പേരൂര്‍ക്കട വ്യാജ മോഷണക്കേസ്; ഒരു കോടി രൂപയും സര്‍ക്കാര്‍ ജോലിയും ആവശ്യപ്പെട്ട് ബിന്ദു; മനുഷ്യാവകാശ കമ്മീഷനില്‍ ബിന്ദുവിന്റെ പരാതി.

തിരുവനന്തപുരം: തിരുവനന്തപുരം പേരൂര്‍ക്കടയില്‍ മാലമോഷ്ടിച്ചെന്ന കള്ളക്കേസില്‍ കുടുക്കി പൊലീസ് മാനസികമായി പീഡിപ്പിച്ച ദളിത് യുവതി ബിന്ദു നഷ്ടപരിഹാരം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. ഒരു കോടി രൂപയും സര്‍ക്കാര്‍ ജോലി നല്‍കണമെന്നാണ് ബിന്ദുവിന്റെ ആവശ്യം. മനുഷ്യാവകാശ കമ്മീഷന് നേരിട്ട് രേഖാമൂലം നല്‍കിയ പരാതിയിലാണ് ബിന്ദുവിന്റെ ആവശ്യം. സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ബിന്ദു അപേക്ഷിച്ചിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷന്‍ അദാലത്തില്‍ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് കേസ് പരിഗണിച്ചപ്പോഴാണ് ബിന്ദു സര്‍ക്കാരില്‍നിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.

ബിന്ദുവിനെ കസ്റ്റഡിയില്‍ എടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മിഷന്‍ പരിഗണിച്ചു. തുടര്‍ന്ന്, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി എന്നിവരെ ഒഫീഷ്യല്‍ റെസ്പോണ്ടന്റുമാരായും ആരോപണ വിധേയനായ എസ്.ഐ പ്രദീപിനെയും എഎസ്ഐ പ്രസന്നകുമാറിനെയും കണ്ടസ്റ്റിംഗ് റെസ്പോണ്ടന്റുമാരായും കമ്മിഷന്‍ തീരുമാനിച്ചു. ഇവര്‍ ബിന്ദുവിന്റെ ആവശ്യം പരിശോധിച്ച് രേഖാമൂലം മറുപടി സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു.

അതിനിടെ, ബിന്ദുവിന്റെ അവസ്ഥയറിഞ്ഞ് തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂള്‍ ബിന്ദുവിന് പ്യൂണ്‍ ആയി ജോലി നല്‍കി. തിരുവനന്തപുരം പൊന്മുടി എംജിഎം പബ്ലിക് സ്‌കൂളില്‍ പ്യൂണ്‍ ആയി ബിന്ദു ഇന്ന് ജോലിയില്‍ പ്രവേശിച്ചു. കേസിന് പിന്നാലെയാണ് എംജിഎം പബ്ലിക്ക് സ്‌കൂള്‍ ജോലി വാഗ്ദാനം ചെയ്തത്. കള്ളക്കേസില്‍ കുടുക്കി ആത്മഹത്യയുടെ വക്കിലേക്ക് പൊലീസ് തന്നെ കൊണ്ടെത്തിച്ചുവെന്ന് ബിന്ദു പറഞ്ഞു.

 

 

Scroll to Top