
കാമുകിക്കൊപ്പം ഒളിച്ചോടിയെന്ന് കൂട്ടുകാര്‍ പറഞ്ഞ, നാട്ടുകാര്‍ വിശ്വസിച്ച വിജില്‍ എന്ന കോഴിക്കോട്ടെ ചെറുപ്പക്കാരനെ ഒടുവില്‍ പൊലീസ് കണ്ടെത്തി., കാണാതാകുമ്പോള്‍ 29 വയസ്സുണ്ടായിരുന്ന വിജിലിനെ ആറുവര്‍ഷങ്ങള്‍ക്കിപ്പുറം വീട്ടില്‍ ഏതാനും കിലോമീറ്ററുകള്‍ അകലെ സരോവരത്തെ ചതുപ്പില്‍ നിന്ന് ഏതാനും അസ്ഥിക്കഷണങ്ങളായാണ് കണ്ടെത്തിയിരിക്കുന്നത്. വെറുമൊരു മിസ്സിംഗ് കേസായി, തുമ്പില്ലാതെ അന്വേഷണത്തിന്റെ ഫയല്‍ ക്ലോസ് ആക്കാതെ ആറുവര്‍ഷമായി പുറകെ നടന്ന് വിജിലിനെ കണ്ടെത്തിയതിന്റെ മുഴുവന്‍ ക്രെഡിറ്റും കയ്യടിയും അര്‍ഹിക്കുന്നത് കോഴിക്കോട് പൊലീസാണ്. വിജിലിന്റെ മരണത്തിന് കാരണക്കാരായവര്‍ എന്നും ഒപ്പം നടന്നിരുന്ന സുഹൃത്തുക്കള്‍. അവനെ ചതുപ്പില്‍ കെട്ടിത്താഴ്ത്തിയതും ആ മിസ്സിംഗ് ഒരു ഒളിച്ചോട്ടം ആക്കിയതും അതേ സുഹൃത്തുക്കള്‍ തന്നെ. എന്നിട്ടും ഒരു കുറ്റബോധം പോലും പേറാതെ അവര്‍ ഇതുവരെ ജീവിച്ചു. ഒടുവില്‍ സ്വന്തം നാവില്‍ നിന്ന് തന്നെ സത്യം പുറത്തുവന്നു. സ്വര്‍ണപ്പാത്രം കൊണ്ടുമൂടിയാലും സത്യം എന്നെങ്കിലും പുറത്തുവരുമെന്ന് പറയുന്നത് ഇതൊക്കെ കൊണ്ട് തന്നെയാണ്.
പെട്ടെന്നൊരു ദിവസമായിരുന്നു വിജിലിനെ കാണാതായത്. 2019 മാര്‍ച്ച് 24നായിരുന്നു ആ ദിവസം. രാവിലെ ഭക്ഷണം കഴിച്ച് ബൈക്കെടുത്ത് പുറത്തേക്ക് പോയ വിജില്‍ ഉച്ചയൂണിന് എത്താമെന്ന് അമ്മയ്ക്ക് വാക്ക് കൊടുത്തതാണ്. ഉച്ച കഴിഞ്ഞു രാത്രിയായിട്ടും വിജില്‍ എത്തിയില്ല. അമ്മ കൂട്ടുകാര്‍ക്ക് വിളിച്ചു നോക്കിയെങ്കിലും കണ്ടില്ലല്ലോ അമ്മേ എന്ന് നിഷ്‌കളങ്കമായി മറുപടി നല്‍കി. പിറ്റേന്നും അതിന്റെ പിറ്റേന്നും മകന്‍ തിരിച്ചെത്തിയില്ല. ദിവസങ്ങള്‍ പറന്നു പോകവേ പുതിയ കഥകള്‍ അന്തരീക്ഷത്തില്‍ പറന്നു. വിജിലിന് ഒരു പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നു. ജ്യേഷ്ഠന്റെ കല്യാണം കഴിഞ്ഞിട്ടില്ലാത്തതിനാല്‍ അവള്‍ക്കൊപ്പം ജീവിക്കാന്‍ അവന്‍ ഒളിച്ചോടിയെന്ന സുഹൃത്തുക്കളുടെ കഥ നാട്ടുകാരും വിശ്വസിച്ചു. ഇതിനിടയില്‍ മകനെ കാണാതായി പത്ത് ദിവസം പിന്നിട്ടതോടെ അച്ഛന്‍ വിജയന്‍ പരാതിയുമായി പൊലീസില്‍ എത്തി. ആ പരാതിയില്‍ നടന്ന അന്വേഷണമാണ് ഇന്ന് ഈ നിലയില്‍ എത്തിയിരിക്കുന്നത്. പൊലീസിന്റെ കണ്ടെത്തല്‍ ഇങ്ങനെയാണ്., ലഹരി ഉപയോഗിക്കുുമായിരുന്ന വിജിലും സുഹൃത്തുക്കളും സംഭവദിവസം ലഹരി ഉപയോഗിക്കുന്നതിനിടെ അളവ് അമിതമായി വിജില്‍ ബോധരഹിതനായി. അന്ന് അവിടെ ഉപേക്ഷിച്ച വിജിലിനെ പിറ്റേന്ന് എത്തി നോക്കിയപ്പോഴേക്കും മരിച്ചിരുന്നതിനാല്‍ കൂട്ടുകാര്‍ തന്നെ മൃതശരീരം ചതുപ്പില്‍ കെട്ടിത്താഴ്ത്തി. എട്ടുമാസങ്ങള്‍ക്കു ശേഷം അസ്ഥിയെടുത്ത് നിമജ്ജനം ചെയ്ത് കൂട്ടുകാരന് മോക്ഷം നല്‍കാന്‍ എന്തായാലും സുഹൃത്തുക്കള്‍ തയ്യാറായിട്ടുണ്ട്.
അന്വേഷണത്തിന്റെ തുടക്കം മുതല്‍ പൊലീസ് സുഹൃത്തുക്കളെ കേന്ദ്രീകരിച്ചായിരുന്നു മുന്നോട്ട് പോയത്. എന്നാല്‍ അടുത്ത സുഹൃത്തുക്കളായ മൂന്നുപേരും ഒരേ മൊഴിയില്‍ ഉറച്ചുനിന്നു. വിജില്‍ ട്രെയിനില്‍ കയറി അജ്ഞാത സ്ഥലത്തേക്ക് പോയി എന്ന് വിജിലിന്റെ സുഹൃത്തുക്കള്‍ നല്‍കിയ മൊഴിയില്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാകാതെ പൊലീസ് കുഴങ്ങി. സാഹചര്യത്തെളിവുകള്‍ പരിശോധിച്ചപ്പോള്‍ വിജിലിന്റെ ബൈക്ക് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് കണ്ടെത്തി. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലും. കോള്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍, 24ന് ഉച്ചയ്ക്ക് മൂന്നു മണിയോടെ ഓഫായ വിജിലിന്റെ ഫോണ്‍ അടുത്ത ദിവസം കോഴിക്കോട് നഗരത്തിലെ മറ്റൊരു സ്ഥലത്തു വച്ച് കുറച്ചുനേരം വീണ്ടും ഓണായെന്ന് കണ്ടെത്തി. ഇത് വിജില്‍ ജീവനോടെയുണ്ടോ അല്ലെങ്കില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കപ്പെട്ടോ എന്നതടക്കമുള്ള നിഗമനങ്ങളിലേക്ക് പൊലീസിനെ എത്തിച്ചു. ഇടക്കാലത്ത് സജീവ അന്വേഷണം മന്ദഗതിയിലായെങ്കിലും രഹസ്യമായി അന്വേഷണം മുന്നോട്ട് പോകുന്നുണ്ടായിരുന്നു. ഇതിനിടെ വിജിലിന്റെ സുഹൃത്തുക്കളെല്ലാം ജോലിയായി പല വഴിക്കായിരുന്നു.
പിന്നെങ്ങനെ ഇപ്പോഴത്തെ കണ്ടെത്തലുകളിലേക്ക് എത്തി., ആരാണ് അന്വേഷണത്തിനു പിന്നില്‍. പാതിവഴിയില്‍ നിലച്ച കേസ് എങ്ങനെയാണ് റീ ഓപ്പണ്‍ ചെയ്തത്. എന്നീ സംശയങ്ങളെല്ലാം ഉയരുക സ്വാഭാവികമാണ്. കാണാതാകല്‍ കേസുകള്‍, അഥവാ മിസ്സിംഗ് കേസുകള്‍ കൊലപാതകക്കേസ് എന്ന ആംഗിളില്‍ അന്വേഷണം നടത്താന്‍ അതാത് സ്റ്റേഷനില്‍ തന്നെ ഒരു പ്രത്യേക സംഘം അഥവാ എസ്ഡിഐടി രൂപീകരിക്കുന്ന കേരള പൊലീസിന്റെ പുതിയ പദ്ധതിയാണ് ഇരുട്ടിലാണ്ടു പോയ വിജിലിന്റെ തിരോധാനം വീണ്ടും വെളിച്ചത്തിലേക്ക് കൊണ്ടുവന്നത്. അങ്ങനെ കോഴിക്കോട് ജില്ലയില്‍ പൊലീസ് ആരംഭിച്ച ഈ സംവിധാനം വിജില്‍ കേസ് രജിസ്റ്റര്‍ ചെയ്ത എലത്തൂര്‍ സ്റ്റേഷനിലും രൂപം കൊണ്ടു. 2025ന്റെ തുടക്കത്തില്‍ കോഴിക്കോട് കമ്മിഷണര്‍ ടി.നാരായണന്റെ നിര്‍ദേശപ്രകാരം എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ രഞ്ജിത്ത് അന്വേഷണം പുനരാരംഭിച്ചു. ആ അന്വേഷണമാണ് ഇന്നത്തെ നിര്‍ണായക കണ്ടെത്തലിലേക്ക് അടക്കം എത്തിച്ചത്. ഏതു കേ്‌സിലും അന്വേഷണത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഒരു ട്വിസ്റ്റ് നടക്കും. ഇവിടെയും അങ്ങനെയൊരു ട്വിസ്റ്റുണ്ടായി. ഒരു നാക്കുപിഴയില്‍ നിന്നുണ്ടായ ആ ട്വിസ്റ്റാണ് ഒളിച്ചോടിപ്പോയെന്ന് കൂട്ടുകാര്‍ വിശ്വസിപ്പിച്ച വിജില്‍, കൊല്ലപ്പെട്ടെന്ന നിഗമനത്തിലേക്ക് എത്തിച്ചത്. സുഹൃത്തുക്കളായ നിഖിലും ദീപേഷും രഞ്ജിത്തും 2019ല്‍ പൊലീസിനു നല്‍കിയ മൊഴിയും പുതിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിഖിലും ദീപേഷും നല്‍കിയ മൊഴിയും തമ്മിലുള്ള ആ ചെറിയ വൈരുധ്യമായിരുന്നു അന്വേഷണോദ്യോഗസ്ഥനായ രഞ്ജിത്തിന്റെ പിടിവള്ളി.
മൊഴിയിലെ ആ വൈരുധ്യത്തെ കുറിച്ച് വിശദമായി അന്വേഷിച്ച പൊലീസ്, വിജിലിനെ കാണാതാകുന്ന സമയത്ത് മൂവരും ഒപ്പമുണ്ടായിരുന്നു എന്ന് മനസ്സിലാക്കി. അങ്ങനെ മൂന്നുപേരെയും ഒന്നുകൂടി വിശദമായി ചോദ്യം ചെയ്യാന്‍ തന്നെ പൊലീസ് തീരുമാനിച്ചു. അപ്പോഴേക്കും ബംഗളൂരുവിലേക്ക് ജോലി ആവശ്യാര്‍ത്ഥം പോയിരുന്ന നിഖിലിനെ കാണാന്‍ പൊലീസ് സംഘം ബംഗളുരുവിലെത്തി. കൃത്യമായ ആ ചോദ്യം ചെയ്യലില്‍ നിഖില്‍ കുറ്റം സമ്മതിച്ചു. വൈകാതെ ദീപേഷും പിടിയിലായി. ഒറ്റയ്ക്കും തെറ്റയ്ക്കുമുള്ള ചോദ്യം ചെയ്യലില്‍ പ്രതികള്‍ അന്നത്തെ സംഭവം വിവരിച്ചു. അത് ഇങ്ങനെയായിരുന്നു. ബ്രൗണ്‍ഷുഗര്‍ ലഹരിക്ക് അടിമകളായിരുന്നു ദീപേഷും നിഖിലും രഞ്ജിത്തും വിജിലും. അന്ന് മാര്‍ച്ച് 24ന് വിജിലിനെ കാണാതാകുന്ന ദിവസം വീട്ടില്‍ നിന്ന് ബൈക്കെടുത്ത് വിജില്‍ പോന്നത് ലഹരി ഉപയോഗിക്കാനായിരുന്നു. കോഴിക്കോട് സരോവരം ബയോപാര്‍ക്കിനു സമീപത്തെ വിജനമായ സ്ഥലത്ത് ലഹരി മരുന്നുപയോഗത്തിനിടെ അമിതമായി ലഹരിമരുന്ന് ഉള്ളില്‍ച്ചെന്ന് വിജില്‍ ബോധരഹിതനായി. ഭയന്ന കൂട്ടുകാര്‍ വിജിലിനെ അവിടെ ഉപേക്ഷിച്ച് പോയി. പിറ്റേന്ന് വന്നു നോക്കിയപ്പോള്‍ മരിച്ചിരുന്നു. ഇതോടെ മൃതദേഹം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. മൂവരും മൃതദേഹം സരോവരം പാര്‍ക്കിലെ ചതുപ്പില്‍ കല്ല് കെട്ടിത്താഴ്ത്തി. നാടുവിട്ടുപോയെന്ന് മറ്റുള്ളവരെ ബോധിപ്പിക്കാന്‍ മൊബൈലും ബൈക്കും റെയില്‍വേ സ്റ്റേഷന് സമീപം ഉപേക്ഷിച്ചു.
പുതിയ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തില്‍ സരോവരം പാര്‍ക്കിനു സമീപത്തെ ചതുപ്പില്‍ പൊലീസ് തിരച്ചില്‍ നടത്തി. അതിസങ്കീര്‍ണമായിരുന്നു ഓണത്തിനു മുന്‍പും ശേഷവും നടത്തിയ തിരച്ചിലുകള്‍. ആദ്യം എത്തിച്ച പ്രത്യേക സംഘം ചതുപ്പില്‍ മുങ്ങിത്തപ്പിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. അങ്ങനെ ഓണത്തിനു ശേഷം സെപ്തംബര്‍ എട്ടിന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം നടത്തിയ തിരച്ചിലിലാണ് മൂന്നാം ദിനം വിജിലിന്റെതെന്നു കരുതുന്ന ഷൂസും അഞ്ചാം ദിനം വിജിലിന്റേതെന്നു കരുതുന്ന 53 അസ്ഥികളും കണ്ടെത്തിയത്. അതിസങ്കീര്‍ണമായിരുന്നു തിരച്ചില്‍ പ്രക്രിയ. 45 മീറ്ററോളം വിസ്തൃതിയില്‍ ചതുപ്പു നിറഞ്ഞ പ്രദേശത്ത് താല്‍ക്കാലിക റോഡ് നിര്‍മിച്ചും പരിസരത്ത് മണ്‍ചാക്കുകള്‍ നിരത്തി വെള്ളം വറ്റിച്ചു ജെസിബി ഉപയോഗിച്ചു ചെളിനീക്കിയും ഭഗീരഥ പ്രയത്‌നമായിരുന്നു ഇതിനു പിന്നില്‍. പന്തീരാങ്കാവ് സ്വദേശി മഠത്തില്‍ അബ്ദുല്‍ അസീസിന്റെയും സംഘവുമാണ് തെരച്ചിലിന് സഹായം ചെയ്തത്.
ഡിഎന്‍എ പരിശോധനയാണ് ഇനി നടക്കാനുള്ളത്. അതില്‍ അസ്ഥികള്‍ വിജിലിന്റേതെന്ന് തെളിഞ്ഞാല്‍ കേരള പൊലീസിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തപ്പെടും. വെറുമൊരു മിസ്സിംഗ് കേസ് കൊലക്കേസായി ചുരുളഴിച്ചതിന്റെ അന്വേഷണ മികവും കൂര്‍മബുദ്ധിയും പ്രകീര്‍ത്തിക്കപ്പെടും. തുമ്പില്ലാതെ അവസാനിച്ച മിസ്സിംഗ് കേസുകളുടെ കൂട്ടത്തിലേക്ക് തള്ളപ്പെടുമായിരുന്ന ഒരു കേസാണ് പ്രൊഫഷണല്‍ മികവോടെ കേരള പൊലീസ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയപ്പോള്‍ കൊലപാതകക്കേസായി തെളിഞ്ഞത്. ആ അന്വേഷണ മികവിന് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്തും സംഘവും അവര്‍ക്ക് പിന്തുണ നല്‍കിയതിന് കമ്മീഷണര്‍ ടി.നാരായണനും കയ്യടി അര്‍ഹിക്കുന്നുണ്ട്.



