കോട്ടയത്ത് സ്‌കൂള്‍ ഗ്രൗണ്ടിനോട് ചേര്‍ന്ന് അസ്ഥികൂടവും തലയോട്ടിയും; അസ്ഥികള്‍ക്ക് മാസങ്ങളുടെ പഴക്കം; ദുരൂഹത

കോട്ടയം: കോട്ടയത്ത് സ്‌കൂള്‍ ഗ്രൗണ്ടിനോട് ചേര്‍ന്നുള്ള കാട്ടില്‍ നിന്ന് തലയോട്ടിയും അസ്ഥികളും കണ്ടെടുത്തു. ആര്‍പ്പൂക്കര മെഡിക്കല്‍ കോളജ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനത്തിനു സമീപമുള്ള കാട്ടില്‍ നിന്നാണ് മാസങ്ങള്‍ പഴക്കമുള്ള തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. മൈതാനത്ത് ഫുട്‌ബോള്‍ കളിക്കുകയായിരുന്ന കുട്ടികള്‍ കാട്ടിലേക്ക് വീണ പന്ത് തിരയുന്നതിനിടെയാണ് അസ്ഥികള്‍ കണ്ടെത്തിയത്. പിന്നീട് പൊലീസെത്തി പ്രദേശത്തേക്ക് പ്രവേശനം വിലക്കി. ശനിയാഴ്ച രാവിലെയാണ് തലയോട്ടിയും അസ്ഥികളും മണ്ണിന്റെ സാംപിളും സമീപത്ത് കിടന്നിരുന്ന വെള്ളക്കുപ്പിയും മറ്റ് അവശിഷ്ടങ്ങളും ശേഖരിച്ചത്.

ഫൊറന്‍സിക് പരിശോധനകള്‍ക്ക് ശേഷം മാത്രമേ അസ്ഥികളുടെ പഴക്കം, പുരുഷനോ സ്ത്രീയോ എന്നിവ സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഗാന്ധിനഗര്‍ എസ്എച്ച്ഒ പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. മാസങ്ങളോളം ശരീരാവശിഷ്ടങ്ങള്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ കിടന്നതില്‍ ദുരൂഹതയുണ്ട്. വളരെ തിരക്കുള്ള റോഡുകളും ജനത്തിരക്കുള്ള ബസ് സ്റ്റോപ്പും സമീപത്തുണ്ടായിട്ടും ശരീരം അഴുകിയ മണം ആരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. സ്‌കൂളിന്റെ ചുറ്റു മതിലുകള്‍ മുഴുവന്‍ തകര്‍ന്ന നിലയിലാണ്. സ്‌കൂള്‍ മൈതാത്തിനു സമീപം വലിയ കാടുകള്‍ വളര്‍ന്ന് നില്‍ക്കുന്നുമുണ്ട്.

തഹസില്‍ദാര്‍ എസ്.എന്‍.അനില്‍കുമാറിന്റെ സാന്നിധ്യത്തില്‍ ഗാന്ധിനഗര്‍ പൊലീസ് എസ്എച്ചഒ ടി.ശ്രീജിത്ത്, സബ് ഇന്‍സ്‌പെക്ടര്‍ എന്‍.ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Scroll to Top