എന്‍എസ്എസിന് സിപിഐഎമ്മുമായി അടുപ്പമുണ്ടെന്ന് തോന്നുന്നില്ല; കോണ്‍ഗ്രസിന് ആരോടും അകല്‍ച്ചയില്ല; സുകുമാരന്‍ നായരെ നേരില്‍ കാണുമെന്ന് അടൂര്‍ പ്രകാശ്

തിരുവനന്തപുരം: എന്‍എസ്എസ് ശബരിമല വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച ഘട്ടത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പി. എന്‍എസ്എസുമായോ ഒരു സാമൂദായിക സംഘടനകളുമായോ അകല്‍ച്ചയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ സമുദായ സംഘടനകളുമായും നല്ല ബന്ധമാണുള്ളത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ നേരില്‍ കാണുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎമ്മുമായി സുകുമാരന്‍ നായര്‍ക്ക് അനുഭാവമുള്ളതായി തോന്നുന്നില്ല. അദ്ദേഹത്തിനെതിരെ ഫ്‌ളക്‌സ് ഉയര്‍ത്തിയത് ആരാണെന്ന് അറിയില്ല. മാധ്യമങ്ങളില്‍ കണ്ടാണ് താന്‍ ഈ വിവരം അറിയുന്നതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ശബരിമലയിലെ സ്വര്‍ണപീഠത്തിലെ തൂക്കം കുറഞ്ഞ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. സ്വര്‍ണപീഠത്തിന്റെ തൂക്കം കുറഞ്ഞത് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തട്ടെ വിജിലന്‍സ് കേസില്‍ തനിക്കെതിരെ അപ്പീല്‍ പോകുന്നത് തിരഞ്ഞെടുപ്പിന്റെ ഭാഗമാണെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.

അതേസമയം, ഇന്നും സുകുമാരന്‍ നായര്‍ക്കെതിരെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. ഷൊര്‍ണൂര്‍ നഗരത്തിലാണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി നായര്‍ സമുദായത്തെ പണയപ്പെടുത്തിയ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ രാജിവെക്കുക എന്ന സന്ദേശവുമായി സേവ് എന്‍എസ്എസ് എന്ന പേരിലാണ് കറുത്ത നിറത്തിലുള്ള ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്.

Scroll to Top