മലപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് അരീക്കോട് സ്വദേശിനി രേഖ; കുടുംബ കലഹമെന്ന് പൊലീസ്; ഭര്‍ത്താവ് മകളെ പീഡിപ്പിച്ച കേസിലും പ്രതി

മലപ്പുറം: അരീക്കോട് വടശേരിയില്‍ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് സ്വയം മുറിവേല്‍പിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. വെറ്റിലപ്പാറ സ്വദേശിയായ വിപിന്‍ദാസിന്റെ ആക്രമണത്തിലാണ് ഭാര്യ രേഖ കൊല്ലപ്പെട്ടത്. 38 വയസ്സായിരുന്നു. ബുധനാഴ്ച വൈകുന്നേരം മാരകായുധവുമായി വിപിന്‍ദാസ് ഭാര്യ രേഖയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഭാര്യയെ സ്ഥലത്തെത്തിയ പൊലീസ് സംഘം ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരിയിലേക്ക് മാറ്റി.

കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിനു ശേഷം സ്വയം മുറിവേല്‍പ്പിച്ച നിലയില്‍ കണ്ടെത്തിയ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയിലാണ്. സ്വന്തം മകളെ പീഡിപ്പിച്ച കേസിലും വിപിന്‍ദാസ് പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അരീക്കോട് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതി വിപിന്‍ദാസിനെ സ്ഥലത്തുനിന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വയം കഴുത്തറുത്ത് മരിക്കാന്‍ ശ്രമിച്ച ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

Scroll to Top