
കോഴിക്കോട്: കേരളത്തില്‍ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തൃശ്ശൂര്‍ ചാവക്കാട് സ്വദേശി റഹീം എന്ന 59 കാരന് ആണ് മരിച്ചത്. രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോഴിക്കോട് നിന്ന് അബോധാവസ്ഥയില്‍ കണ്ടെത്തിയ ചാവക്കാട് സ്വദേശിയെ വളണ്ടിയര്‍മാരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ഇയാളുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് വീടുവിട്ടിറങ്ങിയതാണ് ഇയാളെന്നാണ് വിവരം.
ഇതോടെ, രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം 10 ആയി. മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ മൂന്നും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആറു പേരാണ് ചികിത്സയിലുള്ളത്. സ്വകാര്യ ആശുപത്രിയില്‍ ഒരാളും ചികിത്സയിലുണ്ട്. ഒന്നര മാസത്തിനിടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സക്കിടെ ഏഴു പേര് മരിക്കുകയും രണ്ടു കുട്ടികള്‍ അടക്കം മൂന്നു പേര് രോഗമുക്തി നേടി ആശുപത്രി വിടുകയും ചെയ്തു.
മെഡിക്കല്‍ കോളജ് മാതൃ-ശിശുസംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലിരുന്ന മലപ്പുറം ചേളാരി പാടാട്ടാലുങ്ങല്‍ സ്വദേശിയായ 11കാരിയാണ് രോഗമുക്തി നേടി അവസാനം ആശുപത്രിവിട്ടത്. 15 ദിവസത്തെ ഇടവേളകളില്‍ നടത്തിയ രണ്ടു സ്രവ പരിശോധകളില്‍ ഫലം നെഗറ്റിവ് ആയതായും കുട്ടി പൂര്‍ണ ആരോഗ്യം വീണ്ടെടുത്തതായും ഡോക്ടര്‍മാര്‍ അറിയിച്ചത്.



