‘ലോകത്തിലെ എല്ലാ കുട്ടികളും ഒരുപോലെ; എതിര്‍ക്കുന്നവര്‍ എതിര്‍ക്കട്ടെ; എതിര്‍പ്പുകള്‍ നേരിട്ടാണ് ജീവിച്ച’തെന്നും ഡോ.എം.ലീലാവതി.

തിരുവനന്തപുരം: ഗാസയിലെ കുഞ്ഞുങ്ങളെ കുറിച്ച് നടത്തിയ പ്രസ്താവനയുടെ പേരില്‍ തനിക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് എഴുത്തുകാരി ഡോ.എം.ലീലാവതി. എതിര്‍പ്പുകളോട് വിരോധമില്ലെന്നും എതിര്‍ക്കുന്നവര്‍ സ്വതന്ത്രമായി എതിര്‍ക്കട്ടെയെന്നും ലീലാവതി ടീച്ചര്‍ പറഞ്ഞു. ആരോടും ശത്രുതയില്ല. എതിര്‍പ്പുകള്‍ നേരിട്ടു തന്നെയാണു തുടക്കം മുതല്‍ ജീവിതമെന്നും അവര്‍ പറഞ്ഞു. ലോകത്ത് എല്ലാ കുട്ടികളും എനിക്ക് ഒരുപോലെയാണ്. അമ്മയുടെ കണ്ണിലൂടെയാണ് അവരെ കാണുന്നത്. അതില്‍ മതത്തിന്റെയോ ജാതിയുടെയോ പശ്ചാത്തലമില്ലെന്നും ഡോ. എം.ലീലാവതി പറഞ്ഞു. മുണ്ടക്കൈ ചൂരല്‍മല ദുരന്തം ഉണ്ടായപ്പോഴും പിറന്നാള്‍ ആഘോഷിച്ചിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

തന്റെ 98-ാം പിറന്നാള്‍ ദിനത്തില്‍ ആഘോഷങ്ങളൊന്നും വേണ്ടെന്നു വച്ച് എഴുത്തുകാരിയും നിരൂപകയുമായ ഡോ. എം.ലീലാവതി പറഞ്ഞ വാക്കുകളാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്. ‘വിശന്നൊട്ടിയ വയറുമായി നില്‍ക്കുന്ന ഗാസയിലെ കുഞ്ഞുങ്ങളെ കാണുമ്പോള്‍ എങ്ങനെയാണ് തൊണ്ടയില്‍ നിന്നു ചോറ് ഇറങ്ങുക’ എന്നായിരുന്നു ടീച്ചറുടെ വാക്കുകള്‍. ഇതിനു പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക സൈബര്‍ ആക്രമണമുണ്ടായി. ഗാസയില്‍ മാത്രമല്ല, ലോകത്തെ മറ്റു സ്ഥലങ്ങളിലും കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നുണ്ടെന്നും അപ്പോഴൊന്നും ഈ പ്രശ്‌നം കണ്ടില്ലല്ലോ എന്നുമാണു സമൂഹ മാധ്യമങ്ങളിലെ വിമര്‍ശനം. ലീലാവതിയുടെ പ്രസ്താവനയെ അനുകൂലിച്ചും ഒട്ടേറെ പേര്‍ പ്രതികരിച്ചു. ലീലാവതിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ വ്യാപക പ്രതിഷേധവുമുയര്‍ന്നു.

Scroll to Top