മുഖ്യമന്ത്രിയുടെ കപട അയ്യപ്പ സ്‌നേഹം ജനം തിരിച്ചറിയുമെന്ന് വി.ഡി സതീശന്‍; സംഗമം ഉദ്ഘാടനം ചെയ്തത് കപട ഭക്തനെ പോലെ; വൈപ്പിന്‍ എംഎല്‍എക്കെതിരായ വാര്‍ത്ത പുറത്തുവന്നത് സിപിഐഎമ്മില്‍ നിന്ന്.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ (ഫയല്‍ ചിത്രം)

കൊച്ചി: അയ്യപ്പ ഭക്തരെ വഞ്ചിച്ച് അയ്യപ്പ സംഗമം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റേത് കപട അയ്യപ്പ സ്‌നേഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയുടെ കാപട്യം ജനം തിരിച്ചറിയും. കപട ഭക്തനെ പോലെയാണ് മുഖ്യമന്ത്രി അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്തത്. ശബരിമലയില്‍ പിണറായി ഭരണകൂടം എന്താണ് ചെയ്തതെന്ന് അയ്യപ്പഭക്തര്‍ക്ക് നല്ല ഓര്‍മയുണ്ടെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി. അടുത്ത രണ്ടു തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് പിണറായി വിജയന്‍ തനിക്ക് യോജിക്കാത്ത ഭക്തിയുടെ പരിവേഷം എടുത്തണിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയില്‍ ആചാരലംഘനത്തിനു കൂട്ടുനിന്ന് പൊലീസിനെ ഉപയോഗിച്ചു നടത്തിയ ക്രൂരകൃത്യങ്ങള്‍ മറച്ചുപിടിച്ചു കൊണ്ടാണ് അയ്യപ്പ സംഗമത്തില്‍ മുഖ്യമന്ത്രി പ്രസംഗിച്ചത്. ഇപ്പോള്‍ ഭക്തിയുടെ പരിവേഷമായി പിണറായി വിജയന്‍ മാറിയിരിക്കുന്നു. ഒന്‍പതര കൊല്ലം ശബരിമലയില്‍ ഒരു വികസനവും നടത്താത്ത സര്‍ക്കാരാണ് മാസ്റ്റര്‍ പ്ലാനുമായി ജനങ്ങളെ കബളിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. യുഡിഎഫ് ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കിയില്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. വര്‍ഗീയവാദികള്‍ക്ക് ഇടമുണ്ടാക്കിക്കൊടുക്കാനാണ് യോഗി ആദിത്യനാഥിന്റെ പ്രസ്താവന സംഗമത്തില്‍ വായിച്ചത്. തെരഞ്ഞെടുപ്പിനു വേണ്ടി നടത്തുന്ന രാഷ്ട്രീയത്തിന്റെ വേറൊരു രൂപമാണ് സംഗമം. എന്നിട്ടാണ് മറ്റുള്ളവരുടെ ഭക്തിയെ മുഖ്യമന്ത്രി കളിയാക്കുന്നതെന്നും സതീശന്‍ വിമര്‍ശിച്ചു.

വൈപ്പിന്‍ എംഎല്‍എയ്ക്ക് എതിരായ വര്‍ത്ത പുറത്തുവന്നത് സിപിഎമ്മില്‍ നിന്നാണ്. വി.എസ്.അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഒരു വ്യക്തിയുടെ യൂട്യൂബ് ചാനലിലാണ് ഈ വാര്‍ത്ത ആദ്യം വന്നത്. കോണ്‍ഗ്രസ് ഹാന്‍ഡിലുകളും അത് പ്രചരിപ്പിച്ചിട്ടുണ്ടാകാം. സ്ത്രീകള്‍ക്കെതിരായ അപവാദ പ്രചരണത്തിനു തുടക്കം കുറിച്ച എം.വി. ഗോവിന്ദന്‍ ഞങ്ങളെ പഠിപ്പിക്കാന്‍ വരരുത്. സൈബര്‍ ആക്രമണത്തില്‍ ഇരട്ടനീതിയാണ്. എത്ര വനിതാ മാധ്യമ പ്രവര്‍ത്തകരെയാണ് സിപിഎം സൈബര്‍ കടന്നലുകള്‍ ആക്രമിച്ചത്. പുതുപ്പള്ളി തെരഞ്ഞെടുപ്പ് കാലത്ത് ഉമ്മന്‍ ചാണ്ടിയുടെ മകളെ ക്രൂരമായി അപമാനിച്ചല്ലോ. കേസെടുത്തെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.

Scroll to Top