
തീരുവ ചുമത്തി ഇന്ത്യയെ പ്രതിരോധത്തിലാക്കിയ അമേരിക്ക ഇന്ത്യയ്ക്ക് അടുത്ത എട്ടിന്റെ പണി കൂടി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയ്ക്ക് നിര്‍ണായക പങ്കാളിത്തമുള്ള ഇറാനിലെ ചബഹാര്‍ തുറമുഖത്തിന് ഉപരോധം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് അമേരിക്ക. ഇന്ത്യയ്ക്കും മധ്യേഷ്യന്‍ രാജ്യങ്ങള്‍ക്കും ഇടയിലുള്ള വ്യാപാരങ്ങളുടെ ചാലകശക്തിയായി പ്രവര്‍ത്തിക്കുന്ന ചബഹാറിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഇന്ത്യയ്ക്ക് വലിയ രീതിയിലുള്ള തിരിച്ചടിയുണ്ടാക്കും. ഇപ്പോള്‍ തന്നെ തീരുവ കൂട്ടി ഇന്ത്യയ്ക്ക് അന്താരാഷ്ട്ര വാണിജ്യ മേഖലയില്‍ വലിയ പ്രതിസന്ധിയുണ്ടാക്കിയ അമേരിക്ക ഇതുവഴി വീണ്ടും ഇന്ത്യയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടാനുള്ള ഒരുക്കത്തിലാണ്. ഈമാസം 29 മതുല്‍ ചബഹാറില്‍ ഉപരോധം വരുമെന്ന് യുഎസ് വിദേശകാര്യ ഡെപ്യൂട്ടി വക്താവ് തോമസ് പിഗോട്ട് വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്റെ എണ്ണക്കയറ്റുമതിക്ക് സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു അമേരിക്ക.
മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കും അഫ്ഗാനിസ്ഥാനിലേക്കുമുള്ള വ്യാപാര ഇടനാഴിയില്‍ സുപ്രധാന പങ്ക് വഹിക്കുന്നതാണ് ഇറാനിലെ ചബഹാര്‍ തുറമുഖം. ഇറാന്റെ തെക്കന്‍ തീരത്തെ എണ്ണസമ്പുഷ്ടമായ സിസ്റ്റാന്‍-ബലൂചിസ്താന്‍ പ്രവിശ്യയിലാണ് ചബഹാര്‍ ആഴക്കടല്‍ തുറമുഖം സ്ഥിതി ചെയ്യുന്നത്. വ്യാപാരബന്ധങ്ങള്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യയും ഇറാനും സംയുക്തമായി വികസിപ്പിക്കുന്നതാണിത്. ഇവിടെ ചബഹാര്‍ തുറമുഖ പദ്ധതിക്ക് അമേരിക്ക നല്‍കിയിരുന്ന ഉപരോധ ഇളവുകളാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. 2018-ലെ ഇറാന് ഫ്രീഡം ആന്‍ഡ് കൗണ്ടര്‍ പ്രോലിഫെറേഷന് ആക്ട്(ഐഎഫ്സിഎ) പ്രകാരമാണ് ഉപരോധമേര്‍പ്പെടുത്താനുള്ള നീക്കം. മുന്‍ യു.എസ് പ്രസിഡണ്ട് ജോ ബൈഡന്റെ കാലത്ത് തന്നെ ഇറാനുമായി വ്യാപാര ഇടപാടുകളിലേര്‍പ്പെടുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കടുത്ത ഉപരോധമേര്‍പ്പെടുത്താന്‍ നീക്കം നടന്നിരുന്നു. അന്ന് ബൈഡന് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇന്ത്യയുമായുള്ള അടുത്തബന്ധം കണക്കിലെടുത്തും ഇന്ത്യയ്ക്ക് ചബഹാറിലുള്ള പ്രത്യേക താത്പര്യം കണക്കിലെടുത്തും ബൈഡന് സര്‍ക്കാര്‍ തുറമുഖ വികസനത്തിന് ഇളവ് നല്‍കുകയായിരുന്നു. ഇറാനു മേല്‍ പരമാവധി സമ്മര്‍ദ്ദം ചെലുത്താനും നയതന്ത്രപരമായി ഒറ്റപ്പെടുത്താനുമുള്ള ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിന്റെ ഭാഗമായി വേണം ഈ ഉപരോധത്തെ കാണാന്‍. വര്‍ഷങ്ങളായി ഇറാനും അമേരിക്കയുമായി നിലനില്‍ക്കുന്ന വൈര്യവും ഈ നീക്കത്തിന്റെ പിന്നിലുണ്ട്.
ചബഹാര്‍ തുറമുഖത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത് ഇന്ത്യയാണ്. ഇന്ത്യയുടെ ചരക്ക് നീക്കത്തിന്റെ നല്ലൊരു പങ്കും ഈ തുറമുഖം വഴി നടക്കുന്നുണ്ട്. അത്തരമൊരു തുറമുഖത്ത് ഉപരോധം വരുന്നത് ഇന്ത്യയ്ക്ക് വലിയ രീതിയില്‍ തിരിച്ചടിയാകും. പാകിസ്താനെ മറികടന്ന് ഇന്ത്യയെ മധ്യേഷ്യന്‍ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന തുറമുഖമാണ് ചബഹാര്‍. 2024 മേയിലാണ് ഇന്ത്യ ചബഹാറുമായി ഒരു ദീര്‍ഘകാല പാട്ടക്കരാര്‍ ഒപ്പുവച്ചത്. തുറമുഖത്തിന്റെ നടത്തിപ്പിലും പ്രവര്‍ത്തനങ്ങളിലുമുള്ള അവകാശത്തില്‍ 10 വര്‍ഷത്തേക്കുള്ള കരാറാണ് ജോ ബൈഡന് യു.എസ് പ്രസിഡണ്ടായ കാലത്ത് ഒപ്പുവച്ചത്. തുറമുഖ വികസനത്തിന് 120 മില്യന്‍ ഡോളറിന്റെ നിക്ഷേപവും അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഒരുക്കാന്‍ 250 മില്യന്‍ ഡോളറിന്റെ വായ്പയും ഇന്ത്യ ഉറപ്പുവരുത്തിയിരുന്നു. തുറമുഖത്തിന് ഉപരോധം വരുന്നതിലൂടെ ഇന്ത്യയുടെ നിക്ഷേപങ്ങളും തുലാസിലാകും. ഇറാനും ഇന്ത്യയും ഈ കരാറിനെ നയതന്ത്ര ബന്ധത്തിലെ നാഴികക്കല്ല് എന്നാണ് അന്ന് വിശേഷിപ്പിച്ചത്.
പാകിസ്താനെ ആശ്രയിക്കാതെ അഫ്ഗാനിലേക്കും ഇറാനിലേക്കും മറ്റ് മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കും തുടര്‍ന്ന് അവ വഴി റഷ്യയിലേക്കും യൂറോപ്പിലേക്കും നേരിട്ട് പ്രവേശിക്കാനുള്ള ഇന്ത്യയുടെ തുറുപ്പുചീട്ടാണ് ചബഹാര്‍ തുറമുഖം. ചബഹാറിലെ ഷാഹിദ് ബെഹെഷ്തി ടെര്‍മിനല്‍ മുഖേന മുംബൈയെയും യൂറോഷ്യയെയും രാജ്യാന്തര നോര്‍ത്ത്-സൗത്ത് ഗതാഗത ഇടനാഴിവഴി ബന്ധിപ്പിച്ചതായും ഗതഗാതച്ചെലവിലും സമയത്തിലും വലിയ നേട്ടമുണ്ടെന്നും കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് നേരത്തേ വ്യക്തമാക്കുകയും ചെയ്തു. കഴിഞ്ഞവര്‍ഷത്തെ കപ്പല്‍ ഗതാഗതത്തില്‍ 43%, കണ്ടെയ്നര്‍ നീക്കത്തില്‍ 34% എന്നിങ്ങനെ വര്‍ധനയ്ക്കും ഇതു സഹായിച്ചിരുന്നു. നിലവില്‍ 5 ലക്ഷം ടിഇയു കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യാനാകുംവിധം ശേഷിയിലേക്ക് ഉയര്‍ത്തുകയാണ് ചബഹാറില്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ സജ്ജമാക്കുന്നതിലൂടെ ഇന്ത്യയുടെ ലക്ഷ്യം. ടണ്‍ കണക്കിന് ചരക്ക് ഇതിനോടകം ചബഹാര്‍ വഴി ഇന്ത്യ കയറ്റുമതി ചെയ്യുകയും ചെയ്തു. കൊവിഡ് കാലത്ത് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വാക്സിന് വിതരണത്തിന്റെ പ്രധാന ഇടനാഴിയയി പ്രവര്‍ത്തിച്ചതും ചബഹാര്‍ ആയിരുന്നു. ഇതുവരെ 25 ലക്ഷം ടണ്‍ ഗോതമ്പും 2000 ടണ്‍ ധാന്യങ്ങളുമാണ് ഇന്ത്യ ചബഹാര്‍ ഇടനാഴിയാക്കി അഫ്ഗാനിസ്താനിലേക്ക് കയറ്റി അയച്ചത്.
ഇത്രയും സാമ്പത്തിക വാണിജ്യ നിക്ഷേപ ഇടപാടുകള്‍ ഇന്ത്യ നടത്തുന്ന ചബഹാറില്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള നീക്കം ഇറാനെ പ്രതിരോധത്തിലാക്കുക എന്നത് തന്നെയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇറാന് ആശ്വാസമാകുന്ന ഉത്തരവുകളെല്ലാം മരവിപ്പിക്കാനും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനും ട്രംപ് സര്‍ക്കാര്‍ തീരുമാനിച്ചത്. മുന്‍പ് ഇന്ത്യയ്ക്ക് ഇളവ് നല്‍കുമ്പോഴുണ്ടായിരുന്ന സ്ഥിതി വിശേഷം ഇന്ന് മാറിയതായി അമേരിക്ക കരുതുന്നു. അഫ്ഗാനിസ്ഥാനില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനു പകരം താലിബാന് ഭരണകൂടം വന്നതടക്കമുള്ള അന്തര്‍ദേശീയ രാഷ്ട്രീയ മാറ്റങ്ങള്‍ കൂടി കണ്ടായിരിക്കും അമേരിക്കയുടെ ഈ തീരുമാനം.
അതിനിടെ ഇന്ത്യയും യു.എസും ഉഭയകക്ഷി വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫിസിലെ ഉദ്യോഗസ്ഥ സംഘം ഇന്ത്യയിലെത്തുകയും ചെയ്തു. അടിയന്തരമായി തന്നെ ഇന്ത്യയും യുഎസും തമ്മില്‍ പരസ്പര ഗുണകരമായ ചര്‍ച്ചകള്‍ നടക്കണമെന്ന് ഇരുരാജ്യങ്ങളുടെയും ഉദ്യോഗസ്ഥ തലവന്മാര്, തീരുമാനിച്ചിട്ടുണ്ട്. അമേരിക്കന്‍ കാര്‍ഷിക ഉല്പന്നങ്ങള്ക്ക്, പ്രത്യേകിച്ച് ചോളത്തിന്, ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ അനുമതി നല്‍കണമെന്നതാണ് യു.എസ് മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യം. ജനിതകമാറ്റം വരുത്തിയ ചോളം സംബന്ധിച്ച ഇന്ത്യയുടെ നിലപാടുകളും, തദ്ദേശീയ കര്‍ഷകരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഇന്ത്യയും ചര്‍ച്ചകളില്‍ ഉന്നയിച്ചു. കൂടാതെ, ഇറക്കുമതി തീരുവകള്‍ കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും ഉഭയകക്ഷി യോഗത്തില്‍ ചര്‍ച്ചയായതായാണ് വിവരം. ഒരു വ്യാപാര കരാര്‍ യാഥാര്‍ഥ്യമായാല്‍, നിലവില്‍ 200 ബില്യന്‍ ഡോളറിനടുത്തുള്ള ഉഭയകക്ഷി വ്യാപാരം 2030ഓടെ 500 ബില്യന്‍ ഡോളറായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.
ഇതിനിടയിലാണ് സൗദി അറേബ്യയും പാകിസ്താനുമായി ഒപ്പുവച്ച ഒരു കരാറിനെ ചൊല്ലി ഇന്ത്യയ്ക്കിടയില് ആശങ്ക സൃഷ്ടിച്ചിട്ടുള്ളത്. സൗദിക്കും പാകിസ്താനും ഒപ്പുവച്ച ഒരു പുതിയ പ്രതിരോധക്കരാറാണ് ആശങ്കയ്ക്ക് ആധാരം. പാകിസ്താനിലോ സൗദിയിലോ നടക്കുന്ന ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഇരുരാജ്യങ്ങള്ക്കുമെതിരെയുള്ളതായി കണക്കാക്കുമെന്ന വ്യവസ്ഥയാണ് ഈ പ്രതിരോധക്കരാറില്‍ പ്രസക്തം. അങ്ങനെ വന്നാല്‍, ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ സൗദി പാകിസ്താനെ പിന്തുണയ്ക്കുമോയെന്നതാണ് ഇന്ത്യയുടെ ആശങ്ക. എന്നാല്‍, പ്രതിരോധക്കരാര്‍ ഇന്ത്യയെ ബാധിച്ചേക്കില്ലെന്ന സൂചനയാണ് സൗദി അറേബ്യ നല്‍കുന്നത്. ”ഏതെങ്കിലും പ്രത്യേക രാജ്യത്തിനോ ഏതെങ്കിലും സംഭവങ്ങളോടോ ഉള്ള മറുപടിയല്ല ഈ കരാറെന്നും ഇന്ത്യയുമായി മികച്ച ബന്ധമാണ് സൗദിക്കുള്ളതെന്നും ആ ബന്ധം വളര്‍ത്തുമെന്ന് കൂടി സൗദി ഉന്നതോദ്യോഗസ്ഥന് വെളിപ്പെടുത്തി. അതേസമയം, ഖത്തര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലിനുള്ള താക്കീതെന്ന നിലയ്ക്കും ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഐക്യം അവരെ ബോധ്യപ്പെടുത്തുകയുമാണ് കരാറിലൂടെ സൗദി ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തല്‍.



