
ന്യൂഡല്‍ഹി: ‘പുലര്‍ച്ചെ നാലു മണിക്ക് ഉണരും., 35 സെക്കന്‍ഡിനുള്ളില്‍ രണ്ടു വോട്ടര്‍മാരെ ഡിലീറ്റ് ആക്കി വീണ്ടും കിടന്നുറങ്ങും. ഇങ്ങനെയാണ് വോട്ട് കൊള്ള നടന്നത്.’ വോട്ട് ചോരി ആരോപണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ഇന്ന് വീണ്ടും രംഗത്തെത്തി. രൂക്ഷവിമര്‍ശനമാണ് അദ്ദേഹം ഇന്നും കമ്മീഷനെതിരെ ഉയര്‍ത്തിയത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉണര്‍ന്നിരുന്ന് മോഷണം നിരീക്ഷിച്ചു, കള്ളന്മാരെ സംരക്ഷിച്ചു എന്നും രാഹുല്‍ എക്‌സ് പോസ്റ്റില്‍ കുറിച്ചു.
കര്‍ണാടകയിലെ ആലന്ദ്, മഹാരാഷ്ട്രയിലെ രജുറ മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്നായിരുന്നു രാഹുലിന്റെ ആരോപണം. അലന്ദ് മണ്ഡലത്തില്‍ 6,018 വോട്ടുകള്‍ ആരോ നീക്കം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. ദശലക്ഷക്കണക്കിനു വോട്ടുകളാണ് ഇത്തരത്തില്‍ രാജ്യത്താകമാനം നീക്കംചെയ്യുന്നത്. പ്രധാനമായും, പ്രതിപക്ഷത്തിനു വോട്ട് ചെയ്യുന്ന ദലിതര്‍, ഗോത്രവിഭാഗക്കാര്‍, പിന്നാക്കക്കാര്‍, മുസ്‌ലിംകള്‍ എന്നിവരെ പ്രത്യേകം ലക്ഷ്യമിട്ടാണ് വോട്ട് നീക്കലെന്നും അദ്ദേഹം ആരോപിച്ചു. കര്‍ണാടകയില്‍ മാത്രമല്ല, ഹരിയാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെല്ലാം ഇത്തരം തട്ടിപ്പുകള്‍ വ്യാപകമായി നടന്നിട്ടുണ്ട്. മഹാരാഷ്ട്രയിലെ രജൂരയില്‍ കൂട്ടിച്ചേര്‍ക്കലാണ് നടന്നത്. മഹാരാഷ്ട്രയിലെ രജൂര മണ്ഡലത്തില്‍ 6850 വ്യാജ വോട്ടുകളാണ് ചേര്‍ത്തതെന്നും രാഹുല്‍ ഇന്നലെ ആരോപിച്ചിരുന്നു.
രാഹുലിന്റെ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. തെളിവുകളടക്കം പുറത്തുവിട്ടായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. രാഹുല്‍ ഗാന്ധി പറയുന്നത് തെറ്റും അടിസ്ഥാനരഹിതവുമായ കാര്യങ്ങളാണെന്ന് മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും പ്രതികരിച്ചു. വോട്ട് കൊള്ളയ്ക്കെതിരായ ഒപ്പുശേഖരണ ക്യാമ്പയിനില്‍ എല്ലാവരും പങ്കെടുക്കണമെന്ന് പ്രിയങ്കാ ഗാന്ധി ആഹ്വാനം ചെയ്തു,



