
അമരാവതി: ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള ഇറക്കുമതികള്‍ക്ക് ട്രംപ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ തീരുവ വര്‍ധനവില്‍ വലഞ്ഞത് ആന്ധ്രാപ്രദേശ്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള ചെമ്മീന്‍ കയറ്റുമതിയില്‍ 25,000 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തുണ്ടായതെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. 50 ശതമാനത്തോളം ഓര്‍ഡറുകള്‍ റദ്ദാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രത്തിന്റെ പിന്തുണ ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രിമാരായ നിര്‍മലാ സീതാരാമനും പീയുഷ് ഗോയലിനും അദ്ദേഹം കത്തയച്ചു.
അമേരിക്ക ഏര്‍പ്പെടുത്തിയ താരീഫ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ചെമ്മീന്‍ കയറ്റുമതിയേയാണ്. 25,000 കോടിയോളം രൂപയുടെ നഷ്ടമാണ് ഇത് വരുത്തിവെച്ചത്. 50 ശതമാനത്തോളം ഓര്‍ഡറുകള്‍ റദ്ദാക്കി. കയറ്റുമതി ചെയ്യുന്ന 2000 കണ്ടെയ്‌നറുകളില്‍ 600 കോടിയോളം രൂപ അധിക നികുതിയായി നല്‍കേണ്ടിവരുമെന്നും അദ്ദേഹം കേന്ദ്ര മന്ത്രിമാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
രാജ്യത്തെ ചെമ്മീന്‍ കയറ്റുമതിയുടെ 80 ശതമാനവും സമുദ്രോത്പന്ന കയറ്റുമതിയുടെ 34 ശതമാനവും ആന്ധ്രാപ്രദേശില്‍നിന്നാണ്. പ്രതിവര്‍ഷം ഏകദേശം 21246 കോടി രൂപയുടെ വരുമാനമാണ് ആന്ധ്രയ്ക്ക് ഈ മേഖലയില്‍നിന്ന് ലഭിക്കുന്നത്. ഈ മേഖലയില്‍ ഏകദേശം 2.5 ലക്ഷം തൊഴിലാളി കുടുംബങ്ങളും അനുബന്ധ മേഖലകളില്‍ 30 ലക്ഷത്തോളം ആളുകളും തൊഴിലെടുക്കുന്നുവെന്നാണ് കണക്ക്. യുഎസ് തീരുവ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ഇതിനകംതന്നെ ആന്ധ്രാ സര്‍ക്കാര്‍ ആശ്വാസ നടപടികള്‍ ആരംഭിച്ചതായി ചന്ദ്ര ബാബു നായിഡു പറഞ്ഞു.



