
കാണ്‍പൂര്‍: കേരളത്തെ നടുക്കിയ ഉത്ര വധക്കേസിനു സമാനമായി ഭാര്യയെ വിഷപ്പാമ്പിനെ തുറന്നുവിട്ടു കടിപ്പിച്ചു കൊല്ലാന്‍ ശ്രമം. കാണ്‍പൂരിലാണ് ഞെട്ടിക്കുന്ന സംഭവം. രേഷ്മ എന്ന യുവതിയെയാണ് ഭര്‍ത്താവ് ഷാനവാസ് കൊല്ലാന്‍ ശ്രമിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ടുള്ള നിരന്തര പീഡനത്തിനൊടുവില്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് യുവതിയെ റൂമില്‍ പൂട്ടിയിട്ട് പാമ്പിനെ തുറന്നുവിട്ടു കടിപ്പിക്കുകയായിരുന്നു. പാമ്പിന്റെ കടിയേറ്റ രേഷ്മയുടെ നില ഗുരുതരമാണ്. ഷാനവാസ് ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
സ്ത്രീധന പീഡനത്തെ ചൊല്ലി നടന്ന തര്‍ക്കത്തിനൊടുവിലാണ് സംഭവം. വേദനകൊണ്ടു പുളഞ്ഞ യുവതി നിലവിളിക്കുകയും സഹായത്തിനായി അപേക്ഷിക്കുകയും ചെയ്‌തെങ്കിലും ഭര്‍തൃവീട്ടുകാര്‍ പുറത്തിരുന്ന് ചിരിക്കുകയായിരുന്നു. പിന്നീട് രേഷ്മ സഹോദരിയെ ഫോണില്‍ വിളിച്ചു കാര്യം അറിയിച്ചു. സഹോദരി എത്തിയപ്പോള്‍ അവശനിലയിലായിരുന്നു രേഷ്മ.
2021ലായിരുന്നു ഷാനവാസിന്റെയും രേഷ്മയുടെയും വിവാഹം. വിവാഹത്തിനു ശേഷം ഒന്നര ലക്ഷം രൂപ ഷാനവാസിന്റെ കുടുംബത്തിനു നല്‍കിയിരുന്നു. അഞ്ചു ലക്ഷം വേണമെന്നായിരുന്നു ആവശ്യം. പലതവണ രേഷ്മയെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ഷാനവാസ് ശ്രമിച്ചിരുന്നുവെന്ന് രേഷ്മയുടെ കുടുംബം പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.



