കൂടുതല്‍ അടുത്ത് പാകിസ്താനും അമേരിക്കയും; ട്രംപിന്റെ ആതിഥേയത്വം സ്വീകരിച്ച് ഷഹബാസും അസിം മുനീറും; കൂടിക്കാഴ്ച നീണ്ടുനിന്നത് 90 മിനിറ്റ്

വാഷിംഗ്ടണ്‍: അമേരിക്കയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനകളുമായി പാക് നേതാക്കള്‍ക്ക് വൈറ്റ് ഹൗസില്‍ ട്രംപിന്റെ വിരുന്ന്. പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫും പാക് സൈനിക മേധാവി അസിം മുനീറും വൈറ്റ് ഹൗസില്‍ യു.എസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ ആതിഥേയത്വം സ്വീകരിച്ചു. സെപ്തംബര്‍ 25ന് നടന്ന കൂടിക്കാഴ്ച 90 മിനിറ്റോളം നീണ്ടുനിന്നതായി പറയപ്പെടുന്നു. എന്നാല്‍, കൂടിക്കാഴ്ചയിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. അമേരിക്കയും പാകിസ്താനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയായാണ് കൂടിക്കാഴ്ചയെ അന്താരാഷ്ട്ര വിദഗ്ധര്‍ വിലയിരുത്തുന്നത്.

യുഎസ് വൈസ് പ്രസിഡണ്ട് ജെ.ഡി. വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നതായി അറിയുന്നു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് ഷഹബാസ് ഷരീഫ് യുഎസില്‍ എത്തിയത്. ട്രംപും ഷരീഫും മുനീറും തമ്മിലുള്ള ചര്‍ച്ചകളില്‍ സുരക്ഷ, സാമ്പത്തിക സഹകരണം, ഭീകരവിരുദ്ധ പ്രവര്‍ത്തനം, നിക്ഷേപ അവസരങ്ങള്‍ എന്നിവ ഉള്‍പ്പെട്ടതായി പാക് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കൃഷി, സാങ്കേതികവിദ്യ, ഖനനം, ഊര്‍ജ്ജം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ രാജ്യത്ത് നിക്ഷേപം നടത്താന്‍ അമേരിക്കന്‍ കമ്പനികളെ പാക് പ്രധാനമന്ത്രി ക്ഷണിച്ചതായും റിപ്പോര്‍ട്ടുണ്ട്. പാകിസ്താനിലെ അപൂര്‍വ ഭൗമ ധാതുക്കള്‍, ക്രിപ്റ്റോ മൈനിങ് സാധ്യതകള്‍, എണ്ണ പര്യവേക്ഷണം എന്നിവയില്‍ യുഎസ് താത്പര്യം പ്രകടിപ്പിച്ചതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സുരക്ഷ, സാമ്പത്തികം, തന്ത്രപരമായ പങ്കാളിത്തം എന്നിവയില്‍ വിപുലമായ സഹകരണം വികസിപ്പിക്കാന്‍ വാഷിംഗ്ടണും ഇസ്ലാമാബാദും പരസ്പരം തീരുമാനിച്ചതായും പ്രസ്താവനകളില്‍ പറയുന്നു. ഗാസയിലെ യുദ്ധം ഉടനടി അവസാനിപ്പിക്കാനുള്ള പ്രസിഡണ്ട് ട്രംപിന്റെ ശ്രമങ്ങളെ ഷരീഫ് പ്രശംസിക്കുകയും ചെയ്തു. യുഎസും പാകിസ്താനും വൈകാതെ തന്നെ സമഗ്രമായ ഒരു കരാറില്‍ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

പാകിസ്താന്‍-സൗദി പരസ്പര പ്രതിരോധ കരാറിനെയും, പശ്ചിമേഷ്യയിലും ദക്ഷിണേഷ്യയിലും സമാധാനം പ്രോത്സാഹിപ്പിക്കുന്നതില്‍ പാകിസ്താന്‍ നേതൃത്വം വഹിക്കുന്ന ക്രിയാത്മകമായ പങ്കിനെയും ട്രംപ് സ്വാഗതം ചെയ്തതായാണ് വിവരം. ജനുവരിയില്‍ ട്രംപ് വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയതിന് ശേഷം യുഎസും പാകിസ്താനും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പാക് പ്രധാനമന്ത്രി അധികാരമേറ്റതിന് ശേഷം ട്രംപും ഷരീഫും തമ്മില്‍ വൈറ്റ് ഹൗസില്‍ നടക്കുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.

Scroll to Top