
കൊല്‍ക്കത്ത: ഇന്ത്യക്കെതിരെ ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ തീരുവ വര്‍ധനവ് പിന്‍വലിച്ചേക്കുമെന്ന് സൂചന. മുഖ്യ സാമ്പത്തിക ഉദേഷ്ടാവ് വി. അനന്ത നാഗേശ്വരനാണ് ഇതുസംബന്ധിച്ച ചില സൂചനകള്‍ നല്‍കിയത്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് ചുമത്തിയ അധിക തീരുവ നവംബര്‍ 30ന് ശേഷം പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്ന് വി.അനന്ത നാഗേശ്വരന്‍ സൂചിപ്പിച്ചു. ഇന്ത്യ-യുഎസ് വ്യാപാരക്കാരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചതിന് പിന്നാലെയാണ് നീക്കം എന്നതും ശ്രദ്ധേയമാണ്. കൊല്‍ക്കത്തയില്‍ മര്‍ച്ചന്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നും അദ്ദേഹം.
25 ശതമാനം തീരുവയും 25 ശതമാനം പിഴത്തീരുവയും പ്രതീക്ഷിച്ചിരുന്നില്ല. ചില സാഹചര്യങ്ങളാകാം പിഴത്തീരുവയിലേക്ക് നയിച്ചതെന്ന് താന്‍ വിശ്വസിക്കുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളില്‍ നടന്ന കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ നവംബര്‍ 30ന് ശേഷം പിഴത്തീരുവ ഉണ്ടാകില്ലെന്നാണ് തന്റെ വിശ്വാസം. പക്ഷേ ഇത് തന്റെ തോന്നല്‍ മാത്രമാണെന്നും അദ്ദേഹം പറയുന്നു.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്ക ഇന്ത്യക്കുമേല്‍ തീരുവ ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇന്ത്യ ഇതിന് തയ്യാറായിരുന്നില്ല. തുടര്‍ന്നും റഷ്യയില്‍ നിന്ന് തന്നെ എണ്ണ വാങ്ങല്‍ തുടര്‍ന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പിഴതീരുവയായി വീണ്ടും 25 ശതമാനം കൂടി അമേരിക്ക ഏര്‍പ്പെടുത്തുകയായിരുന്നു. ഇതിനിടെ ഇന്ത്യ – യുഎസ് വ്യാപാരക്കരാര്‍ പാതിവഴിയിലാവുകയും ചെയ്തു. കഴിഞ്ഞ ദിവസം ഇന്ത്യ – യുഎസ് വ്യാപാരക്കരാര്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി യുഎസ് പ്രതിനിധികള്‍ ഇന്ത്യയില്‍ എത്തിയിരുന്നു. ഈ ചര്‍ച്ച ശുഭസൂചകമെന്നാണ് ഇരുകൂട്ടരും വിശേഷിപ്പിച്ചത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള അസ്വാരസങ്ങള്‍ പരിഹരിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്.



