യു.കെയില്‍ അവാര്‍ഡ് സ്വീകരിക്കാന്‍ മേയര്‍ ആര്യ പോയത് നഗരസഭയുടെ ചിലവില്‍; യാത്രയ്ക്ക് ചിലവ് 2 ലക്ഷം രൂപ; പണം ചിലവഴിച്ചത് നഗരസഭയുടെ തനത് ഫണ്ടില്‍ നിന്ന്.

തിരുവനന്തപുരം: യു.കെ പാര്‍ലമെന്റ് ഹാളില്‍ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് പുരസ്‌കാരം സ്വീകരിക്കാന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ യാത്ര ചെയ്തത് നഗരസഭയുടെ ചിലവില്‍. നഗരസഭയുടെ തനത് ഫണ്ടില്‍ നിന്ന് 2 ലക്ഷം രൂപ ചിലവഴിച്ചാണ് മേയര്‍ യു.കെയിലേക്ക് പോയത്. വിമാന ടിക്കറ്റിനായി മാത്രം ചിലവിട്ടത് 1.31 ലക്ഷം രൂപയാണെന്നാണ് കണക്ക്. വീസയ്ക്ക് 15,000 രൂപയും ചിലവായി. ഭക്ഷണം, താമസം ഉള്‍പ്പെടെയുള്ളവയ്ക്കാണ് ബാക്കി തുക ചിലവായത്. കുറഞ്ഞ നിരക്കുള്ള ത്രീ സ്റ്റാര്‍ ഹോട്ടലിലായിരുന്നു മേയറുടെ താമസമെന്ന് അധികൃതര്‍ അറിയിച്ചു. യാത്രയ്ക്കുള്ള പണം തനതു ഫണ്ടില്‍നിന്ന് ചെലവഴിക്കാന്‍ കോര്‍പറേഷന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

സുസ്ഥിര നഗരവികസനം നടപ്പാക്കിയ രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മേയര്‍ എന്ന നിലയിലായിരുന്നു പുരസ്‌കാരം. കഴിഞ്ഞ ഓഗസ്റ്റ് 9 ന് പുത്തരിക്കണ്ടം മൈതാനത്ത് 6,000 കുട്ടികളെ പങ്കെടുപ്പിച്ച് നടത്തിയ സീഡ് ബോള്‍ നിര്‍മാണവും ലണ്ടനിലെ വേള്‍ഡ് ബുക്ക് ഓഫ് റിക്കോര്‍ഡ്‌സ് എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അവാര്‍ഡിനായി പരിഗണിച്ചു.

യുകെ പാര്‍ലമെന്റിലെ ഹൗസ് ഓഫ് കോമണ്‍സിലായിരുന്നു ചടങ്ങ്. ഇത് യുകെ പാര്‍ലമെന്റിന്റെ ഔദ്യോഗിക ചടങ്ങാണ് എന്ന തരത്തിലായിരുന്നു കോര്‍പറേഷനും ഇടത് അനുകൂലികളും പ്രചരിപ്പിച്ചത്. എന്നാല്‍ വാടകയ്‌ക്കെടുക്കാവുന്ന 4 ഹാളുകളിലൊന്നിലാണു ചടങ്ങ് നടത്തിയതെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നു.

Scroll to Top