ലഡാക്ക് ജനതയെയും സംസ്‌കാരത്തെയും ബിജെപിയും ആര്‍എസ്എസും ആക്രമിക്കുന്നു; ലഡാക്കിനെ ആറാം ഷെഡ്യൂളില്‍ ഉള്‍പെടുത്തണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ലഡാക്കിനെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ലഡാക്കിലെ ജനതയെയും സംസ്‌കാരത്തെയും പാരമ്പര്യത്തെയും ബിജെപിയും ആര്‍എസ്എസും ആക്രമിക്കുകയാണ്. ലഡാക്ക് ജനത ഒരു ശബ്ദം ആവശ്യപ്പെട്ടു. സോനം വാങ് ചുകിനെ ജയിലില്‍ അടച്ചും, നാലുപേരെ കൊലപ്പെടുത്തിയും ആണ് ബിജെപി ഇതിനോട് പ്രതികരിച്ചതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ലഡാക്കില്‍ അക്രമവും ഭീഷണിപ്പെടുത്തലും നിര്‍ത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

ആറാം ഷെഡ്യൂള്‍ പ്രകാരം സംസ്ഥാന പദവിയും സംരക്ഷണവും ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമായി മാറിയതിന് രണ്ട് ദിവസത്തിന് ശേഷം, പരിസ്ഥിതി പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ സോനം വാങ്ചുകിനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ദേശീയ സുരക്ഷാ നിയമം പ്രകാരം അറസ്റ്റിലായ വാങ്ചുക്കിനെ രാജസ്ഥാനിലെ ജോധ്പൂര്‍ ജയിലിലേക്ക് മാറ്റി. മൂന്നുപാളി സുരക്ഷയ്ക്ക് പേരുകേട്ട ജോധ്പൂര്‍ ജയിലിലെ ഏകാന്ത സെല്ലിലായിരിക്കും സോനം വാങ്ചുക്കിനെ പാര്‍പ്പിക്കുക എന്നാണ് അറിവ്. സിസിടിവിയുടെ സഹായത്തോടെ നിരന്തരം വാങ്ചുകിനെ നിരീക്ഷിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

എന്തുകൊണ്ടാണ് വാങ്ചുക്കിനെ ജോധ്പൂര്‍ ജയിലില്‍ പാര്‍പ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല. ലഡാക്കില്‍ നിന്നുള്ള അദ്ദേഹത്തിന്റെ അനുയായികളുടെ വന്‍ പ്രതിഷേധം ഒഴിവാക്കാന്‍ ഇത് സഹായിക്കുമെന്നത് ഒരു ഘടകമാണ്. സിറ്റി പൊലീസ് കമ്മീഷണറും ഉള്‍പ്പെട്ടിരുന്ന കനത്ത സുരക്ഷാ വിന്യാസത്തില്‍ പ്രത്യേക വിമാനത്തിലാണ് വാങ്ചുക്കിനെ ജയില്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോയത്.

Scroll to Top