
ഡെറാഡൂണ്‍: രണ്ടുദിവസമായി തുടരുന്ന കനത്തമഴയില്‍ ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനത്തില്‍ നിരവധി വീടുകളും സ്ഥാപനങ്ങളും വെള്ളത്തില്‍. രണ്ടുപേരെ കാണാതാകുകയും ചെയ്തു. തപോവന്‍ മേഖലയിലാണ് വെള്ളപ്പൊക്കം ഉണ്ടായത്. തിങ്കളാഴ്ച രാത്രിയോടെ ആരംഭിച്ച അതിശക്തമായ മഴ ചൊവ്വാഴ്ച രാവിലെയും തുടരുകയാണ്. സഹസ്ത്രധാര, ഐടി പാര്‍ക്ക് മേഖലകളിലും വെള്ളക്കെട്ടാണ്.
വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നു ജനങ്ങളെ മുന്‍കൂട്ടി മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇതാണ് നാശനഷ്ടങ്ങളുടെ വ്യാപ്തി കുറച്ചത്. കാണാതായ രണ്ടുപേര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സംസ്ഥാന, കേന്ദ്ര ദുരന്തനിവാരണ സേനകള്‍ സ്ഥലത്തുണ്ട്. ഡെറാഡൂണില്‍ 12ാം ക്ലാസ് വരെയുള്ള സ്‌കൂളുകള്‍ക്ക് അവധി നല്‍കി.
ഡെറാഡൂണിലെ മഴയെ തുടര്‍ന്ന് ഋഷികേശ് മേഖലയില്‍ ചന്ദ്രഭാഗ നദി കരകവിയുകയാണ്. പുഴയില്‍ കുടുങ്ങിയ മൂന്നുപേരെ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി. പിത്തോര്‍ഖണ്ഡ് ജില്ലയില്‍ നേരത്തെയുണ്ടായ മണ്ണിടിച്ചിലില്‍ റോഡ് തകര്‍ന്നിരുന്നു. ഗതാഗതം നിലച്ച ഇവിടെ പകരം സംവിധാനം ഒരുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ഈ മണ്‍സൂണ്‍ സീസണില്‍ ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ഏപ്രില്‍ മുതല്‍ മഴക്കെടുതിയില്‍ 85 പേര്‍ മരിച്ചതായും 128 പേര്‍ക്ക് പരുക്കേറ്റതായും 94 പേരെ കാണാതായതായും അധികൃതരുടെ കണക്കുകള്‍ പറയുന്നു.



