
തിരുവനന്തപുരം: പൊലീസ് അതിക്രമത്തിന്റെ പേരില്‍ 144 പൊലീസുകാര്‍ക്കെതിരെ അച്ചടക്കനടപടി എടുത്ത് പിരിച്ചുവിട്ടെന്ന മുഖ്യമന്ത്രിയുടെ വാദം കള്ളമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 2016 ല്‍ അധികാരമേറ്റ ശേഷം ഇതുവരെ അമ്പതില്‍ താഴെ പോലീസ് ഉദ്യോഗസ്ഥരെ മാത്രമാണ് പിരിച്ചു വിട്ടത് എന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക്. അങ്ങനെയെങ്കില്‍ നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന നുണയാണ്. ബോധപൂര്‍വം നുണ പറഞ്ഞ് സഭയേയും ജനങ്ങളേയും തെറ്റിദ്ധരിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും നിയമസഭയില്‍ തെറ്റായ വിവരം നല്‍കിയതിന് മുഖ്യമന്ത്രിക്കെതിരെ സ്പീക്കര്‍ക്ക് അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.
പിരിച്ചു വിട്ടു എന്നു പറഞ്ഞ 144 പോലീസ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് നിയമസഭയില്‍ വെയ്ക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. അല്ലാത്ത പക്ഷം പറഞ്ഞ ഈ അവകാശവാദം പിന്‍വലിച്ച് മാപ്പ് പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന 2011-2016 കാലഘട്ടത്തില്‍ സേനയ്ക്ക് മാനക്കേടുണ്ടാക്കിയ 61 പോലീസ് ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിട്ടത്. എന്നാല്‍ പിണറായി വിജയന് സര്‍ക്കാരിന്റെ ഒമ്പതര വര്‍ഷത്തെ ഭരണകാലയളവില്‍ കടുത്ത ക്രിമിനല്‍ പശ്ചാത്തലമുള്ളവരടക്കം 144 പേരെ പിരിച്ചു വിടണമെന്നു ശുപാര്‍ശയുണ്ടായിട്ടും നടപടിയെടുക്കപ്പെട്ട മിക്കവരും സര്‍വീസില്‍ നിന്നു ദീര്‍ഘകാലം വിട്ടുനിന്നവര്‍ മാത്രമാണ്. ക്രിമിനല്‍കേസില്‍ പെട്ട ഉദ്യോഗസ്ഥരെ പിരിച്ചു വിടാതെ ഈ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ് ചെയ്തതെന്നും ചെന്നിത്തല വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത് ഉദയകുമാര്‍ ഉരുട്ടി കൊലകേസുകളിലെ പ്രതികള്‍ രക്ഷപ്പെടാന്‍ കാരണം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അനാസ്ഥയാണെന്നാണ്. എന്നാല്‍ ഈ കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് സിബിഐ ആണെന്ന കാര്യം മുഖ്യമന്ത്രി ബോധപൂര്‍വം മറച്ചു വച്ചു. മുത്തങ്ങയില്‍ വിനോദ് എന്ന പോലീസ് ഉദ്യോഗസ്ഥനെ അടിച്ചു കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് അവിടെ വെടിവെയ്പ്പ് ഉണ്ടായത് എന്ന കാര്യവും മുഖ്യമന്ത്രി ബോധപൂര്‍വം വിട്ടുകളഞ്ഞ് എ.കെ.ആന്റണിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു. കോണ്‍ഗ്രസിന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ വെടിവെപ്പുണ്ടായതെന്ന മുഖ്യമന്ത്രിയുടെ വാദം ശുദ്ധനുണയാണെന്നും അദ്ദേഹം പറഞ്ഞു.
വലിയതുറയിലും ചെറിയ തുറയിലും വെടിവയ്പ്പുണ്ടായത് ഇഎംഎസിന്റെ കാലത്താണ്., ചന്ദനത്തോപ്പ് വെടിവെപ്പ്, കെഎസ്.യു നേതാവ് മുരളിയെ അടിച്ചു കൊന്നത്, സുധാകര അക്കിത്താ, ശാന്താറാം ഷേണായ് എന്നിവര്‍ വെടിയേറ്റ് മരിച്ചത്, ലീഗിന്റെ ഭാഷാസമരത്തിലെ രക്തസാക്ഷികള്‍, നാലു മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നത്, ഇതെല്ലാം ഇടത് സര്‍ക്കാരുകളുടെ കാലത്ത് നടന്നതാണ്. പാലക്കാട്ട് സിറാജുന്നീസ എന്ന പെണ്‍കുട്ടിയെ വെടിവെച്ചു കൊന്ന കേസിലെ കാരണക്കാരന്‍ എന്നാരോപിക്കപ്പെട്ട രമണ്‍ ശ്രീവാസ്തവയെയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ പോലീസിന്റെ മുഖ്യ അഡൈ്വസര്‍ ആക്കിയത്. കൂത്തുപറമ്പില്‍ അഞ്ചു പേരെ വെടിവെച്ചു കൊന്ന നടപടിക്ക് ഉത്തരവിട്ടു എന്ന പേരില്‍ സിപിഎം കുറ്റമാരോപിച്ച റവഡ ചന്ദ്രശേഖര്‍ ഇന്ന് കേരളത്തിന്റെ ഡിജിപി ആണ്.
കസ്റ്റഡി മരണങ്ങള് തുടര്‍ക്കഥയാകുമ്പോള്‍ പോലീസ് കംപ്ളെയന്റ് അതോറിറ്റി മൗനം തുടര്‍ന്നത് കുറ്റവാളികള്‍ക്ക് ആത്മധൈര്യം നല്‍കുകയും കൂടുതല്‍ കസ്റ്റഡി മരണപരമ്പരകള്‍ തന്നെ നടക്കുകയും ചെയ്തു. ഈ വിഷയത്തില്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയില്‍ പോലീസില്‍ നിന്നല്ലാത്ത ഒരു അന്വേഷണ ഉദ്യോഗസ്ഥനെ അടിയന്തിരമായി നിയമിക്കാന്‍ കോടതി വിധി നിലവിലുണ്ടെങ്കിലും നോട്ടിഫിക്കേഷന്‍ ഇടയ്ക്കിടെ പുതുക്കിയിറക്കി യോഗ്യത അപ്രായോഗികമായി പുനര്‍നിര്‍ണയിച്ച് ആളെ കിട്ടാത്ത അവസ്ഥയുണ്ടാക്കി ഈ പോസ്റ്റ് ഒഴിപ്പിച്ചിട്ട് കോടതിയെപോലും കബളിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു



