
ഇംഫാല്‍: മണിപ്പൂരില്‍ അസം റൈഫിള്‍സ് സൈനികര്‍ക്കു നേരെ അജ്ഞാതരുടെ വെടിവയ്പ്പ്. രണ്ടു സൈനികര്‍ വീരമൃത്യു വരിച്ചു. അഞ്ചു സൈനികര്‍ക്ക് പരുക്കേറ്റതായാണ് വിവരം .വെള്ളിയാഴ്ച വൈകുന്നേരം ബിഷ്ണുപൂര്‍ ജില്ലയിലാണ് അക്രമം ഉണ്ടായത്. സൈനികര്‍ സഞ്ചരിച്ച ട്രക്കിനു നേര്‍ക്ക് അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ബിഷ്ണുപുര്‍ ജില്ലയിലെ നംബോല്‍ സബാല്‍ ലെയ്കെയിലായിരുന്നു അക്രമം. ഇംഫാലില്‍നിന്ന് ബിഷ്ണുപുരിലേക്ക് വരുകയായിരുന്ന സൈനികരുടെ വാഹനം ഒരു സംഘം തോക്കുധാരികള്‍ ആക്രമിക്കുകയായിരുന്നെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
തീവ്രവാദ സംഘടന മണിപ്പൂരില്‍ ആഹ്വാനം ചെയ്ത ബന്ദ് രണ്ടുദിവസം കഴിഞ്ഞ് നടക്കാനിരിക്കെയാണ് അക്രമം ഉണ്ടായതെന്നത് ശ്രദ്ധേയമാണ്. മണിപ്പൂര്‍ ലയനത്തിനെതിരെയാണ് തീവ്രവാദ സംഘടന ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജിരിബാം ജില്ലയില്‍ നടന്ന അക്രമത്തിനു ശേഷം ആദ്യമായാണ് ഇത്തരമൊരു തീവ്രവാദ ആക്രമണം മണിപ്പൂരില്‍ നടക്കുന്നത്. അന്ന് ആ ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന് ജീവന് നഷ്ടമാകുകയും മൂന്നുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.



