നിമിഷപ്രിയയുടെ പേരില്‍ വ്യാജ പണപ്പിരിവ് നടത്തിയ കെ.എ പോളിനെതിരെ അന്വേഷണം; പരാതി അന്വേഷിക്കുന്നത് തെലങ്കാന പൊലീസ്., പണപ്പിരിവ് തട്ടിപ്പെന്ന് കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം: യെമനിലെ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനെന്ന പേരില്‍ വ്യാജ പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കെ.എ പോളിനെതിരെ അന്വേഷണം ആരംഭിക്കുന്നു. പോളിനെതിരെ കേരള പൊലീസിന് ലഭിച്ച പരാതി അന്വേഷണത്തിനായി തെലങ്കാന പൊലീസിന് കൈമാറി. സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലാണ് കേരള പൊലീസിന് പരാതി നല്‍കിയിരുന്നത്. ആക്ഷന്‍ കൗണ്‍സില്‍ ലീഗല്‍ അഡൈ്വസറും സുപ്രീംകോടതി അഭിഭാഷകനുമായ അഡ്വ. സുഭാഷ് ചന്ദ്രനാണ് കെ എ പോളിനെതിരെ പരാതി നല്‍കിയത്. നിമിഷപ്രിയയുടെ മോചനത്തിന് ആവശ്യമായ തുക പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്ന് നല്‍കണമെന്ന് സമൂഹമാധ്യമങ്ങളിലൂടെ കെ.എ പോള്‍ ആവശ്യപ്പെട്ടിരുന്നു. പോളിന്റെ പണപ്പിരിവ് തട്ടിപ്പാണെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

നിമിഷപ്രിയയുടെ മോചനത്തിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണമയക്കാം എന്നറിയിച്ചായിരുന്നു കെ എ പോള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ടിരുന്നത്. എന്നാല്‍, അത്തരമൊരു ധനസമാഹരണം നടത്തുന്നില്ലെന്നും പോസ്റ്റ് വ്യാജമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നിമിഷപ്രിയയ്ക്ക് വേണ്ടി കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ചര്‍ച്ച ചെയ്‌തെന്ന് അവകാശപ്പെട്ട് രംഗത്തുവന്ന കെ.എ പോള്‍, ജേക്കബ് ചെറുവള്ളി, സാമുവല്‍ ജെറോം തുടങ്ങിയവരുടെ നീക്കങ്ങളില്‍ കേന്ദ്രം സംശയം പ്രകടിപ്പിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങള്‍ വഴി കോടികളുടെ പണപ്പിരിവിനാണ് ഈ സംഘം ശ്രമിച്ചത്.

പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ 2017 മുതല്‍ യെമന്‍ ജയിലില്‍ തടവിലാണ്. സ്വദേശിയും സ്‌പോണ്‍സറുമായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. തലാലിന്റെ കുടുംബത്തെ കണ്ട് മോചനത്തിനായി നിമിഷയുടെ കുടുംബം ശ്രമിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല. വധശിക്ഷ നീട്ടിയതിന് പിന്നാലെ നിമിഷ പ്രിയയുടെ വധശിക്ഷ എത്രയും വേഗം നടപ്പിലാക്കണമെന്ന ആവശ്യവുമായി തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി രംഗത്തെത്തുകയും ചെയ്തിരുന്നു.

Scroll to Top