
കീവ്: യുക്രൈനെതിരെ യുദ്ധം ചെയ്യാന്‍ റഷ്യയ്ക്ക് ഇന്ത്യ സാമ്പത്തിക സഹായം നല്‍കുന്നെന്ന അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന തള്ളി യുക്രൈന്‍ പ്രസിഡണ്ട് വ്‌ളാദിമിര്‍ സെലന്‍സ്‌കി. ഇന്ത്യ മിക്കപ്പോഴും യുക്രൈന്റെ പക്ഷത്താണെന്നും അതേസമയം, ഊര്‍ജ്ജരംഗത്ത് ചില വെല്ലുവിളികള്‍ പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതില്‍ തനിക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്നും സെലന്‍സ്‌കി വ്യക്തമാക്കി. ഐക്യരാഷ്ട്രസഭാ പൊതുസഭയില്‍ ട്രംപ് നടത്തിയ പ്രസംഗത്തിന് മറുപടിയാണ് സെലന്‍സ്‌കിയുടെ വാക്കുകള്‍.
യുക്രൈന് എതിരായ യുദ്ധത്തിന് ഇന്ത്യയും ചൈനയുമാണ് റഷ്യയ്ക്ക് പ്രധാനമായും പണം നല്‍കുന്നതെന്നാണ് ട്രംപ് ആരോപിച്ചിരുന്നത്. എന്നാല്‍, ഇന്ത്യ മിക്കപ്പോഴും ഞങ്ങളോടൊപ്പമാണ് എന്നാണ് ഞാന്‍ കരുതുന്നത്. ഊര്‍ജമേഖലയില്‍ ഞങ്ങള്‍ക്ക് കുറച്ചു പ്രശ്നങ്ങളുണ്ട്. പക്ഷേ, പ്രസിഡന്റ് ട്രംപിന് അവ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നതെന്ന് സെലന്‍സ്‌കി പറഞ്ഞു. റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ ഇടപാടിനെക്കുറിച്ച് സംസാരിച്ച സെലന്‍സ്‌കി, ഇന്ത്യ വൈകാതെ സമീപനം മാറ്റുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു. ‘ഇന്ത്യയുടെ പിന്തുണ നഷ്ടപ്പെടാതിരിക്കാന്‍ നമ്മള്‍ ആവുന്നതെല്ലാം ചെയ്യണം. അപ്പോള്‍, അവരുടെ മനോഭാവം മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂറോപ്പുമായും ഇന്ത്യയുമായും കൂടുതല്‍ അടുത്ത സഹകരണം ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും അത് ഇന്ത്യയുടെ ഇപ്പോഴത്തെ നിലപാട് മാറ്റാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ട്രംപുമായുള്ള തന്റെ സമീപകാല സംഭാഷണങ്ങള്‍ കൂടുതല്‍ ക്രിയാത്മകമായിരുന്നുവെന്നും സെലന്‍സ്‌കി പറഞ്ഞു. ‘പ്രസിഡണ്ട് ട്രംപ് കൂടുതല്‍ പോസിറ്റീവായിരുന്നു. അവസാനം വരെ യുക്രൈനെ പിന്തുണയ്ക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു എന്ന തരത്തിലാണ് സംസാരിച്ചത്. റഷ്യന്‍ പ്രസിഡന്റ് പുടിനെക്കുറിച്ചും സെലന്‍സ്‌കി തുറന്ന് സംസാരിച്ചു. ‘യുദ്ധം അവസാനിപ്പിക്കാന്‍ പുതിന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, യുദ്ധത്തില്‍ അവര്‍ വിജയിക്കില്ലെന്നും അദ്ദേഹത്തിന് അറിയാം. പക്ഷേ, താന്‍ വിജയിക്കുമെന്നാണ് പുടിന്‍ എല്ലാവരോടും പറയുന്നതെന്നും സെലന്‍സ്‌കി പറഞ്ഞു.



