
ന്യൂഡല്‍ഹി: വോട്ടുകള്‍ വ്യാജ ഐഡി ഉപയോഗിച്ച് വ്യാപകമായി നീക്കം ചെയ്‌തെന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണം നിഷേധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍. രാഹുലിന്റെ ആരോപണങ്ങള്‍ തെറ്റും അടിസ്ഥാന രഹിതവുമാണ്. രാഹുല്‍ പറയുന്നതുപോലെ ആര്‍ക്കെങ്കിലും ഓണ്‍ലൈനായി മറ്റാരെയെങ്കിലും വോട്ടര്‍പട്ടികയില്‍ നിന്നു നീക്കാനാവില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു. 2023-ല്‍, ആലന്ദ് നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാരെ നീക്കാന്‍ ചില ശ്രമങ്ങള്‍ നടന്നിരുന്നു. കേസില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെയാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തതെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
വോട്ടര്‍പട്ടികയില്‍നിന്ന് പൊതുജനങ്ങള്‍ക്ക് ആളുകളെ നീക്കാനാകുമെന്നത് രാഹുലിന്റെ തെറ്റിദ്ധാരണയാണെന്നും കമ്മിഷന്‍ വാദിക്കുന്നു. അലന്ദ് നിയമസഭ മണ്ഡലത്തില്‍ 2018ല്‍ ബിജെപിയുടെ സുഭാധ് ഗട്ടീദാറാണ് വിജയിച്ചതെന്നും 2023ല്‍ കോണ്‍ഗ്രസിലെ ബി.ആര്‍.പാട്ടീലാണു വിജയിച്ചതെന്നും കമ്മിഷന്‍ വ്യക്തമാക്കി. 2023-ല്‍ വോട്ട് നീക്കാനുള്ള ശ്രമം വിജയിച്ചില്ല. ഇതില്‍ അന്വേഷണം നടന്നു വരുകയാണെന്നും കമ്മീഷന്‍ എക്‌സില്‍ കുറിച്ചു.
ഇന്നു നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ രാഹുല്‍ ഗാന്ധി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. കേന്ദ്രീകൃതമായി നടക്കുന്ന പദ്ധതിയാണ് വോട്ടുകൊള്ളയെന്നും ഇതു നടത്തുന്നവരെ സഹായിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷനെന്നും രാഹുല്‍ ആരോപിച്ചു. കര്‍ണാടകയിലെ അലന്ദില്‍ 6018 വോട്ടര്‍മാരെയാണ് പട്ടികയില്‍നിന്ന് നീക്കിയതെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഇതിനാണ് കമ്മിഷന്‍ ഉടനടി മറുപടി നല്‍കിയിരിക്കുന്നത്.



