
കൊച്ചി: നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് ഹിമാചല്‍ പ്രദേശ് വഴി കടത്തിയെന്ന് സംശയിക്കുന്ന 20 ഓളം വാഹനങ്ങള്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി പിടിച്ചെടുത്തു. നികുതി വെട്ടിച്ച് കടത്തിയ കാറുകള്‍ കണ്ടെത്തുന്നതിന് കസ്റ്റംസും ഡിആര്‍ഐയും നടത്തുന്ന പരിശോധനയിലാണ് വിവിധയിടങ്ങളില്‍ നിന്നായി വാഹനങ്ങള്‍ പിടിച്ചെടുത്തത്. ഇതില്‍ 11 വാഹനങ്ങള്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നാണ് പിടിച്ചെടുത്തത്. കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഓഫീസിലേക്ക് എത്തിക്കും. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഏഴിടത്താണ് പരിശോധന നടന്നത്. കേരളത്തിലാകെ 30 ഇടങ്ങളില്‍ പരിശോധന നടന്നു.
നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്ക് 198 ആഡംബര വാഹനങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ഇതില്‍ കേരളത്തില്‍ എത്രയെണ്ണം ഉണ്ടെന്നടക്കമുള്ള കാര്യങ്ങളാണ് അധികൃതര്‍ പരിശോധിക്കുന്നത്. മുഴുവന്‍ വാഹനങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് കസ്റ്റംസ് നീക്കം. അതേസമയം, കേന്ദ്ര സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും വാഹനം വാങ്ങിയെന്ന വിവരവും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. നാഷണല്‍ ടിബി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി എന്നിവരാണ് വാഹനം വാങ്ങിയത്. രണ്ടു വാഹനങ്ങളും ബെംഗളൂരുവിലാണ് നിലവിലുള്ളത്.
ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ നികുതിവെച്ചിട്ട് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് രാജ്യവ്യാപകമായി കസ്റ്റംസ് റെയ്ഡ് നടത്തുന്നത്. മലയാള സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ് നടക്കുന്നുണ്ട്. പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്, ദുല്‍ഖര്‍ സല്‍മാന്റെ പനമ്പിള്ളി നഗറിലുള്ള വീട് എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. മമ്മൂട്ടിയുടെ പഴയ വീട്ടിലെ കാറുകള്‍ സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലും പരിശോധന നടത്തുന്നുണ്ട്. കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയിലുണ്ട്.
ഓപ്പറേഷന്‍ നുംഖാര്‍ എന്ന പേരിലാണ് സംസ്ഥാന വ്യാപക പരിശോധന നടക്കുന്നത്. ഭൂട്ടാന്‍ പട്ടാളം ഉപേക്ഷിച്ചത് അടക്കമുള്ള എസ്‌യുവികളാണ് ഇറക്കുമതി നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിച്ചത്. ഹിമാചല്‍ പ്രദേശ്, അരുണാചല്‍ പ്രദേശ്, യുപി തുടങ്ങിയ ഇടങ്ങളില്‍ എത്തിച്ച് വ്യാജ രജിസ്‌ട്രേഷന്‍ ഉണ്ടാക്കും. പിന്നീട് രാജ്യത്തെ പല ഭാഗങ്ങളിലേക്കും എത്തിച്ച് റി രജിസ്റ്റര്‍ ചെയ്യും. ഈ വാഹനങ്ങളാണ് സിനിമ താരങ്ങളും വ്യവസായികളും വാങ്ങിക്കൂട്ടിയത്. റവന്യൂ ഇന്റലിജന്‍സും കസ്റ്റംസും ഏറെ കാലമായി നടത്തിയ രഹസ്യ വിവരശേഖരണത്തിന് ഒടുവിലാണ് ഇന്നത്തെ റെയ്ഡ്.



