
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്,. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ മുഖ്യമന്ത്രി ഒറ്റപ്പെട്ട സംഭവമായി ചിത്രീകരിച്ച് മുഖ്യമന്ത്രി ഇത്തരം സംഭവങ്ങളെ ലഘൂകരിക്കുകയാണെന്ന് കെപിസിസി അംഗം അഡ്വ.ജെ.എസ് അഖില്‍ ആരോപിച്ചു. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും, സിപിഎം ഭരിക്കുന്ന കേരളത്തില്‍ വനിതകള്‍ സുരക്ഷിതരല്ലെന്നും അഖില്‍ ആരോപിച്ചു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വ.ജെബി മേത്തര്‍ എംപിയുടെ നേതൃത്വത്തില്‍ നടക്കുന്ന ‘സാഹസ് യാത്ര’യ്ക്ക് കഴക്കൂട്ടത്ത് നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2025ല്‍ ഇതുവരെ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 11,036 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജൂലൈ വരെ 2811 പോക്‌സോ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഗൗരവത്തോടെ വിഷയത്തെ കാണുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്ത്രീ പീഡന പരാതിയില്‍ അന്വേഷണം നേരിട്ട് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട സിപിഎം എംഎല്‍എക്കെതിരെ പാര്‍ട്ടി ചെറുവിരല്‍ അനക്കാന്‍ പോലും തയ്യാറായിട്ടില്ലെന്നും ഇത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിന്റെ ഒരു യുവ എംഎല്‍എക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ പാര്‍ട്ടി നേതൃസ്ഥാനം രാജിവെപ്പിക്കുകയും പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തത് രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യ സംഭവമാണെന്ന് അഖില്‍ പറഞ്ഞു. ഈ തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകര്‍ അംഗീകരിക്കുകയും അനുസരിക്കുകയും വേണം. ‘മുറിവില്‍ കുത്തി വ്രണമാക്കുകയല്ല, മുറിവുണങ്ങാനുള്ള സമയമാണ് നല്‍കേണ്ടത്’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സഭയ്ക്കകത്തും പുറത്തും സര്‍ക്കാരിന്റെ അഴിമതികളെ തുറന്നുകാട്ടുന്നതുകൊണ്ടാണ് സിപിഎം അദ്ദേഹത്തെ ലക്ഷ്യം വെക്കുന്നതെന്ന് അഖില്‍ ആരോപിച്ചു. കോണ്‍ഗ്രസിന്റെ പേരില്‍ വ്യാജ ഐഡികള്‍ ഉണ്ടാക്കി പ്രതിപക്ഷ നേതാവിനെതിരെ സൈബര്‍ ആക്രമണം നടത്തി പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്താന്‍ സിപിഎം ബോധപൂര്‍വം ശ്രമിക്കുന്നുണ്ട്. ഈ സൈബര്‍ ബുള്ളിംഗിനെതിരെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പൊരുതണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.



