
കണ്ണൂര്‍: മന്ത്രിമാരെ ബഹുമാനപ്പെട്ട എന്ന് അഭിസംബോധന ചെയ്യണമെന്ന ഉത്തരവിനെ പരിഹസിച്ച് പ്രശസ്ത എഴുത്തുകാരന് ടി.പദ്മനാഭന്. ബഹുമാനം ഉള്ളത് കൊണ്ടല്ല, പൊലീസിന്റെ ഇടി കൊണ്ട് മരിക്കാന്‍ വയ്യാത്തത് കൊണ്ട് ബഹുമാനപ്പെട്ട എന്ന വിശേഷണത്തോടെ വിളിക്കുന്നുവെന്ന് പദ്മനാഭന് പറഞ്ഞു. ബഹുമാനപ്പെട്ട എന്ന് പറഞ്ഞേ പറ്റൂ. ഇല്ലെങ്കില്‍ ജയിലില്‍ പോകേണ്ടിവരുമെന്നാണ് സ്ഥിതി. സത്യത്തില്‍ ബഹുമാനമൊന്നുമില്ല. നിയമം അനുശാസിക്കുന്നതു കൊണ്ടു മാത്രമാണ് ഈ പദം ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരേ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടത്തിയ സമൂഹനടത്തം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്ത്രിമാരേക്കുറിച്ച് നമ്മള് പറയുമ്പോള്‍ ബഹുമാനപ്പെട്ട എന്ന് പറഞ്ഞേ പറ്റൂ. ഇല്ലെങ്കില്‍ നമ്മള് ജയിലില്‍ പോകേണ്ടിവരും. അതുകൊണ്ട് ഈ വയസുകാലത്ത്, ജയിലില്‍ പോകുന്നതിന് മുമ്പായി പോലീസ് പിടിച്ചിട്ട് ശരിപ്പെടുത്തും. ഒരൊറ്റ അടിക്ക് മരിച്ചു പോകും. അതിനൊന്നും ഇടവരുത്താതിരിക്കാനാണ്, ഞാന്‍ ബഹുമാനപ്പെട്ട ബഹുമാനപ്പെട്ട എന്ന് ഉപയോഗിക്കുന്നത്. ഒരു സ്വകാര്യം പറയാം, സത്യത്തല്‍ ബഹുമാനമൊന്നും ഇല്ല. എന്നാല്‍, നിയമം അനുശാസിക്കുന്നത് കൊണ്ട് ബഹുമാനപ്പെട്ട എന്ന പദം ഉപയോഗിക്കുന്നു, ടി. പദ്മനാഭന് പറഞ്ഞു.
പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറി സ്ഥാപിക്കുന്നതിനെയും ടി. പദ്മനാഭന് വിമര്‍ശിച്ചു. പാലക്കാട് അത്യന്തം ജലക്ഷാമമുള്ള സ്ഥലമാണ്. അവിടെ മദ്യക്കമ്പനി സ്ഥാപിച്ചാല്‍ ആ നാട്ടിലെ വെള്ളം മുഴുവന്‍ നഷ്ടപ്പെടുമെന്നും കുടിക്കാന്‍ വെള്ളമില്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.



