
പത്തനംതിട്ട: ശബരിമലയില്‍ നിന്ന് ദ്വാരപാലക പീഠം കാണാതായ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. കാണാതായെന്ന് പറയപ്പെടുന്ന പീഠം അത് സമര്‍പിച്ച സ്‌പോണ്‍സറുടെ ബന്ധുവീട്ടില്‍ നിന്ന് തന്നെ കണ്ടെത്തി. സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ വീട്ടില്‍ നിന്നാണ് ദേവസ്വം വിജിലന്‍സ് പീഠം കണ്ടെത്തിയത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് വിജിലന്‍സ് സംഘം അന്വേഷണം നടത്തി പീഠം കണ്ടെത്തിയത്. വിജിലന്‍സ് സംഘം ദേവസ്വം ബോര്‍ഡിന്റെ എല്ലാ സ്ട്രോങ് റൂമുകളും പരിശോധിച്ചിരുന്നു. ഒടുവിലാണ് പരാതിക്കാരനായ സ്‌പോണ്‍സറുടെ ബന്ധുവീട്ടില്‍ നിന്നും പീഠം കണ്ടെത്തിയത്. സ്വര്‍ണപീഠം തിരുവനന്തപുരത്തെ സ്‌ട്രോങ്ങ് റൂമിലേക്ക് മാറ്റി.
2021-ലാണ് ദ്വാരപാലക സ്വര്‍ണപീഠം കാണാതായതായി പറയപ്പെടുന്നത്. എന്നാല്‍, അന്നുമുതല്‍ തന്നെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജോലിക്കാരനായ വാസുദേവന്റെ വീട്ടില്‍ പീഠം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. വിഷയത്തില്‍ കോടതി ഇടപെട്ടതോടെ പീഠം ഉണ്ണികൃഷ്ണന്‍ പോറ്റിയെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. ഇക്കഴിഞ്ഞ പതിമൂന്നിനാണ് സഹോദരിയുടെ വീട്ടിലേക്ക് പീഠം മാറ്റിയത്. അന്വേഷണത്തിന്റെ ഭാഗമായി ഉണ്ണികൃഷ്ണന്‍ പോറ്റിയെ വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. പിന്നാലെ ഇദ്ദേഹത്തിന്റെ തിരുവനന്തപുരത്തെയും ബെംഗളൂരുവിലെയും വീട്ടില്‍ പരിശോധനയും നടത്തിയിരുന്നു. പീഠം വാസുദേവന്റെ വീട്ടില്‍ ഉണ്ടെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പരാതിയിലും ആരോപണങ്ങളിലും ദുരൂഹതയുണ്ടെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നു. ശബരിമല ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വര്‍ണ പീഠംകൂടി നിര്‍മിച്ച് നല്‍കിയിരുന്നതായും ഇവ കാണാതായെന്നുമാണ് സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ആരോപിച്ചത്. ഇതേതുടര്‍ന്ന് ഹൈക്കോടതി പീഠം അന്വേഷിച്ച് കണ്ടെത്താന്‍ നിര്‍ദേശം നല്‍കി. ഇതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സിനെ നിയോഗിച്ചിരുന്നു. ദേവസ്വം വിജിലന്‍സിന്റെ അന്വേഷണത്തിലാണ് പീഠം കണ്ടെത്തിയത്.
2019-ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലായിരുന്നു ചെമ്പുപാളികള്‍ക്ക് സ്വര്‍ണംപൂശിയിരുന്നത്. ആ ഘട്ടത്തില്‍ തന്നെ ദ്വാരപാലക ശില്‍പങ്ങള്‍ക്ക് പീഠംകൂടി നിര്‍മിച്ചുനല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ചെന്നൈയിലെ സ്ഥാപനം തന്നെയാണ് പീഠം നിര്‍മിച്ചത്. മൂന്നുപവന്‍ സ്വര്‍ണമാണ് ഉപയോഗിച്ചത്. മറ്റുലോഹങ്ങളും കൂടി ചേരുന്നതായിരുന്നു ഈ പീഠം. കോവിഡ് നിയന്ത്രണങ്ങളുള്ള സമയമായതിനാല്‍ ഒരു കൂട്ടം ഭക്തരെയേല്‍പിച്ച് സന്നിധാനത്ത് എത്തിക്കുകയായിരുന്നു.
എന്നാല്‍, പീഠം ഘടിപ്പിക്കുന്ന വേളയില്‍ അളവില്‍ വ്യത്യാസമുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഇദ്ദേഹത്തെ അറിയിച്ചു. പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നാണ് സ്പോണ്‍സര്‍ അന്ന് പറഞ്ഞത്. പീഠം നല്‍കിയതായും അളവിലെ വ്യത്യാസം കാരണം ദ്വാരപാലക ശില്‍പ്പത്തില്‍ ഘടിപ്പിക്കാന്‍ സാധിച്ചില്ലെന്നും മാത്രമാണ് അറിയാനായതെന്നും അന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞിരുന്നു.



