
ചെന്നൈ: ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാരിനും എതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഹിന്ദി ഭാഷ അടിച്ചേല്‍പിക്കല്‍ മുതല്‍ വിദ്യാഭ്യാസ ഫണ്ട് തടഞ്ഞുവയ്ക്കുന്നതു വരെയുള്ള വിവിധ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു വിമര്‍ശനം. തമിഴ്‌നാടിന്റെ അവകാശങ്ങളും ഭാഷയും സ്വത്വവും സംരക്ഷിക്കുമെന്നും തമിഴ്‌നാടിനെ ഒരിക്കലും തല കുനിക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി സ്റ്റാലിന്‍ വ്യക്തമാക്കി. തമിഴ്‌നാടിനുമേല്‍ കേന്ദ്രം സാംസ്‌കാരികവും ഭരണപരവുമായ കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് സ്റ്റാലിന്‍ ആരോപിച്ചു.
അപകടകരമായ കേന്ദ്രീകരണ പ്രവണതയെ വിമര്‍ശിച്ച സ്റ്റാലിന്‍ സംസ്ഥാനങ്ങളെ ദുര്‍ബലമാക്കുന്ന കേന്ദ്രനയങ്ങളെ ഡിഎംകെ ഒരിക്കലും അനുവദിക്കില്ലെന്നും വ്യക്തമാക്കി. കശ്മീരിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ അദ്ദേഹം ഫെഡറലിസത്തിന്റെയും ഭാഷാപരമായ അവകാശങ്ങളുടെയും സംരക്ഷണം ഇപ്പോള്‍ ഒരു തലമുറയുടെ കടമയാണെന്ന് പറഞ്ഞു. ഇപ്പോള്‍ ബിജെപിയെ തടഞ്ഞില്ലെങ്കില്‍, അടുത്തത് അവര്‍ സംസ്ഥാനങ്ങളില്ലാത്ത ഒരു രാജ്യത്തെ സൃഷ്ടിക്കും. ബിജെപിക്ക് തമിഴ്‌നാട്ടിലേക്ക് പ്രവേശനമില്ലെന്നും മൂന്നാം തവണ അധികാരത്തില്‍ വന്നിട്ടും മോദി മാജിക് തമിഴ്‌നാട്ടില്‍ വിലപ്പോകില്ലെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
ദ്രാവിഡ മുന്നേറ്റ കഴക(ഡിഎംകെ)ത്തിന്റെ സ്ഥാപക ദിനവും പെരിയാറിന്റെയും അണ്ണായുടെയും ജന്മവാര്‍ഷികവും പ്രമാണിച്ച് കരൂരില്‍ നടന്ന ‘മുപ്പെരും വിഴ’യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍. കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും സ്റ്റാലിന്‍ കടന്നാക്രമിക്കുകയും ചെയ്തു. ഇരട്ട അക്ക സാമ്പത്തിക വളര്‍ച്ച കൈവരിച്ച ഏകസംസ്ഥാനം തമിഴ്‌നാടാണെന്ന് പറഞ്ഞുകൊണ്ട് സര്‍ക്കാരിന്റെ പ്രധാന പദ്ധതികളും നേട്ടങ്ങളും സ്റ്റാലിന്‍ വിശദീകരിക്കുകയും ചെയ്തു.



