളും സമര്‍പിക്കേണ്ടി വരുന്നില്ല. പേര് ഇല്ലാത്തവര്‍ക്ക് രേഖകള്‍ സമര്‍പിക്കേണ്ടതായി വരും. മുകളില്‍ പറഞ്ഞ മൂന്ന് സമയങ്ങളില്‍ ജനിച്ചവര്‍ക്ക് വെവ്വേറെ നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്‌ളത്. 1955നും 1987നും ഇടയില്‍ ജനിച്ചവര്‍ ഇന്ത്യന്‍ പൗരന്‍മാരായി കണക്കാക്കപ്പെടും. 1986 ലെ പൗരത്വ ഭേദഗതി നിയമപ്രകാരം 1987 ജൂലൈ ഒന്നിന് ശേഷം ജനിച്ചവരുടെ രക്ഷിതാക്കളില്‍ ആരെങ്കിലും ഇന്ത്യന്‍ പൗരന്‍മാരാണെങ്കില്‍ മാത്രമേ അംഗീകാരം ലഭിക്കുകയുള്ളു. 2004നു ശേഷം ജനിച്ചവര്‍ പൗരത്വം തെൡയിക്കുന്ന രേഖകള്‍ നല്‍കേണ്ടി വരും.

12 രേഖകളാണ് എസ്‌ഐആറില്‍ പൗരത്വം തെളിയിക്കാനായി ആവശ്യപ്പെടുന്നത്.

1. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കോ പെന്‍ഷനര്‍മാര്‍ക്കോ സര്‍ക്കാര്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡോ പെന്‍ഷന്‍ പേയ്‌മെന്റ് ഓര്‍ഡറോ.
2. 1987നു മുന്‍പ് ഇന്ത്യയിലെ സര്‍ക്കാരോ തദ്ദേശ സ്ഥാപനങ്ങളോ ബാങ്ക് അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളോ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡോ സര്‍ട്ടിഫിക്കറ്റഉകളോ മറ്റെന്തെങ്കിലും രേഖയോ.
3. ജനന സര്‍ട്ടിഫിക്കറ്റ്.
4. പാസ്‌പോര്‍ട്ട്.
5. അംഗീകൃത യൂണിവേഴ്‌സിറ്റികളോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ നല്‍കുന്ന വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍
6. അതാത് ഭരണസ്ഥാപനങ്ങള്‍ നല്‍കുന്ന താമസ സര്‍ട്ടിഫിക്കറ്റ്.
7. വനാവകാശ സര്‍ട്ടിഫിക്കറ്റ്.
8. ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്.
9. ദേശീയ പൗരത്വ പട്ടിക
10. സംസ്ഥാന തദ്ദേശ സര്‍ക്കാരുകള്‍ തയ്യാറാക്കുന്ന കുടുംബ പട്ടിക
11. സര്‍ക്കാരുകള്‍ നല്‍കുന്ന ഭവന സര്‍ട്ടിഫിക്കറ്റ്.
12. ആധാര്‍ കാര്‍ഡ്

അതേസമയം തന്നെ വോട്ടര്‍ പട്ടിക പരിഷ്‌കരണം സംബന്ധിച്ച ആശങ്കയും ഉണ്ട്. പ്രവാസി വോട്ടര്‍മാരുടെ കാര്യത്തിലടക്കമാണ് ആശങ്ക. ബിഹാറില്‍നിന്ന് ജോലി തേടി ഇതരസംസ്ഥാനങ്ങളിലേക്ക് പോയവരടക്കം വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ പ്രവാസികള്‍ ഏറെയുള്ള കേരളത്തിലെ വോട്ടര്‍മാരുടെ കാര്യത്തില്‍ നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പട്ടിക പരിഷ്‌കരിക്കുമ്പോള്‍ പ്രവാസി വോട്ടര്‍മാര്‍ക്ക് ഓണ്‍ലൈനായി രേഖകള്‍ നല്‍കാന്‍ അവസരം ഉണ്ടാകുമെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചത്. അതേസമയം, ബി.എല്‍.ഒമാര്‍ വീട്ടിലെത്തി രേഖകള്‍ ആവശ്യപ്പെടുമ്പോള്‍ പ്രവാസികളുടെ കാര്യത്തില്‍ എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത് എന്നതിലടക്കം അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ഈമാസം 20ന് നടക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ ഈ ആശങ്കകള്‍ അടക്കം കമ്മീഷനെ അറിയിക്കുമെന്ന് കോണ്‍ഗ്രസും സിപിഐഎമ്മും അറിയിച്ചിട്ടുണ്ട്. പ്രവാസി വോട്ടര്‍മാരുടെ പുതുക്കലടക്കമുള്ളവ യോഗത്തില്‍ ചര്‍ച്ചയാവുമെന്നാണ് സൂചന. 2002-ലാണ് കേരളത്തില്‍ അവസാനമായി എസ്‌ഐആര്‍ നടന്നത്.

 

Scroll to Top