
ചെന്നൈ: നടന് വിജയിയുടെ രാഷ്ട്രീയ വിശദീകരണ റാലിയില്‍ തിക്കിലും തിരക്കിലും 40 പേര് കൊല്ലപ്പെട്ട സംഭവത്തില്‍ തമിഴക വെട്രിക്കഴകത്തിന്റെ വാദങ്ങള്‍ തള്ളി പൊലീസ്. കരൂരിലുണ്ടായ ദുരന്തത്തില്‍ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് തമിഴ്നാട്ടിലെ ക്രമസമാധന ചുമതലയുള്ള എഡിജിപി ഡേവിഡ്സണ് ദേവാശിര്‍വാദം വ്യക്തമാക്കി. ടിവികെ പരിപാടിക്ക് അപേക്ഷ നല്‍കിയത് 23 നാണ്. ലൈറ്റ് ഹൌസ് റൗണ്ട് ആണ് ആദ്യം പരിപാടിക്കായി ആവശ്യപ്പെട്ടത്. ഇത് വളരെ റിസ്കുള്ള സ്ഥലമായിരുന്നു. തൊട്ടടുത്ത് നദിയും പെട്രോള്‍ പമ്പും ഒക്കെ ഉണ്ട്. അതുകൊണ്ടുതന്നെ ഇവിടെ ഇത്രയും അധികം ആളുകള്‍ക്ക് ഒരുമിച്ചു കൂടാന്‍ കഴിയാത്തതിനാല്‍ അനുമതി നിഷേധിച്ചു.
രണ്ടാമത് മറ്റൊരു മാര്‍ക്കറ്റില്‍ പരിപാടി നടത്താന്‍ അപേക്ഷ നല്‍കിയെങ്കിലും വളരെ ചെറിയ സ്ഥലം ആയതിനാല്‍ അപേക്ഷ നിരസിച്ചു. വേലുച്ചാമിപുരം സാധാരണ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങള്‍ നടക്കാറുള്ള സ്ഥലത്താണ്. സാധാരണ രാഷ്ട്രീയപാര്‍ട്ടികള്‍ പരിപാടി നടത്തുമ്പോള്‍ 12000 മുതല്‍ 15,000 പേര് വരെയാണ് എത്താറുള്ളതെന്നും അതിനാലാണ് വേലുച്ചാമിപുരത്ത് അനുമതി നല്‍കിയതെന്നും അദ്ദേഹം പ്രതികരിച്ചു. ഇവിടെ പരിപാടി നടത്താന്‍ അപേക്ഷ നല്‍കുന്നത് വെള്ളിയാഴ്ചകളിലാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ഹൈ റിസ്ക് കാറ്റഗറി എന്ന് വിശേഷിപ്പിക്കുന്ന കൂട്ടമാണ് കരൂരില്‍ എത്തിയത്. 20 പേര്‍ക്ക് ഒരു പൊലീസ് എന്ന നിലയില്‍ സുരക്ഷയൊരുക്കിയിരുന്നതായും തിരിച്ചിരപ്പള്ളി., പെരുംബാളൂര്‍ , നാഗപ്പട്ടണം എന്നിങ്ങനെയാണ് പൊലീസിനെ വിന്യസിച്ചതെന്നും എഡിജിപി വ്യക്തമാക്കി. പരിപാടിയില്‍ കല്ലേറ് ഉണ്ടായിട്ടില്ലെന്നും എഡിജിപി വ്യക്തമാക്കി. നാമക്കലിലും കരൂറും വിജയ് എത്താന്‍ വൈകിയിരുന്നു.
അതേസമയം, കരൂര്‍ ദുരന്തത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി നാളെ പരിഗണിക്കും. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് കേസ് പരിഗണിക്കുക. കരൂര്‍ ദുരന്തത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഹര്‍ജിയിലെ ടിവികെയുടെ ആരോപണം. റാലിക്കിടെ പൊലീസ് ലാത്തിവീശിയെന്നും ദുരന്തം നടക്കുന്നതിന് മുമ്പ് റാലിക്കുനേരെ കല്ലേറുണ്ടായെന്നും ടിവികെ കോടതിയില്‍ ആരോപിച്ചക്കുന്നു. ദുരന്തത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യങ്ങളടക്കം സ്വതന്ത്രമായി അന്വേഷിക്കണമെന്നുമാണ് ടിവികെയുടെ ആവശ്യം. അതേസമയം, കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന്റെ തുടര്‍നടപടികളുടെ ഭാഗമായി പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ അടിയന്തര യോഗം ചേര്‍ന്നു. ക്രമസമാധാന ചുമതലയുള്ള തമിഴ്നാട് എഡിജിപി എസ് ഡേവിഡ്സണിന്റെ നേതൃത്വത്തിലാണ് കരൂരില്‍ യോഗം നടന്നത്.



