
തിരുവനന്തപുരം: കേരളത്തില്‍ നടത്താനിരിക്കുന്ന സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ.രത്തന്‍ ഖേല്‍ക്കര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. കേരളത്തിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങള്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഇതുസംബന്ധിച്ച് അപേക്ഷ നല്‍കിയിരുന്നു. ഈ ആവശ്യങ്ങള്‍ പരിഗണിച്ചാണ് രത്തന്‍ ഖേല്‍ക്കര്‍, എസ്‌ഐആര്‍ നീട്ടിവയ്ക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് എസ്‌ഐആര്‍ നീട്ടിവെക്കണമെന്ന് രേഖാമൂലം ആവശ്യം അറിയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് തീരും വരെ നീട്ടണമെന്നാണ് ആവശ്യം.
കഴിഞ്ഞ ദിവസം വിളിച്ച സര്‍വ്വകക്ഷി യോഗത്തിലാണ് പ്രധാന രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നത്. എസ്‌ഐആറിന്റെ ചുമതലയുള്ള കളക്ടര്‍മാരും ഡെപ്യൂട്ടി കലക്ടര്‍മാരും തദ്ദേശ തെരഞ്ഞെടുപ്പിലെ റിട്ടേണിംഗ് ഓഫീസര്‍മാരായതിനാല്‍ നടപടികളില്‍ ആശയക്കുഴപ്പമുണ്ടാകുമെന്നാണ് ഉയരുന്ന ആശങ്ക. ഇത് കണക്കിലെടുത്താണ് എസ്‌ഐആര്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടത്. കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നവംബറിലോ ഡിസംബറിലോ ആയിരിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യം അംഗീകരിച്ചാല്‍ കേരളത്തിലെ എസ്‌ഐആര്‍ ഡിസംബറിന് ശേഷമായിരിക്കും നടപ്പാക്കുക
രാജ്യവ്യാപകമായി എസ്ഐആര്‍ നടപ്പാക്കാനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. രാജ്യവ്യാപക എസ്‌ഐആര്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്. സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് ദില്ലിയില്‍ ചേര്‍ന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. വിവിധ സംസ്ഥാനങ്ങള്‍ കഴിഞ്ഞ തവണ എസ്‌ഐആര്‍ നടത്തിയ തീയതിയും അതിനുശേഷമുള്ള സാഹചര്യവും യോഗത്തില്‍ വിശദീകരിച്ചിരുന്നു. 2002നും 2004നും ഇടയിലാണ് എല്ലാ സംസ്ഥാനങ്ങളിലും മുന്‍പ് എസ്‌ഐആര്‍ നടത്തിയത്. കേരളം 2002ലെ പട്ടിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.



