
കൊച്ചി: ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്തിന്റെ ഭാഗമെന്ന നിലയില്‍ തന്റെ വാഹനം പിടിച്ചെടുത്ത കസ്റ്റംസ് നടപടിക്കെതിരെ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചു. വ്യക്തി എന്ന നിലയില്‍ തന്റെ പ്രതിച്ഛായ മോശമാക്കുന്ന രീതിയിലാണ് മാധ്യമങ്ങളിലടക്കം വ്യാപക പ്രചാരണം കൊടുത്തതെന്നും വാഹനം പിടിച്ചെടുത്ത നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കിയാണ് താന്‍ വാഹനം സ്വന്തമാക്കിയതെന്നും എന്നാല്‍ രേഖകള്‍ പരിശോധിക്കാന്‍ പോലും തയാറാകാതെ കസ്റ്റംസ് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നെന്നും നടന്‍ ആരോപിക്കുന്നു.
കള്ളക്കടത്ത്, ലഹരി മരുന്ന്, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കൊക്കെ ഉപയോഗിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നു എന്ന തരത്തില്‍ വ്യാപകമായ പബ്ലിസിറ്റിയാണ് നല്‍കിയത്. എന്തു താല്‍പര്യത്തിന്റെ പുറത്താണ് അതെന്നറിയില്ല. എല്ലാ വിധത്തിലും നിയപരമായി റജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ് തന്റെ വാഹനമെന്ന് വ്യക്തമാക്കുന്ന ദുര്‍ഖര്‍ വാഹനം എങ്ങനെയാണ് താന്‍ വാങ്ങിയത് എന്നും ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്. ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്തിന്റെ ഭാഗമെന്ന നിലയില്‍ കഴിഞ്ഞ ദിവസമാണ് ദുല്‍ഖര്‍ സല്‍മാന്റെ തമിഴ്‌നാട് റജിസ്‌ട്രേഷനുള്ള 2004 മോഡല്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കസ്റ്റംസ് പിടിച്ചെടുത്തത്.
ഇന്‍വോയിസ് അനുസരിച്ച് ഇന്റര്‍നാഷനല്‍ കമ്മിറ്റി ഓഫ് ദി റെഡ് ക്രോസ് ന്യൂഡല്‍ഹിയിലെ റീജിണല്‍ ഡലിഗേഷനു വേണ്ടി ഇറക്കുമതി ചെയ്തതാണ് വാഹനം. അതിനു ശേഷം ഇതിന്റെ ഉടമസ്ഥര്‍ തമിഴ്‌നാട്ടിലെ പുതുക്കോട്ടെയിലുള്ള താജ് മഹല്‍ ടുബാക്കോ പ്രൈ. ലിമിറ്റഡാണ്. അതിന്റെ ഉടമസ്ഥന്‍ ഹബീബ് മുഹമ്മദില്‍ നിന്നാണ് താന്‍ വാഹനം വാങ്ങിയ ആര്‍തീ പ്രൊമോട്ടേഴ്‌സിന് വാഹനം ലഭിച്ചത് എന്നാണ് മനസിലാകുന്നതെന്നും ദുല്‍ഖര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 2016ല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി താജ് മഹല്‍ കമ്പനിയുടെ രേഖയും താന്‍ സമര്‍പ്പിച്ചിരുന്നതായി ദുല്‍ഖര്‍ വ്യക്തമാക്കി.
വാഹന കൈമാറ്റം എല്ലാ വിധത്തിലും നിയമവിധേയമാണെന്നും വാഹനം ഗതാഗത വകുപ്പില്‍ കൃത്യമായി റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന വിശ്വാസത്തിലാണ് താന്‍ വാഹനം വാങ്ങിയതെന്ന് ദുല്‍ഖര്‍ ഹര്‍ജിയില്‍ പറയുന്നു. വാഹനത്തിന്റെ ഇറക്കുമതിയും നിയമപരമാണെന്നാണ് ഇന്‍വോയിസും കസ്റ്റംസ് രേഖകളും തെളിയിക്കുന്നത് എന്നാണ് മനസിലായതും. അതല്ലാതെ 2004 മുതല്‍ ഒരു വാഹനം എങ്ങനെയൊക്കെ കൈമാറിയെന്ന് ഒരു വ്യക്തിക്ക് പരിശോധിച്ചറിയാനുള്ള സംവിധാനം ഇവിടെയില്ല എന്നും ദുല്‍ഖര്‍ ചൂണ്ടിക്കാട്ടുന്നു.
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് വന്നപ്പോള്‍ തന്റെ പ്രതിനിധി വാഹനം സംബന്ധിച്ച എല്ലാ രേഖകളും കൈമാറിയെങ്കിലും അതൊന്നു നോക്കുക കൂടി ചെയ്യാതെ അവ കൊണ്ടുപോവുകയായിരുന്നു. എന്തൊക്കെ രേഖകള്‍ സ്വീകരിച്ചു എന്നതും അറിയിച്ചില്ല. തുടര്‍ന്ന് ഈ മാസം 23ന് വാഹനം പിടിച്ചെടുക്കുകയായിരുന്നു. വാഹനം പിടിച്ചെടുത്തത് നിയമവിരുദ്ധവും അത് വിട്ടുനല്‍കണമെന്നുമാണ് ആവശ്യം.



