സോപ്പ്, പേസ്റ്റ്, ഷാംപൂ മുതല്‍ ടി.വിയും എസിയും വരെ; നാളെ മുതല്‍ ഈ സാധനങ്ങള്‍ക്കെല്ലാം വില കുറയും., ജിഎസ്ടി പരിഷ്‌കരണത്തില്‍ അറിയേണ്ടതെല്ലാം.!

ജിഎസ്ടി അഥവാ ചരക്ക് സേവന നികുതി., ജിഎസ്ടി നടപ്പിലാക്കിയതിനു ശേഷമുള്ള ഏറ്റവും വലിയ പരിഷ്‌കരണം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുകയാണ്. കേട്ടറിഞ്ഞതു പോലെ തന്നെ നിരവധി വസ്തുക്കള്‍ക്ക് വില കുറയുകയും പല ഉത്പന്നങ്ങള്‍ക്കും വിലകൂടുകയും ചെയ്യും. സാധാരണക്കാര്‍ക്ക് തന്നെയായിരിക്കും ജിഎസ്ടി പരിഷ്‌കരണത്തിന്റെ ഗുണം ഏറ്റവുമധികം ലഭിക്കാന്‍ പോകുന്നതും. ഭക്ഷണ സാധനങ്ങളും ടൂത്ത് പേസ്റ്റ് മുതല്‍ എ,സി വരെയുള്ളവയ്ക്കും വില കുറയും. ഒരു പരിധി വരെയുള്ള, ആഡംബര വസ്ത്രങ്ങള്‍ ഒഴികെയുള്ള വസ്ത്രങ്ങള്‍ക്ക് വിലക്കയറ്റം ഉണ്ടാകില്ല. ഇടത്തരം വാഹനങ്ങള്‍ക്ക് വിലകുറയുന്നതും സാധാരണക്കാര്‍ക്ക് ആശ്വാസമാണ്. പക്ഷേ, ജനങ്ങളുടെ ആരോഗ്യം തകര്‍ക്കുന്ന പുകയില, പാന്‍മസാല പോലുള്ളവയും ലോട്ടറിയും ആഡംബര വാഹനങ്ങള്‍ അടക്കമുള്ളവയ്ക്ക് വിലകൂടുകയും ചെയ്യും.

നേരത്തെ നാല് തട്ടുകളായിട്ടാണ് ജിഎസ്ടി നിരക്കുകള്‍ നിശ്ചയിച്ചിരുന്നത്. 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെയായിരുന്നു നേരത്തെയുണ്ടായിരുന്ന നികുതി നിരക്കുകളുടെ സ്ലാബുകള്‍. ഇക്കഴിഞ്ഞ സെപ്തംബര്‍ 3,4 തിയ്യതികളില്‍ ചേര്‍ന്ന യോഗ തീരുമാന പ്രകാരം നാല് സ്ലാബ് ജിഎസ്ടി ഒഴിവാക്കി പകരം രണ്ട് സ്ലാബ് ജിഎസ്ടി നിലനിര്‍ത്തുകയാണ് ചെയ്തത്. ഇതനുസരിച്ച് 12, 28 ശതമാനം നികുതി സ്ലാബുകള്‍ എടുത്ത് കളഞ്ഞ്, 5, 18 നികുതി സ്ലാബുകള്‍ മാത്രമായിരിക്കും ഇനി നിലനിര്‍ത്തുക. ഇതുവഴി രണ്ടുലക്ഷം കോടി രൂപ ജനങ്ങളുടെ കയ്യിലുണ്ടാകുമെന്നും ഇത് ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുമെന്നുമാണ് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത്. പുതിയ പരിഷ്‌കാരം നിലവില്‍ വരുമ്പോള്‍ മുന്‍പ് സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കിയിരുന്ന പല വസ്തുക്കള്‍ക്കും വില കുറയുന്നുണ്ട്. ഇത് സാധാരണക്കാരന്റെ ജീവിത നിലവാരത്തില്‍ വലിയ മാറ്റമുണ്ടാക്കും. ചിലവ് കുറയുകയും ചെയ്യും. ഏതെല്ലാം വസ്തുക്കള്‍ക്കാണ് വില കുറയുന്നത് എന്ന് നോക്കാം.

പുതിയ ഭേദഗതി നടപ്പിലാകുന്നതോടെ സാധാരണക്കാരന്റെ ജീവന്‍രക്ഷാ മരുന്നുകള്‍ക്കുണ്ടാകുന്ന വിലക്കുറവാണ് ഏറ്റവും പ്രധാനം. മാരക രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന സാധാരണക്കാര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് പരിഷ്‌കാരം. അര്‍ബുദത്തിനുള്ള മരുന്നുകള്‍ ഉള്‍പ്പെടേ 36 മരുന്നുകള്‍ക്ക് നികുതി പൂര്‍ണമായും ഒഴിവാകുകയും ബാക്കി മുരുന്നുകള്‍ക്കുള്ള നികുതി 5 ശതമാനമായി കുറയുകയും ചെയ്യുന്ന സ്ഥിതിയുണ്ട്. പതിനായിരക്കണക്കിന് രൂപ ചിലവഴിച്ച് വാങ്ങേണ്ട ഒട്ടനവധി മരുന്നുകള്‍ക്ക് ജി.എസ്.ടി പൂര്‍ണമായും ഒഴിവാക്കപ്പെടുകയാണ്. അതിലൂടെ വരുന്ന വില മാറ്റം ആയിരമോ രണ്ടിയരമോ അല്ല. ഇരുപത്തി അയ്യായിരം രൂപ വരെയായിരിക്കും. ഇത് സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കാതെ രക്ഷിക്കും. 36 ഇനം മരുന്നുകള്‍ക്ക് നികുതി പൂര്‍ണമായും ഒഴിവാക്കപ്പെടുകയും ബാക്കിയുള്ളവയ്ക്ക് ജിഎസ്ടി 5 ശതമാനമായി നിജപ്പെടുത്തുകയും ചെയ്യും.

മറ്റൊന്ന് നിത്യോപയോഗ സാധനങ്ങളില്‍ മിക്കവയ്ക്കും വില കുറയുന്നതാണ്. വെണ്ണ, നെയ്യ്, പാലുത്പന്നങ്ങള്‍, ഷാമ്പു, ഹെയര്‍ഓയില്‍, ടൂത്ത്പേസ്റ്റ്, ബ്രഷ്, സോപ്പ്, കുട്ടികളുടെ നാപ്കിന്‍, ക്ലിനിക്കല്‍ ഡയപ്പര്‍ തുടങ്ങിയവയ്‌ക്കെല്ലാം വില കുറയുമെന്ന് ഉറപ്പായിട്ടുണ്ട്. ഇന്ത്യന്‍ റൊട്ടിവിഭവങ്ങളും ഇനി ജിഎസ്ടി രഹിതമായിരിക്കും. ശീതീകരിച്ച പാല്‍ ഉല്‍പ്പന്നങ്ങള്‍, ബിസ്‌ക്കറ്റ്, ന്യൂഡില്‍സ്, ഡ്രൈഫ്രൂട്ട്‌സ് തുടങ്ങിയവയ്ക്കും വില കുറയും. സോപ്പ്, ഷാംപൂ, ഷേവിങ് ക്രീം, പെര്‍ഫ്യൂം എന്നിവയ്ക്ക് 18 ശതമാനത്തില്‍ നിന്ന് 5 ശതമാനത്തിലേക്കാണ് കുറയുന്നത്. 12 ശതമാനം ജിഎസ്ടി ഈടാക്കിയിരുന്ന നോട്ട് ബുക്ക് അടക്കമുള്ള സ്‌കൂള്‍ ഉപകരണങ്ങള്‍ക്ക് ജിഎസ്ടി പൂര്‍ണമായും ഇല്ലാതാകുന്നതോടെ കാര്യമായ വിലക്കുറവ് ഉണ്ടാകും.

പാക്കറ്റ് പൊറോട്ടകള്‍ക്ക് ഉണ്ടായിരുന്ന ജിഎസ്ടി 18 ശതമാനം എന്നത് പൂര്‍ണമായും ഒഴിവാക്കപ്പെടുന്നതോടെ പാക്കറ്റ് പൊറോട്ടകള്‍ക്കും ചപ്പാത്തികള്‍ക്കും വില കുറയുമെങ്കിലും അത് ഹോട്ടലില്‍ പോയി പൊറോട്ട കഴിക്കുന്നവര്‍ക്ക് സന്തോഷമുണ്ടാക്കുന്നില്ല. കാരണം, ഹോട്ടലിലെ പൊറോട്ടയ്ക്കും ചപ്പാത്തിക്കും ഒക്കെ പഴയ വില തന്നെ കൊടുക്കേണ്ടി വരും. പായ്ക്കുചെയ്ത ഭക്ഷണ സാധനങ്ങളില്‍ മിക്കവയ്ക്കും വില കുറയും. പക്ഷേ, അത് ഉത്പാദന മേഖലയില്‍ 40 ലക്ഷത്തിനു മുകളില്‍ വിറ്റുവരവുള്ള കമ്പനികള്‍ക്കാണ് ജിഎസ്ടി ഇല്ലാതാകുന്നത്. അതുകൊണ്ട് അവരിറക്കുന്ന പാക്കറ്റ് ഫുഡുകള്‍ക്ക് വില കുറച്ചു കൊടുത്താല്‍ മതിയാകും. ഇന്ത്യന്‍ റെയില്‍വേ പുറത്തിറക്കുന്ന റെയില്‍നീര്‍ കുപ്പിവെള്ളത്തിന്റെ വിലയില്‍ ഒരുരൂപയുടെ കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ലിറ്ററിന് 15 രൂപയായിരുന്നത് 14 രൂപയായും അര ലിറ്ററിന് 10 രൂപയില്‍നിന്ന് ഒന്‍പതുരൂപയായും കുറച്ചിട്ടുണ്ട്.

ഇടത്തരം വാഹനങ്ങളുടെ ജിഎസ്ടി 18 ശതമാനമാക്കി നിജപ്പെടുത്തി. കാര്‍നിര്‍മാണ കമ്പനികള്‍ ആനുകൂല്യം ഉപഭോക്താക്കളിലേക്ക് പൂര്‍ണമായി കൈമാറാന്‍ ഇതുവഴി തയ്യാറായി. മഹീന്ദ്രയുടെ ഥാര്‍ മുതല്‍ സ്‌കോര്‍പിയോയും എക്‌സ്.യുവി 700 അടക്കം ആഡംബര വാഹനങ്ങളുടെ വില കുറച്ചിട്ടുണ്ട്. ബൊലീറോ, എക്്‌സ്.യുവി 300 അടക്കമുള്ള വാഹനങ്ങള്‍ക്കും രണ്ടരലക്ഷം രൂപ വരെയാണ് കുറയുന്നത്. ചെറുകാറുകളുടെ ജിഎസ്ടി 18 ശതമാനമായത് അവയ്ക്കുള്ള സ്വീകാര്യത വര്‍ധിപ്പിക്കും. എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കുകള്‍ക്ക് വിലകുറയുമെന്ന് പ്രഖ്യാപിച്ചതോടെ മാരുതി സുസുക്കിയുടെ ഒട്ടുമിക്ക മോഡലുകള്‍ക്കും വിലക്കിഴിവ് പ്രഖ്യാപിക്കുകയും അത് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുകയും ചെയ്യും. എസ്പ്രസോ മോഡലിന് ഒന്നേകാല്‍ ലക്ഷത്തിലധികം വില കുറഞ്ഞപ്പോള്‍ ഓള്‍ട്ടോ കെ ടെന്നിന് ഒരുലക്ഷത്തിലധികമാണ് വിലക്കിഴിവ്,.

ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ടി.വി, എ.സി, ഡിഷ് വാഷര്‍, ഇന്‍വര്‍ട്ടര്‍ ബാറ്ററി എന്നിവയ്ക്ക് വന്‍ വിലക്കുറവുണ്ടാകും. ഗൃഹോപകരണ വിപണിയില്‍ പുതിയ ട്രെന്‍ഡുകള്‍ക്കും ഇത് തുടക്കമിടും. 32 ഇഞ്ചിന് മുകളിലുള്ള എല്‍.ഇ.ഡി ടി.വി, എ.സി, ഡിഷ് വാഷര്‍, ബാറ്ററി എന്നിവയുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനത്തിലേക്ക് കുറയുകയാണ്. അടിസ്ഥാനവിലയില്‍ നിന്ന് പത്തുശതമാനം വരെ കുറവുവരുമെന്നാണ് വിതരണക്കാര്‍ പറയുന്നത്. ഓണക്കാലത്ത് 35,000 രൂപ മുതല്‍ 80,000 രൂപ വരെ വിലയില്‍ വിറ്റ 50 മുതല്‍ 65 ഇഞ്ച് വരെയുള്ള ടിവികള്‍ക്ക് 3800 രൂപ മുതല്‍ 10000 രൂപ വരെ വില കുറയാനാണ് സാധ്യത. വലിപ്പം കൂടിയ ടിവിയുടെ വില കുറയുന്നതോടെ 32 ഇഞ്ച് ടിവി വൈകാതെ വിപണിയില്‍ നിന്ന് പുറത്താകുമെന്ന് വിതരണക്കാര്‍ കണക്കുകൂട്ടുന്നു.

എ.സിയ്ക്ക് എം.ആര്‍.പി വില 60000 രൂപയൊക്കെ ആണെങ്കിലും 50 ശതമാനം ഡിസ്‌കൗണ്ട് വരെ വിതരണക്കാര്‍ നല്‍കാറുണ്ട്. ത്രിസ്റ്റാര്‍ റേറ്റിങ്ങുള്ള ഒരു ടണ്ണിന്റെ എ.സിക്കാണ് ഡിമാന്റ്. 28500 മുതല്‍ 32000 രൂപവരെ വിലയുള്ള എസികള്‍ക്ക് 3000 മുതല്‍ 6000 വരെ വിലയില്‍ കുറവുവരുമെന്നാണ് കണക്കു കൂട്ടല്‍. 25,000 വരെ വില വരുന്ന അടിസ്ഥാന മോഡല്‍ ഡിഷ് വാഷറുകള്‍ മുതല്‍ 75,000 രൂപവരെ വിലയുള്ള ഡിഷ് വാഷറുകളുണ്ട്. അവയ്ക്ക് 3000 മുതല്‍ 7500 രൂപ വരെ ഡിഷ് വാഷറിന്റെ വിവിധ മോഡലുകള്‍ക്ക് വില കുറഞ്ഞേക്കും.

പുകയില, പാന്‍മസാല, ലോട്ടറി ആഡംബര വാഹനങ്ങള്‍, 20 ലക്ഷം മുതല്‍ 40 ലക്ഷം രൂപ വരെ വിലയുള്ള നാലുചക്ര ഇലക്ട്രിക് വാഹനങ്ങള്‍ 40 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ആഡംബര വാഹനങ്ങള്‍, 2,500 രൂപയില്‍ കൂടുതല്‍ വിലയുള്ള വസ്ത്രങ്ങള്‍, ചെരിപ്പുകള്‍, കാര്‍ബണേറ്റ് പാനീയങ്ങള്‍, മധുരം ചേര്‍ത്തുവരുന്ന ഫ്‌ളേവേഡ് പാനീയങ്ങള്‍ എന്നിവയ്ക്കാണ് വില കൂടുന്നത്. 999 രൂപ വരെയുള്ള വസ്ത്രങ്ങള്‍ക്ക് അഞ്ച് ശതമാനമായിരുന്നു ജിഎസ്ടി. അതില്‍ മാറ്റമുണ്ടാകില്ല. ആയിരം മുതല്‍ 2500 രൂപ വരെയെുള്ള വസ്ത്രങ്ങള്‍ക്ക് ചുമത്തിയിരുന്ന 12 ശതമാനം ജിഎസ്ടി 5 ശതമാനമായി കുറയും. അതിന് മുകളിലാണെങ്കില്‍ 12 ശതമാനം ജിഎസ്ടി 18 ശതമാനമായി ഉയരുകയും ചെയ്തു.

ജിഎസ്ടി കുറയുന്നത് സാധാരണക്കാരന്റെ ആഭ്യന്തര ഉത്പാദനം വര്‍ധിക്കുമെന്ന് പറയുന്നുണ്ടെങ്കിലും കേരളം അടക്കമുള്ള പല സംസ്ഥാനങ്ങളും ജിഎസ്ടി കുറയുന്നതിനെ എതിര്‍ത്ത് രംഗത്ത് വന്നിരുന്നു. നികുതി വരുമാനത്തിലുണ്ടാകാവുന്ന പ്രത്യാഘാതം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഒരു പഠനവും ഇല്ലാതെയാണ് പുതിയ ജിഎസ്ടി പരിഷ്‌കരണ പ്രഖ്യാപനം നടത്തിയിട്ടുള്ളതെന്ന് കേരളം നേരത്തെ വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ നിര്‍ദേശിച്ചിട്ടുള്ള നികുതി പരിഷ്‌കരണങ്ങള്‍ നടപ്പായാല്‍ കേരളത്തിന് ഏതാണ്ട് 8,000 മുതല്‍ 9,000 കോടി രൂപയുടെ അധിക വരുമാന നഷ്ടം ഉണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഒപ്പം ലോട്ടറിയുടെ നികുതി വര്‍ധിപ്പിക്കുന്നത് കേരള ലോട്ടറിയെ തകര്‍ക്കും എന്നും കേരളം അഭിപ്രായപ്പെട്ടിരുന്നു.

 

Scroll to Top