
തിരുവനന്തപുരം: തനിക്കെതിരായ ആരോപണങ്ങളില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. തനിക്കെതിരായി എന്തെങ്കിലും ഉണ്ടെങ്കില്‍ തന്നെ കൊന്നു തിന്നാന്‍ നില്‍ക്കുന്ന ഒരു സര്‍ക്കാരിന് ഏറ്റവും വിശ്വാസമുള്ള അന്വേഷണ ഏജന്‍സിയല്ലേ അന്വേഷിക്കുന്നത്. അന്വേഷണങ്ങള്‍ നടക്കട്ടെ, അതിന്റെ ഒരോ ഘട്ടത്തിലും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. അന്വേഷണ സംഘത്തിന്റെ പരിധിയിലിക്കുന്ന കാര്യങ്ങളില്‍ പ്രതികരിക്കാനില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഇടതു സര്‍ക്കാരിനെതിരെ സമരം ചെയ്ത് 18-ാം വയസ്സില്‍ ആദ്യമായി ജയിലില്‍ പോയ ആളാണ് താന്‍. ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ പോയത് പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്താണെന്നും രാഹുല്‍ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവിനെയും പാര്‍ട്ടിയെ ധിക്കരിച്ചാണ് താന്‍ സഭയിലെത്തിയതെന്ന മാധ്യമവാര്‍ത്തകളോട് രാഹുലിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ യഥാര്‍ത്യത്തിന്റെ എന്തെങ്കിലും ഒരു പരിസരം വേണം എന്നാണ് മാധ്യമ പ്രവര്‍ത്തകരോട് തനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്. നേതൃത്വത്തെയും പാര്‍ട്ടിയേയും ധിക്കരിച്ചല്ല സഭയിലെത്തിയത്. പാര്‍ട്ടി അനുകൂലമായോ വ്യക്തിപരമായി പ്രതികൂലമായോ തീരുമാനം എടുക്കുമ്പോള്‍ അതിനെ ധിക്കരിക്കാനോ ലംഘിക്കുവാനോ ശ്രമിച്ചിട്ടുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകനല്ല താന്‍. സസ്‌പെന്‍ഷനിലാണെങ്കിലും പരിപൂര്‍ണമായും പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുന്നയാളാണെന്നും രാഹുല്‍ വ്യക്തമാക്കി.
ലൈംഗികാരോപണ വിവാദങ്ങള്‍ കത്തിനില്‍ക്കെ ഊഹാപോഹങ്ങള്‍ക്കെല്ലാം വിരാമിട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ രാവിലെ 9.20 ഓടെ സഭയിലെത്തുന്നത്. സഭ സമ്മേളനം തുടങ്ങിയ ഒന്‍പത് മണിവരെ രാഹുല്‍ സഭയിലെത്തുന്നതിനെ കുറിച്ച് പാര്‍ട്ടി വൃത്തങ്ങള്‍ക്ക് പോലും വ്യക്തമായ അറിവില്ലായിരുന്നു. സഭ തുടങ്ങി 20 മിനിറ്റ് പിന്നിട്ടപ്പോഴാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ല പ്രസിഡന്റ് നേമം ഷജീറിനൊപ്പം സ്വകാര്യ വാഹനത്തില്‍ വന്നിറങ്ങിയത്.സ ലൈംഗികാരോപണത്തിന്റെ പേരില്‍ കോണ്‍ഗ്രസ് അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാഹുലിന് നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് അനുവദിക്കുമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഇന്നലെ പറഞ്ഞിരുന്നു. സഭയിലെത്തിയ രാഹുല്‍ പ്രതിപക്ഷ നിരയിലെ അവസാന നിരയിലാണ് ഇരിക്കുന്നത്.



