
കൊല്ലം: കൊല്ലം ജില്ലയിലെ ആയൂരില്‍ ഇന്നലെ ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാര്‍ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് മിന്നല്‍ പരിശോധന നടത്തിയിരുന്നു. ബസ്സിനുള്ളിലെ മാലിന്യം നീക്കം ചെയ്യാത്തതിന് മന്ത്രി ജീവനക്കാരെ ശകാരിക്കുകയും ചെയ്തു. ഇപ്പോഴിതാ മന്ത്രി തടഞ്ഞ ബസ്സിന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റും ഇല്ലെന്ന് കണ്ടെത്തിയിരിക്കുകയാണ്. പൊന്‍കുന്നം ഡിപ്പോയിലെ ഈ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സിന്റെ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി 2025 ആഗസ്ത് ഏഴിന് അവസാനിച്ചതാണ്. രണ്ടുമാസത്തോളമായി മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് ബസ് ഓടുന്നതെന്ന് സാരം.
ബസിനുള്ളില്‍ പ്ലാസ്റ്റിക് കുപ്പി കിടന്നതിനായിരുന്നു ഇന്നലെ കൊല്ലം ആയൂരില്‍ പൊന്‍കുന്നം ഡിപ്പോയിലെ ബസ് തടഞ്ഞു നിര്‍ത്തി മന്ത്രി പരിശോധന നടത്തിയത്. ബസിലെ മാലിന്യം നീക്കം ചെയ്യാത്തതിന് കണ്ടക്ടറെയും ഡ്രൈവറെയും ശകാരിക്കുകയും ചെയ്തിരുന്നു. മന്ത്രിയുടെ നടപടി പ്രശംസയ്ക്കും വിമര്‍ശനത്തിനും ഇടയാക്കിയിട്ടുണ്ട്. പരസ്യ പ്രതികരണത്തിലേക്ക് കടന്നില്ലെങ്കിലും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും അതൃപ്തിയുണ്ട്.
കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പൊന്‍കുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചറാണ് ബസിന്റെ മുന്‍വശത്ത് പ്ലാസ്റ്റിക് മാലിന്യം കണ്ടതോടെ ഔദ്യോഗിക വാഹനത്തില്‍ മന്ത്രി പിന്നാലെ എത്തി തടഞ്ഞത്. ബസിന്റെ മുന്നില്‍ കിടന്ന പ്ലാസ്റ്റിക്ക് കുപ്പികള്‍ നീക്കം ചെയ്യാത്തതിന് ജീവനക്കാരെ പരസ്യമായി ശകാരിച്ചു. ബസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് സിഎംഡിയുടെ നോട്ടീസ് ഉണ്ടെന്നും ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഒരിക്കലും കെഎസ്ആര്‍ടിസി ബസുകള്‍ ഇങ്ങനെ വൃത്തികേടാക്കരുതെന്നും പൊതുഗതാഗത സംവിധാനമാണെന്നും ജീവനക്കാരോട് പറഞ്ഞാണ് മന്ത്രി മടങ്ങിപ്പോയത്.



