വിദേശകാര്യ മന്ത്രാലയ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യാക്ഷനായി ശശി തരൂര്‍ തുടരും; തരൂരിനെ വീണ്ടും നിര്‍ദേശിച്ച് സോണിയാഗാന്ധി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന് അനുവദിക്കപ്പെട്ട പാര്‍ലമെന്ററി വിദേശകാര്യ മന്ത്രാലയ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ തുടരും. അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിനെ വീണ്ടും നിര്‍ദേശിച്ച് സോണിയ ഗാന്ധി സ്പീക്കര്‍ക്ക് കത്ത് നല്‍കി. കഴിഞ്ഞ സെപ്തംബറിലാണ് വിദേശകാര്യ മന്ത്രാലയ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് ശശി തരൂരിനെ കോണ്‍ഗ്രസ് നിയോഗിച്ചത്. ഉപഭോക്തൃകാര്യ-ഭക്ഷ്യ-പൊതുവിതരണ കമ്മറ്റി അധ്യക്ഷയായി ഡിഎംകെ എംപി കനിമൊഴിയും തുടരും.

ഓപ്പറേഷന്‍ സിന്ദൂരിലടക്കം നരേന്ദ്രമോദിയെ നിരന്തരം പ്രശംസിച്ച ശശി തരൂര്‍ നേതൃത്വത്തിന് അനഭിമതനായിരുന്നു. എന്നാല്‍, നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം, ശശി തരൂര്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് വേദിയിലെത്തിയിരുന്നു. പിണറായി സര്‍ക്കാരിനെതിരെ മഹിളാ കോണ്‍ഗ്രസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ പരിപാടിയിലാണ് തരൂര്‍ പങ്കെടുത്തത്.

തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ പാര്‍ട്ടി വേദികളില്‍ കൂടുതല്‍ സജീവമാകണമെന്ന് തരൂരിനോട് എഐസിസി ആവശ്യപ്പെട്ടതായാണ് വിവരം. പാര്‍ട്ടിയെ അടിക്കടി പ്രതിരോധത്തിലാക്കുന്ന തരൂരിനെതിരെ എഐസിസി നടപടിയെടുക്കണമെന്ന് സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കള്‍ക്ക് അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍ കേരളത്തില്‍ അധികാരത്തില്‍ തിരിച്ചു വരാന്‍ തരൂരും വേണമെന്നായിരുന്നു മറുചേരിയുടെ പക്ഷം.

Scroll to Top