ഗാസ വെടിനിര്‍ത്തലിനുള്ള പ്രമേയം തുടര്‍ച്ചയായ ആറാം തവണയും വീറ്റോ ചെയ്ത് യു.എസ്; പ്രമേയം പര്യാപ്തമല്ലെന്ന് യു.എസ്; വേദനാ ജനകമെന്ന് പലസ്തീന്‍

യു.എന്‍ രക്ഷാസമിതിയില്‍ യു.എസ് പ്രതിനിധി മോര്‍ഗന്‍ ഒര്‍ട്ടാഗസ് | Image AFP

ന്യൂയോര്‍ക്ക്: കര-വ്യോമ യുദ്ധങ്ങളാല്‍ രക്തരൂഷിതമായ ഗാസയില്‍ വെടിനിര്‍ത്തലിനുള്ള പ്രമേയം ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയില്‍ വീണ്ടും പരാജയപ്പെട്ടു. അമേരിക്ക വീറ്റോ ചെയ്തതോടെയാണ് പ്രമേയം പരാജയപ്പെട്ടത്. ഇത് തുടര്‍ച്ചയായ ആറാം തവണയാണ് യു.എസ് വെടിനിര്‍ത്തല്‍ പ്രമേയം വീറ്റോ ചെയ്യുന്നത്. ഗാസയില്‍ ഉടന്‍ പൂര്‍ണമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ബന്ദികളെ വിട്ടയക്കണമെന്നും ആവശ്യപ്പെടുന്നതായിരുന്നു പ്രമേയം. രക്ഷാസമിതിയിലെ അംഗങ്ങളായ മറ്റ് 14 രാജ്യങ്ങളും കരട് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോഴാണ് യുഎസ് പ്രമേയം വീറ്റോചെയ്തത്.

ഹമാസിനെ അപലപിക്കുന്നതിലും സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ അംഗീകരിക്കുന്നതിലും ഈ പ്രമേയം പര്യാപ്തമല്ലെന്നും അക്കാര്യത്തില്‍ ഇത് പരാജയപ്പെട്ടെന്നുമായിരുന്നു യുഎസ് മിഡില്‍ഈസ്റ്റ് പ്രതിനിധി മോര്‍ഗന്‍ ഒര്‍ട്ടാഗസ് അഭിപ്രായപ്പെട്ടത്. മാത്രമല്ല, ഹമാസിന് ഗുണംചെയ്യുന്ന തെറ്റായ വിവരണങ്ങളെ പ്രമേയം നിയമവിധേയമാക്കുന്നതായും യുഎസ് പ്രതിനിധി ആരോപിച്ചു.

അതേസമയം, ഗാസാപ്രമേയം വീണ്ടും വീറ്റോചെയ്തതില്‍ യുഎന്നിലെ പലസ്തീന്‍ അംബാസഡര്‍ ഉള്‍പ്പെടെയുള്ളവര്‍ നിരാശ പങ്കുവെച്ചു. യുഎസിന്റെ തീരുമാനം തീര്‍ത്തും വേദനാജനകമാണെന്നായിരുന്നു പലസ്തീന്‍ അംബാഡറായ റിയാദ് മന്‍സൂറിന്റെ പ്രതികരണം. നിലവിലെ അതിക്രമങ്ങളില്‍ ഇടപെടാനുള്ള നീക്കത്തില്‍നിന്ന് രക്ഷാസമിതിയെ ഇത് തടഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പ്രമേയം യുഎസ് വീറ്റോചെയ്തതിന് പിന്നാലെ അല്‍ജീരിയയുടെ അംബാസഡര്‍ പലസ്തീന്‍ ജനതയോട് ക്ഷമാപണവും നടത്തി. പലസ്തീനിലെ സഹോദരന്മാരും സഹോദരികളും തങ്ങളോട് ക്ഷമിക്കണമെന്നായിരുന്നു അല്‍ജീരിയന്‍ അംബാസഡറായ അമര്‍ ബെന്‍ഡ്ജാമയുടെ പ്രതികരണം. ലോകം അവകാശങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ പല്സ്തീനികള്‍ക്ക് അത് നിഷേധിക്കപ്പെടുകയാണ്. തങ്ങളുടെ ആത്മാര്‍ഥമായ ശ്രമങ്ങള്‍ തിരസ്‌കരണത്തിന്റെ മതിലില്‍ തട്ടി തകരുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, ഇസ്രയേല്‍ കരയുദ്ധം ആരംഭിച്ചതിന് പിന്നാലെ ഗാസയില്‍നിന്നുള്ള കൂട്ടപലായനം തുടരുകയാണ്.

Scroll to Top