
കാസര്‍ഗോഡ്: ശബരിമലയിലെ സ്വര്‍ണം വിറ്റ പണം കൊണ്ടാണോ അയ്യപ്പ സംഗമം നടത്തുന്നതെന്ന വിമര്‍ശനവുമായി കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്. ആഗോള അയ്യപ്പ സംഗമം എന്ന പേരില്‍ നടത്തുന്ന സംഗമം സര്‍ക്കാരിന്റെ തട്ടിപ്പും കുതന്ത്രവുമാണ്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയിട്ടുള്ള സത്യവാങ്മൂലം പിന്‍വലിച്ചശേഷമാണ് സംഗമം നടത്തേണ്ടതെന്നും അദ്ദേഹം കാസര്‍ഗോഡ് മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ നടത്തുന്ന രാഷ്ട്രീയ നാടകമാണിത്. ശബരിമലയുടെ ആചാരങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ നടത്തുന്ന ആഗോള അയ്യപ്പ സംഗമം ഒട്ടും ആത്മാര്‍ഥതയില്ലാത്തതാണ്. സ്വര്‍ണക്കേസില്‍ തീരുമാനം വന്നിട്ട് പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫ് മുന്‍ സ്ഥാനാര്‍ഥി കെ.ജെ. ഷൈനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല.
കാസര്‍ഗോഡ് ഡിസിസിയില്‍ നടക്കുന്ന കോണ്‍ഗ്രസ് ജില്ലാ നേതൃയോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പുകള്‍ അടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കണമെന്നു നേതൃയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.



