
ന്യൂഡല്‍ഹി: വോട്ട് ചോരി ആരോപണത്തില്‍ പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് വ്യാജ ലോഗിന്‍ വഴി പ്രതിപക്ഷത്തിന് വോട്ട് ചെയ്യുന്നവരെ നീക്കം ചെയ്യുകയാണെന്നാണ് രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടിയത്. ഉദാഹരണവും തെളിവും സഹിതമായിരുന്നു രാഹുലിന്റെ ആരോപണം. വോട്ട് നീക്കം ചെയ്യപ്പെടുന്ന വോട്ടര്‍മാരോ നീക്കം ചെയ്യുന്നവരോ ഇത് അറിയുന്നില്ല. വോട്ടര്‍ പട്ടികയിലെ ചില പേരുകാരെ തെരഞ്ഞു പിടിച്ച് അവരുടെ പേരില്‍ വ്യാജ ലോഗിന്‍ ഐഡി ഉണ്ടാക്കിയാണ് ഇത് ചെയ്യുന്നത്. ഇവര്‍ക്ക് ഇതിനെ കുറിച്ച് യാതൊരു അറിവും ഉണ്ടാകുന്നില്ല. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറാണ് ജനാധിപത്യത്തെ നശിപ്പിക്കുന്നവരെ സംരക്ഷിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. പ്രതിപക്ഷത്തിന് വോട്ട് ചെയ്യുന്നവരാണ് ഒഴിവാക്കപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരത്തില്‍ വോട്ട് നഷ്ടപ്പെട്ട ആളെയും വ്യാജ ഐഡി ക്രിയേറ്റ് ചെയ്യപ്പെട്ട ആളെയും മുന്നില്‍ നിര്‍ത്തിയായിരുന്നു രാഹുലിന്റെ വാര്‍ത്താസമ്മേളനം.
കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തില്‍ 6,018 വോട്ടുകള്‍ ആരോ നീക്കം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. ദശലക്ഷക്കണക്കിനു വോട്ടുകളാണ് ഇത്തരത്തില്‍ രാജ്യത്താകമാനം നീക്കംചെയ്യുന്നത്. പ്രധാനമായും, പ്രതിപക്ഷത്തിനു വോട്ട് ചെയ്യുന്ന ദലിതര്‍, ഗോത്രവിഭാഗക്കാര്‍, പിന്നാക്കക്കാര്‍, മുസ്‌ലിംകള്‍ എന്നിവരെ പ്രത്യേകം ലക്ഷ്യമിട്ടാണ് വോട്ട് നീക്കല്‍., പട്ടികയില്‍ നിന്നു വോട്ട് നീക്കാനുള്ള അപേക്ഷകനായി കാണിക്കുന്നത് ഓരോ ബൂത്തിലെയും ആദ്യത്തെ വോട്ടറുടെ പേരായിരിക്കും. എന്നാല്‍, ഇവര്‍ക്കാര്‍ക്കും തങ്ങളുടെ പേരില്‍ ഇത്തരമൊരു തട്ടിപ്പ് നടക്കുന്നതായി ഒരു അറിവും ഉണ്ടാകില്ലെന്നും രാഹുല്‍ വ്യക്തമാക്കി.
സൂര്യകാന്ത് എന്ന വ്യക്തിയുടെ ഐഡന്റിറ്റി ഉപയോഗിച്ച് 14 മിനിറ്റ് കൊണ്ട് 12 വോട്ടുകള്‍ വെട്ടാന്‍ അപേക്ഷ നല്‍കിയതായും ചൂണ്ടിക്കാട്ടി. സൂര്യകാന്തിനെയും രാഹുല്‍ ഗാന്ധി വേദിയില്‍ കൊണ്ടുവന്നു. തന്റെ പേരില്‍ താനറിയാതെ 12 പേരുകള്‍ വെട്ടാന്‍ അപേക്ഷ നല്‍കിയെന്നായിരുന്നു മാധ്യമങ്ങളുടെ മുന്നില്‍ സൂര്യകാന്തിന്റെ വെളിപ്പെടുത്തല്‍.
ഗോദാഭായി എന്ന വയോധികയുടെ പേരില്‍ ആരോ വ്യാജ ലോഗ് ഇന്നുകള്‍ തയാറാക്കി. ഇതുപയോഗിച്ച് 12 വോട്ടുകളാണ് ഡിലീറ്റ് ചെയ്യുന്നതിനായി അപേക്ഷ നല്‍കി. അലന്ത് നിയമസഭാ മണ്ഡലത്തിലെ 37ാം ബൂത്തിലെ വോട്ടറാണ് ഗോദാഭായി. തനിക്ക് ഇതിനെ കുറിച്ച് ഒരറിവും ഉണ്ടായിരുന്നില്ലെന്ന് ഗോദാഭായി വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. പേര് വെട്ടുന്നതിന് ഉപയോഗിച്ച മൊബൈല്‍ നമ്പരുകളും രാഹുല്‍ പ്രദര്‍ശിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിലെ നമ്പറുകള്‍ ഉപയോഗിച്ചാണ് അലന്ദില്‍ വോട്ട് നിക്കം ചെയ്തതെന്നും പറഞ്ഞു.
കര്‍ണാടകയില്‍ മാത്രമല്ല, ഹരിയാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെല്ലാം ഇത്തരം തട്ടിപ്പുകള്‍ വ്യാപകമായി നടന്നിട്ടുണ്ട്. കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തില്‍ ഒഴിവാക്കലാണ് നടന്നതെങ്കില്‍ മഹാരാഷ്ട്രയിലെ രജൂരയില്‍ കൂട്ടിച്ചേര്‍ക്കലാണ് നടന്നത്. മഹാരാഷ്ട്രയിലെ രജൂര മണ്ഡലത്തില്‍ 6850 വ്യാജ വോട്ടുകളാണ് ചേര്‍ത്തത്. പല പേരുകളിലും നമ്പറുകളിലുമായി കൃത്യമല്ലാതെയാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടവരുടെ വിവരമുള്ളതെന്നു കൂടി രാഹുല്‍ ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ട വിവരങ്ങളാണ്.



